
ഒരാള്‍ക്ക് നാല് തവണ കോവിഡ് സ്ഥിരീകരിക്കുക. വല്ലാത്തൊരു അവസ്ഥയാണത്. എങ്ങനെയായിരുന്നു കോവിഡിനൊപ്പമുള്ള ജീവിതം?
ചൈനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് ഞാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജോലിക്കെത്തുന്നത്. ഇവിടെയും കോവിഡ് രോഗികള്‍ എത്തി തുടങ്ങിയതോടെ കോവിഡ് ചികിത്സയിലേക്ക് മാറി. മുറിയില്‍ എനിക്കൊപ്പം താമസിക്കുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിക്കാത്തപ്പോഴാണ് ആദ്യം കോവിഡ് പരിശോധനക്ക് വിധേയനായത്. അങ്ങനെ കഴിഞ്ഞ വര്‍ഷം മെയില്‍ ആദ്യം രോഗം വന്നു. ലക്ഷണമില്ലാത്ത രോഗിയായിരുന്നെങ്കിലും അന്നത്തെ ചികിത്സാമാനദണ്ഡ പ്രകാരം ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ. മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. നെഗറ്റീവ് ആയി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീണ്ടും കോവിഡ് ഡ്യൂട്ടി തുടങ്ങി. ഡിസംബറില്‍ കടുത്ത പനിയേ തുടര്‍ന്നാണ് രണ്ടാമത് കോവിഡ് പരിശോധന നടത്തിയത്. ആദ്യത്തെ അത്ര സുഖമുള്ളതായിരുന്നില്ല രണ്ടാമത്തെ അനുഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിലില്‍ രുചിയും മണവും നഷ്ടപ്പെട്ടപ്പോളാണ് പരിശോധന നടത്തിയത്. ഏകദേശം ഒരുമാസം കഴിഞ്ഞാണ് രുചിയും മണവും തിരിച്ചുകിട്ടിയത്. ഈ മാസം ആദ്യവും ലക്ഷണങ്ങളോട് കൂടി തന്നെ കോവിഡ് വന്നു. പനിയും ക്ഷീണവുമായിരുന്നു ലക്ഷണങ്ങള്‍
കോവിഡ് വാക്‌സിന്‍ എപ്പോളാണ് സ്വീകരിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം രോഗബാധ പ്രതീക്ഷിച്ചിരുന്നോ?
വാക്‌സിന്‍ എടുത്തശേഷം കോവിഡ് വരില്ല എന്നൊരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. രണ്ടുതവണ കോവിഡ് വന്നുപോയ ശേഷം ഫെബ്രുവരിയിലാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ട് ഡോസും എടുത്ത ശേഷമാണ് മൂന്നാമത് കോവിഡ് വരുന്നത്.
കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജോലി ചെയ്തിട്ടും ഇത്രയും തവണ രോഗം വന്നു. നിരാശതോന്നിയിരുന്നോ?
ഓരോ തവണ രോഗം വരുമ്പോളും എനിക്ക് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം കൂടിയിട്ടേ ഉള്ളൂ. തുടര്‍ച്ചയായ ക്വാറന്റൈനും ചെറിയ തോതിലുള്ള ശാരീരിക ബുദ്ധിമുട്ടും മാത്രമായിരുന്നു വെല്ലുവിളി. എങ്കിലും അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഇപ്പോളും കോവിഡ് രോഗികളെ ചികിത്സിക്കുന്നത് തുടരുന്നു. എനിക്ക് രോഗപ്രതിരോധ ശേഷി കുറവായതാകാം ഇത്തരത്തില്‍ രോഗം വരാനുള്ള കാരണം.
നാല് തവണ കോവിഡ് രോഗം വരുക എന്നത് അപൂര്‍വ്വമായ കാര്യമാണ് ഇതിന്റെ കാരണ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടോ?
തീര്‍ച്ചയായും, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഒന്നിലധികം തവണ കോവിഡ് വരാന്‍ സാധ്യത ഉണ്ട്. എന്റെ കാര്യത്തില്‍ രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കം തന്നെയാവാം കാരണം. ഇനിയും കോവിഡ് വരാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇപ്പോളും ജോലി ചെയ്യുന്നത്. ശരീരം രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടോ എന്നറിയാന്‍ അടുത്ത ആഴ്ച ആന്റിബോഡി പരിശോധനക്ക് വിധേയമാകും. വാക്‌സിന്‍ മാറ്റി എടുക്കുന്നതും ആലോചിക്കുന്നുണ്ട്. സ്പുട്‌നിക് വാക്‌സിന്‍ കുറച്ച് കൂടി ഫലപ്രദമാണെന്ന് കേള്‍ക്കുന്നു. കൂടുതല്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.
തുടര്‍ച്ചയായി രോഗം സ്ഥിരീകരിച്ചതിനാല്‍ ഏതെങ്കിലും വൈറസ് വകഭേദം സംശയിക്കുന്നുണ്ടോ?
ഡെല്‍റ്റ വകഭേദം സംശയിക്കുന്നുണ്ട്. എന്നാല്‍ തുടര്‍പരിശോധനകളില്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാവൂ. മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് നോഡല്‍ ഓഫീസര്‍ ആരോഗ്യവകുപ്പില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കോവിഡ് വരുന്നതിന്റെ കാരണം കണ്ടെത്താന്‍ ഏത് പരിശോധനയുമായും സഹകരിക്കാന്‍ തയ്യാറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..