കൂട്ടില്‍വീണത് നാലുമാസം പ്രായമുള്ള കുട്ടിക്കടുവ; കുങ്കിയാനകള്‍ക്കെതിരേ ചീറിയടുത്ത് അമ്മക്കടുവ


ഷാന്‍ ജോസഫ്

വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവക്കുഞ്ഞ്

മീനങ്ങാടി: നാടിനെ വിറപ്പിക്കുന്ന കടുവയെപ്പിടിക്കാന്‍ സ്ഥാപിച്ച കൂട്ടിലകപ്പെട്ടത് കുട്ടിക്കടുവ. വനംവകുപ്പ് മീനങ്ങാടി മണ്ഡകവയലില്‍ സ്ഥാപിച്ച കൂട്ടിലാണ് നാലുമാസം പ്രായമായ കടുവക്കുഞ്ഞ് അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് കടുവ കൂട്ടിലായത്. അമ്മക്കടുവയും മറ്റൊരു കുഞ്ഞും പ്രദേശത്തുതന്നെ തുടരുന്നതിനാല്‍ കൂട്ടിലകപ്പെട്ട കുഞ്ഞിനെ അവിടെത്തന്നെ തുറന്നുവിട്ടു. തള്ളക്കടുവ കൂടിനടുത്തുതന്നെ തങ്ങിയതിനാല്‍ മുത്തങ്ങയില്‍നിന്ന് കുങ്കിയാനകളെ എത്തിച്ചു. കുങ്കിയാനകള്‍ക്കുനേരെ തള്ളക്കടുവ ചീറിയടുത്തതോടെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് ഉച്ചയോടെ കടുവക്കുഞ്ഞിനെ കൂടുതുറന്നുവിട്ടത്. ഇതോടെ, കടുവയെ പിടിച്ചെന്ന ആശ്വാസത്തിലിരുന്ന നാട്ടുകാര്‍ വീണ്ടും അങ്കലാപ്പിലായി.

കടുവക്കുഞ്ഞിനെ തുറന്നുവിടാൻ കുങ്കിയാനകളെ എത്തിച്ചപ്പോൾ

കുഞ്ഞിനെയെടുത്ത് അമ്മക്കടുവ അപ്രത്യക്ഷയായി

കൂടുതല്‍തവണ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മണ്ഡകവയല്‍ പ്രദേശത്താണ് കൂട് സ്ഥാപിച്ചിരുന്നത്. രാവിലെ കടുവ കുടുങ്ങിയെന്നറിഞ്ഞതോടെ വലിയ സമാധാനത്തിലായിരുന്നു ജനം. എന്നാല്‍ വനപാലകര്‍ എത്തി പരിശോധിച്ചപ്പോഴാണ് കടുവക്കുഞ്ഞാണ് കൂട്ടിലായതെന്ന് മനസ്സിലായത്. നാലുമാസം പ്രായമായ കുഞ്ഞായതിനാല്‍ പിടികൂടാന്‍ നിയമം അനുവദിക്കാത്തതിനാലാണ് അതിനെ കൂടുതുറന്നുവിട്ടത്. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയ ശേഷമാണ് കൂടിന് സമീപത്തുതന്നെ തുറന്നുവിടാന്‍ ധാരണയായത്.

മൈലമ്പാടി മണ്ഡകവയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവക്കുട്ടി പെട്ടതറിഞ്ഞ്‌ തടിച്ചുകൂടിയ നാട്ടുകാരോട് ജനപ്രതിനിധികൾ സംസാരിക്കുന്നു

കുഞ്ഞിനെ ഇവിടെനിന്ന് മാറ്റുന്നത് ദുഷ്‌കരവും തള്ളക്കടുവ ആക്രമിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് തുറന്നുവിട്ടത്. കുങ്കിയാനകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ ഉച്ചയ്ക്ക് ഒരുമണിയോടെ തുറന്നുവിട്ട ഉടനെ അമ്മക്കടുവ കുട്ടിയുമായി രക്ഷപ്പെട്ടു. പ്രദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുപ്രകാരം സ്ഥിരം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിനായി രണ്ടാമതൊരു കൂടുവെച്ചു. കഴിഞ്ഞദിവസം കടുവസാന്നിധ്യം സ്ഥിരീകരിച്ച പത്മ എസ്റ്റേറ്റിലാണ് രണ്ടാമത്തെ കൂടുവെച്ചത്. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാനും തീരുമാനമായി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

ആദ്യം ആശ്വാസം, പിന്നെയും അങ്കലാപ്പ്

രണ്ടുമാസത്തോളമായി തങ്ങളുടെ ഉറക്കംകെടുത്തുന്ന കടുവ കൂട്ടിലായെന്ന ആശ്വാസവാര്‍ത്തകേട്ടാണ് മൈലമ്പാടി, പുല്ലുമല, സി.സി. മണ്ഡകവയല്‍ പ്രദേശത്തെ ജനങ്ങളുണര്‍ന്നത്. പക്ഷേ, ആശ്വാസം ആശങ്കയ്ക്ക് വഴിമാറാന്‍ ഏറെനേരമെടുത്തില്ല. കുട്ടിക്കടുവയാണ് പെട്ടതെന്നു തിരിച്ചറിഞ്ഞതോടെ വീണ്ടും അങ്കലാപ്പായി.

ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. കുഞ്ഞുങ്ങള്‍ ഒപ്പമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായ കടുവയെയും ഇനി പേടിക്കണം. സ്ഥിരമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ എത്രയുംവേഗം ഇവയെ പിടികൂടണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. വലിയ ആശ്വാസത്തോടെ രാവിലെമുതല്‍ മണ്ഡകവയലില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

Content Highlights: four month old tiger cub who was trapped in wayanad released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented