കോട്ടയം:  കോട്ടയം കട്ടച്ചിറയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാനായി വഴിയില്‍ ഇറങ്ങിയപ്പോള്‍ കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സ് എടുത്ത് ഓടിക്കവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. 

ഏറ്റുമാനൂര്‍ പാല റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ദാഹമകറ്റാനായി ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വഴിയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഈ സമയത്ത് കരിക്ക് വില്‍പ്പനക്കാരന്‍ ആംബുലന്‍സില്‍ കയറി വണ്ടി മുന്നോട്ടെടുത്തു. റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളില്‍ ആംബുലന്‍സ് ചെന്നിടിക്കുകയായിരുന്നു. 

അപകട സമയത്ത് ആംബുലന്‍സില്‍ രോഗികളാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അലക്ഷ്യമായി വണ്ടിയോടിച്ച ആള്‍ക്കെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

content highlights: four were injured in ambulance accident