കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്‌.

പാറപ്പുറത്ത് വീട്ടില്‍ ബിജു (45) ഭാര്യ അമ്പിളി (40) മക്കളായ അശ്വതി  (പത്താംക്ലാസ്) അര്‍ജ്ജുന്‍ (എട്ടാം ക്ലാസ് )എന്നിവരാണ് മരിച്ചത്. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. 

മക്കള്‍ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. വീടുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തിവന്നയാളാണ്‌ ബിജു.

വീടിന്റെ ചുവരില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. 35 ലക്ഷത്തോളം കടമുണ്ടെന്ന് വിവരം. പണം ഇന്ന് തിരികെ കൊടുക്കാമെന്നാണ് പലരോടും പറഞ്ഞിരുന്നതെന്നാണ് വിവരം. തനിക്ക് പണം തരാനുള്ളവരുടെ വിവരങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ അക്കമിട്ട് എഴുതിയിട്ടുണ്ട്. ഈ പണം വാങ്ങി തന്റെ കടം വീട്ടണമെന്ന് കുറിപ്പില്‍ പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും വീടിന്റെ ചുമരുകളില്‍ എഴുതിയിട്ടുണ്ട്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content highlight: Four members Family committed suicide