ഫർസാനയും മാതാവ് ഫൗസിയയും
കൊച്ചി: മകള്‍ക്ക് വൃക്ക നല്‍കാന്‍ ഈ മാതാവ് തയ്യാറാണ്. പക്ഷേ, പണമാണ് പ്രശ്‌നം. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പതിനേഴുകാരിയായ മകള്‍ ഫര്‍സാനയുടെ ജീവന്‍ രക്ഷിക്കാന്‍ ഫൗസിയ സഹായം തേടുന്നത്. രണ്ട് വൃക്കകളും തകരാറിലായി എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഫര്‍സാന. കരളിനും പ്രശ്‌നങ്ങളുണ്ട്. ജന്മനാ കാഴ്ചയില്ലാത്ത ഫര്‍സാന, മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയാണ്. പക്ഷേ, പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാന്‍ ഫര്‍സാന ശ്രമിച്ചിരുന്നു. ചേരാനല്ലൂരിലെ വാടകവീട്ടില്‍ നിന്ന് പഠനത്തിനായാണ് കീഴ്മാട് അന്ധവിദ്യാലത്തില്‍ ഏതാനും വര്‍ഷം മുമ്പ് എത്തിയത്.
കോവിഡിന് മുമ്പുവരെ കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോയി. മൂന്നുമാസം മുമ്പാണ് കോവിഡ് ബാധിക്കുന്നത്. അതിനു ശേഷമാണ് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത്. എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് വൃക്കകള്‍ക്കും കരളിനും തകരാര്‍ കണ്ടെത്തിയത്. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തണം. വൃക്ക മാറ്റിവെച്ചാല്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകള്‍ക്കോ ടെസ്റ്റുകള്‍ക്കോ പോലും പണമില്ലാത്ത കുടുംബത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്.
പെയിന്റിങ് തൊഴിലാളിയായ പിതാവ് നൗഷാദിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഇവര്‍ കഴിയുന്നത്. വാടകപോലും കൊടുക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഫൗസിയയുടെ വൃക്ക യോജിക്കുമോ എന്ന പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, വൃക്ക മാറ്റിവെച്ചതിന് ശേഷം തനിക്കും വിശ്രമം വേണ്ടിവന്നാല്‍ ഭിന്നശേഷിക്കാരിയായ മകളെ ആര് നോക്കുമെന്ന നിസ്സഹായതയിലാണ് ഇവര്‍.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കാനായില്ല
ഭിന്നശേഷി വിഭാഗത്തില്‍ പെന്‍ഷന്‍പോലും ഇതുവരെ ഫര്‍സാനയ്ക്ക് ലഭിച്ചിട്ടില്ല. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. 2015-ല്‍ ഫര്‍സാനയ്ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2018-ല്‍ കാലാവധി തീര്‍ന്നു. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട് കാര്‍ഡ് പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനായ 'സക്ഷമ' സഹായം നല്‍കിയെങ്കിലും കാരുണ്യമുള്ളവരുടെ കൂടുതല്‍ സഹായം ലഭിച്ചാലേ ഫാര്‍സാനയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് സക്ഷമ ജില്ലാ സെക്രട്ടറി പ്രദീപ പറയുന്നു.
ഫര്‍സാനയ്ക്ക് സഹായമെത്തിക്കാന്‍
ഗൂഗിള്‍ പേ- 9947952863
യൂക്കോ ബാങ്ക് അക്കൗണ്ട് നമ്പര്‍ -04310110012307
എ.എഫ്.എസ്. കോഡ്-UCBA 0000431
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..