'ഉസ്താദിനൊരു വീട് ' പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; നാലുപേര്‍ അറസ്റ്റില്‍


എ. അലവിക്കുട്ടി

മുഹമ്മദ് ഷഫീഖ്, അബ്ദുൽ ജബ്ബാർ, ഹുസൈൻ, ഷൗക്കത്തലി

മഞ്ചേരി: 'എന്റെ ഉസ്താദിനൊരു വീട് ' എന്ന പേരില്‍ സൗജന്യ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ച് കോടികളുടെ അനധികൃത പണമിടപാട് നടത്തിയെന്ന കേസില്‍ നാലുപേരെ മഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ പ്രവര്‍ത്തകരായ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ് (31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍ (31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്.

ട്രസ്റ്റിന്റെപേരില്‍ മഞ്ചേരി മുട്ടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒട്ടേറെപ്പേര്‍ പണവുമായി എത്തുന്നുണ്ടെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസ് വളഞ്ഞാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവിടെനിന്ന് 58.5 ലക്ഷം രൂപ, ആറ് മൊബൈല്‍ ഫോണുകള്‍, നോട്ടെണ്ണല്‍ യന്ത്രം, റസീറ്റ് ബുക്കുകള്‍, കരാര്‍ രേഖകള്‍ എന്നിവയും രണ്ടാംപ്രതി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടില്‍ നിന്ന് 30,70,000 രൂപയും പിടിച്ചെടുത്തു.മദ്രസ അധ്യാപകരില്‍നിന്നടക്കം നിക്ഷേപം സ്വീകരിച്ചിരുന്നു. പരാതിയുമായി ആരും രംഗത്തുവരാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരേ 'ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം' (ബഡ്സ്) നിയമപ്രകാരം പോലീസ് കേസെടുത്തു. ട്രസ്റ്റിന്റെ ഓഫീസ് പോലീസ് പൂട്ടി.

സ്വന്തമായി മൂന്ന് സെന്റില്‍ കുറയാത്ത ഭൂമിയുള്ള നിര്‍ധനരായ ആയിരം മത അധ്യാപകര്‍ക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് സൗജന്യമായി നിര്‍മിച്ചുനല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷമായിട്ടും ഏതാനും വീടുകള്‍ മാത്രമാണ് നിര്‍മിച്ചുനല്‍കിയത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. കേസില്‍ മറ്റു പ്രതികളുണ്ടോയെന്ന കാര്യവും പരിശോധിക്കും. ഒന്നാംപ്രതി മുഹമ്മദ് ഷഫീഖ് കോ -ഓപ്പറേറ്റീവ് ബോര്‍ഡ് പരീക്ഷയെഴുതിയ ആള്‍ക്ക് വാട്സാപ്പ് വഴി ഉത്തരം പറഞ്ഞുകൊടുത്ത കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.


സാമ്പത്തിക ഇടപാടില്‍ അടിമുടി ദുരൂഹത

മഞ്ചേരി: 2019-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഡിവൈന്‍ഹാന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് പോലീസ്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആയിരം മദ്രസ അദ്ധ്യാപകര്‍ക്ക് പൊതുജന പങ്കാളിത്തത്തോടെ സൗജന്യമായി വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു ഇവരുടെ ആദ്യവാഗ്ദാനം. നാലുവര്‍ഷം മുന്‍പായിരുന്നു ഇത്. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷഫീഖാണ് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍. ഇതിനായി ഒരോ ഉസ്താദുമാരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി അംഗങ്ങളാക്കി. ഇവര്‍ക്കായി പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തു പദ്ധതി വിശദീകരിച്ചു. ആയിരംമുതല്‍ നൂറുരൂപവരെയുള്ള കൂപ്പണുകള്‍ നല്‍കി ഇവരെ പണപ്പിരിവിനായി നിയോഗിച്ചു. രാഷ്ട്രീയ-മത രംഗത്തുള്ള പ്രമുഖരെ കൂട്ടുപിടിച്ച് മഹല്ല് അടിസ്ഥാനത്തില്‍ കമ്മിറ്റികളുണ്ടാക്കിയും പണം സ്വരൂപിച്ചു. മാധ്യമങ്ങള്‍ വഴിയും പ്രചാരണം നല്‍കി. നൂറ് കോടി രൂപ പിരിച്ചെടുക്കലായിരുന്നു ലക്ഷ്യം.

എന്നാല്‍ പിരിച്ചെടുത്ത തുകകൊണ്ട് ഏതാനും വീടുകള്‍ മാത്രമാണ് ഇവര്‍ നിര്‍മിച്ചുനല്‍കിയത്. വീട് ലഭിക്കാത്ത ഉസ്താദുമാര്‍ പരാതിയുമായെത്തിയതോടെ അവരില്‍ പലര്‍ക്കും ആദ്യംനല്‍കിയ അയ്യായിരം രൂപ തിരിച്ചുനല്‍കി. ഇങ്ങനെ സൗജന്യഭവന പദ്ധതിയില്‍നിന്ന് പ്രതികള്‍ തലയൂരി.

രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ പത്തുലക്ഷം !

സൗജന്യ ഭവനപദ്ധതിയില്‍നിന്ന് തടിയൂരിയശേഷം രണ്ടുലക്ഷം നിക്ഷേപിച്ചാല്‍ നാലൂമാസംകൊണ്ട് പത്തുലക്ഷം തിരിച്ചുതരാമെന്ന വാഗ്ദാനവുമായാണ് പ്രതികള്‍ എത്തിയത്. പണം വേണ്ടാത്തവര്‍ക്ക് പത്തുലക്ഷത്തിന്റെ വീട് നിര്‍മിച്ചുനല്‍കുമെന്നും വിശ്വസിപ്പിച്ചു. വാട്സാപ്പ് ഗ്രൂപ്പുവഴിയാണ് ഈ പദ്ധതി പ്രചരിപ്പിച്ചത്. ഇതറിഞ്ഞ് വിവിധ ജില്ലകളില്‍നിന്നുള്ള ഒട്ടേറെ പേരാണ് മഞ്ചേരി മുട്ടിപ്പാലത്തെ ട്രസ്റ്റ് ഓഫീസിലെത്തിയത്. രണ്ടുലക്ഷം നല്‍കിയാല്‍ നാലുമാസത്തിനകം എങ്ങനെ പത്തുലക്ഷം നല്‍കാന്‍കഴിയുമെന്ന് സംശയമുന്നയിച്ചവരോട് ഷെയര്‍മാര്‍ക്കറ്റില്‍നിന്നും വിവിധ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് വഴിയും നല്‍കാന്‍ കഴിയുമെന്നാണ് പ്രതികള്‍ പറഞ്ഞത്. നേരത്തെ നിര്‍മിച്ചുനല്‍കിയ ഏതാനും വീടുകളുടെ താക്കോല്‍ദാനത്തിന് പങ്കെടുത്ത ജനപ്രതിനിധികളുടെ ഫോട്ടോവെച്ച ഫെ്‌ലക്‌സ് ഓഫീസിന് മുന്‍പില്‍ തൂക്കിയാണ് ഇവര്‍ നിക്ഷേപം സ്വീകരിച്ചത്. പ്രധാന പ്രതികള്‍ പിടിയിലായതിനാല്‍ വരുംദിവസങ്ങളില്‍ പണംനല്‍കിയവര്‍ പരാതിയുമായെത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

പൊളിച്ചത് വന്‍തട്ടിപ്പെന്ന് പോലീസ്

പ്രതികളുടെ അറസ്റ്റോടെ വന്‍ തട്ടിപ്പുപദ്ധതിയാണ് പൊളിഞ്ഞതെന്ന് മഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരി പറഞ്ഞു. ഒന്നാം പ്രതി മുഹമ്മദ് ഷഫീഖാണ് മുഖ്യസൂത്രധാരന്‍. ഇയാളാണ് ഉസ്താദുമാര്‍ക്കുള്ള സൗജന്യ ഭവനപദ്ധതിയെക്കുറിച്ച് വിശദീകരണ ക്ലാസുകള്‍ നയിക്കുന്നത്. മൂന്നുദിവസം മുന്‍പാണ് ഇവര്‍ ലക്ഷങ്ങളുടെ നിക്ഷേപപദ്ധതി തുടങ്ങിയത്. ഇതിനകം 39 പേരില്‍നിന്നായി ഒന്നരക്കോടിയോളം രൂപ കൈക്കലാക്കി. രഹസ്യം മണത്തറിഞ്ഞ പോലീസിന്റെ സമയോജിത ഇടപെടലാണ് കൂടുതല്‍പേര്‍ തട്ടിപ്പിരിയാകുന്നത് തടയാനായത്. പോലീസ് റെയ്ഡ് നടക്കുമ്പോഴും പണവുമായി വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഓഫീസിലേക്ക് വന്നുകൊണ്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രഹസ്യ നീരീക്ഷണത്തിനെത്തിയപ്പോള്‍ ട്രസ്റ്റ് ഓഫീസ് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഒരാള്‍വന്നു കതക് തുറന്നു. ഉടന്‍ ഉദ്യോഗസ്ഥന്‍ സാഹസികമായി അകത്തുകയറി വാതിലടച്ചു. ഇതിനിടയില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കൂടുതല്‍ പോലീസെത്തിയാണ് മറ്റു നാലുപേരെ പിടികൂടിയത്. ഈ സമയം നോട്ടുകെട്ടുകള്‍ മേശപ്പുറത്ത് അടുക്കിവെച്ച് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു പ്രതികള്‍.

Content Highlights: four arrested in financial fraud case at malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented