തിരുവനന്തപുരം: ആഭ്യന്തര വിമാനയാത്രകള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് ഇപ്പോള്‍ ട്രെയിനില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അതേ സുരക്ഷാ ക്രമീകരണങ്ങളും ക്വാറന്റീന്‍ രീതിയുമായിരിക്കും ഏര്‍പ്പെടുത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

റിവേഴ്‌സ് ക്വാറന്റീന്‍ സംബന്ധിച്ച് ബോധവല്‍ക്കരണമാണ് സര്‍ക്കാര്‍ ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതുകൊണ്ട് ഫലം ഉണ്ടാവുന്നില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന സ്‌കൂളുകള്‍ പരീക്ഷാ സെന്ററുകള്‍ ആക്കില്ല എന്നും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും ശമ്പളത്തിന്റെ കാര്യത്തില്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ വേണ്ട എന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നത് എന്നാല്‍ കേരളത്തിലേക്ക് താമസിക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഒറ്റ ദിവസത്തെ ആവശ്യത്തിന് വേണ്ടി വരുന്നവര്‍ 14 ദിവസം കേരളത്തില്‍ തന്നെ ക്വാറന്റീനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ പറയില്ല. 

അതേസമയം, അവര്‍ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. ഇവിടെ താമസിക്കാന്‍ വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ടേ പുറത്തിറങ്ങാന്‍ പറ്റുള്ളൂ. തീവണ്ടി യാത്രക്കാര്‍ക്ക് ഇപ്പോള്‍ തന്നെ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും അതിന്റെ ഭാഗമായുള്ള ക്വാറന്റീന്‍ രീതിയുമുണ്ട്. ഈ ക്വാറന്റീന്‍ രീതി തന്നെയായിരിക്കും കേരളത്തിലേക്ക് വരുന്ന വിമാനയാത്രക്കാരുടെ കാര്യത്തിലും ഉണ്ടാവുക. 

കേരളത്തിന്റെ ജാഗ്രതാ സൈറ്റ് തയ്യാറാക്കുമ്പോള്‍ വിമാന സര്‍വ്വീസുകള്‍ തുടങ്ങിയിരുന്നില്ല. സൈറ്റില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ചേര്‍ക്കും. കുവൈറ്റില്‍നിന്നു മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല  എന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു വരുന്നതിന് സര്‍ക്കാര്‍ ഒരുതരത്തിലുള്ള തടസ്സവും സൃഷ്ടിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. 

സംസ്ഥാനത്തിന്റെ പ്രത്യേകമായ അംഗീകാരം ആവശ്യമുണ്ടെങ്കില്‍ അക്കാര്യത്തില്‍ നേരത്തേ തന്നെ അംഗീകാരം നല്‍കാനുള്ള സന്നദ്ധത സര്‍ക്കാര്‍ പല ഘട്ടങ്ങളിലും അറിയിച്ചിട്ടുമുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനെ ബന്ധപ്പെടാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളോ മറ്റേത് വിമാനങ്ങളോ കേരളത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ഇതുമായി ബന്ധപ്പെട്ട വിവരം ആദ്യം കേന്ദ്രത്തെയാണ് അറിയിക്കേണ്ടത്. കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനവും അതേ നിലപാട് തന്നെയെടുക്കും. 

കോവിഡ് പോസിറ്റീവ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറയ്ക്കില്ല. ലോക്ക്ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ടല്ല കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയതില്‍ ഒന്നോ രണ്ടോ കേസുകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും പുറത്ത് നിന്നു വന്നിട്ടുള്ളവരാണ്. അവരോട് നാട്ടിലേക്ക് വരരുത് എന്ന് പറയാന്‍ കഴിയില്ല. അങ്ങനെയൊരു നിലപാടല്ല സര്‍ക്കാര്‍ ഈ കാര്യത്തില്‍ എടുത്തിട്ടുള്ളത്. 

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ അവരും ശ്രദ്ധിക്കണം. ആവശ്യമായ പരിശോധനകള്‍ നടത്തി അവര്‍ക്ക് സുരക്ഷ ഒരുക്കുക. അതോടൊപ്പം ഇവിടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. 

വലിയ തോതില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍നിന്നും ആളുകള്‍ വരുമ്പോള്‍ അവരില്‍ ചിലര്‍ രോഗികളായിത്തന്നെ വരാം. ഇവിടെ വന്ന ശേഷം രോഗികളായി മാറുന്നവരും ഉണ്ടാവാം. ഇതുവരെ ഉള്ളതില്‍നിന്നു വ്യത്യസ്തവും ഗുരുതരവുമായ ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇതിനെയും നമ്മള്‍ അതിജീവിച്ചേ മതിയാകൂ. 

രോഗമുള്ളവര്‍ക്ക് അത് ഭേദമാകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ഇവിടെയുള്ളവര്‍ക്ക് രോഗം പകരാതെ ശ്രദ്ധിക്കുകയും ചെയ്യാനുള്ള ഒരുമയാണ് നമ്മള്‍ ഇപ്പോള്‍ കാണിക്കേണ്ടത്. റെഡ് സോണുകളില്‍നിന്ന് വരുന്നവര്‍ ചിലപ്പോള്‍ രോഗവാഹകര്‍ ആയേക്കാം. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് സംസ്ഥാനത്ത് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇത് തുടരും. 

ജനശതാബ്ധി പോലെയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി റെയില്‍വേയെ സംസ്ഥാനം അറിയിച്ചിട്ടുണ്ട്. രാജധാനി എക്‌സ്പ്രസ് എല്ലാ ജില്ലകളിലും നിര്‍ത്തുന്ന നിലയാണുള്ളത്. അത്തരം ഒരു സമീപനം സ്വീകരിക്കലായിരിക്കും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ എളുപ്പം. മറ്റു ചില ട്രെയിനുകള്‍ക്ക് ധാരാളം സ്റ്റോപ്പുകളുണ്ട്. അത്തരം ട്രെയിനുകള്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതൊക്കെ സംബന്ധിച്ച അറിയിപ്പ് കേരളത്തില്‍നിന്നു റെയില്‍വേക്ക് നല്‍കിയിട്ടുണ്ട്. 

ജോലി ചെയ്യുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഉത്തരവാണ് പോലീസുകാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കൃത്യമായ ഡ്യൂട്ടി നടക്കുന്നതിനൊപ്പം തന്നെ അതൊരു പീഡനമായി മാറാതെ നോക്കുകയും വേണം. സംസ്ഥാനാതിര്‍ത്തികളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സാധാരണ പോലെ തന്നെയായിരിക്കും അവരുടെ ഡ്യൂട്ടി ഓഫുകള്‍ ഉണ്ടാവുക. 

മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളിനെ കേരളത്തിന്റെ കണക്കിലും പുതുച്ചേരിയുടെ കണക്കിലും പെടുത്തിയിട്ടില്ല. കേന്ദ്രം ഇതും കൂടി കൂട്ടി സംസ്ഥാനത്ത് അഞ്ച് മരണം എന്നാണ് കണക്കാക്കുന്നത്. മാഹ് പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗം തന്നെയാണ്. അവിടെനിന്നു തലശ്ശേരിയിലേക്ക് ചികിത്സയ്ക്കായി വന്നു എന്നു കരുതി അയാള്‍ കേരളീയനാവില്ല. അതാണ് സംസ്ഥാനത്തിന്റെ നിലപാട്. 

ക്രൈസ്തവ വിശ്വാസികളാണ് പൊതുവെ ആരാധനാലയത്തില്‍ വച്ച് വിവാഹം നടത്താറ്. മറ്റ് മതങ്ങളില്‍ അത് അത്യാവശ്യമാണെന്ന് കണ്ടിട്ടില്ല. ഗുരുവായൂര്‍ പോലെ ഒരു അമ്പലത്തില്‍ ഒരേ സമയം ഒന്നില്‍ കൂടൂതല്‍ കല്യാണങ്ങളാണ് നടക്കാറ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ട് തല്‍ക്കാലം അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ല.  

ഓണ്‍ലൈന്‍ മദ്യവില്‍പന ഏതു നിമിഷവും നടപ്പിലാകാം. മദ്യ ഷോപ്പുകളുടെ മുന്നിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആപ്പ് സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയാകുമ്പോള്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ കടകള്‍ക്കു മുന്നില്‍ ഉണ്ടാവുകയുള്ളൂ. 

content highlight: fourteen days quarantine will be imposed on domestic flight passengers too says kerala cm