മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് ചെങ്കല്‍ ക്വാറിയില്‍ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകള്‍ അര്‍ച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകന്‍ ആദില്‍ ദേവ് എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആദില്‍ ദേവ് അബദ്ധത്തില്‍ വീടിന് സമീപമുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അര്‍ച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തില്‍ ഇറങ്ങിയെങ്കിലും മുങ്ങിതാഴുകയായിരുന്നുവെന്നാണ് വിവരം. .

അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണുള്ളത്. 

അപകടമുണ്ടായ ചെങ്കല്‍ ക്വാറി മണ്ണിട്ട് മൂടണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് ഇതിനായി നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ വൈകിയതാണ് ഇപ്പോള്‍ ഇത്തരമൊരു അപകടത്തിലേക്കെത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. 

content highlights: four year old boy and his sister drowned in malappuram