പാചക എണ്ണ കരിഓയിലിന് സമം, ദിവസങ്ങള്‍ പഴക്കമുള്ള ചോറ്; പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു


ഹോട്ടൽ കുമ്പാരിയിൽനിന്നു പിടിച്ചെടുത്ത പഴകിയ ഭക്ഷണം നഗരസഭാ കാര്യാലയത്തിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ

പറവൂർ: പറവൂർ നഗരമധ്യത്തിൽ അമ്മൻകോവിൽ റോഡിലുള്ള ഹോട്ടൽ കുമ്പാരിയിൽനിന്ന്‌ പഴകിയ ഭക്ഷണവും കറുത്തിരുണ്ട പാചക യോഗ്യമല്ലാത്ത എണ്ണയും പിടികൂടി.

കഴിഞ്ഞ ദിവസം പറവൂരിൽ എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുകയും മജ്‌ലിസ് എന്ന ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു. നഗരസഭ ആരോഗ്യ വിഭാഗമാണ് കുമ്പാരിയിൽ പരിശോധന നടത്തിയത്.

ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചിക്കൻ, ബീഫ്, വേവിച്ച വിവിധയിനം പച്ചക്കറികൾ, ദിവസങ്ങൾ പഴക്കമുള്ള ചോറ് എന്നിവ പിടിച്ചെടുത്തു. പാകം ചെയ്യാത്ത മാംസവും പിടികൂടിയിട്ടുണ്ട്. നീണ്ടകാലം ആവർത്തിച്ച് പാചകത്തിന് ഉപയോഗിച്ച കരിഓയിലിന്റെ അവസ്ഥയിലുള്ള എണ്ണയും പിടികൂടി.

പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിന്റെ പേര് സഹിതം നഗരസഭാ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചു.

പിന്നീട് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുഴിച്ചുമൂടി. ഭക്ഷണത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരും വരെ ഹോട്ടൽ തുറന്നു പ്രവർത്തിക്കരുതെന്നു കാണിച്ച്‌ ആരോഗ്യ വിഭാഗം കത്ത് നൽകി.

കറി ബാക്കിയായാൽ മാംസം കഴുകി സൂക്ഷിക്കും

പറവൂർ: പല ഹോട്ടലുകളിലും വേവിച്ച് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണമാണ് ഫ്രീസറിൽ സൂക്ഷിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. കറികൾ ഉൾപ്പെടെയുള്ളവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അത് പാകം ചെയ്ത ദിവസം ഉൾപ്പെടെ എഴുതി സൂക്ഷിക്കണമെന്നാണ് നിയമം. ഇതൊന്നുംതന്നെ പലരും പാലിക്കാറില്ല.

ചിലയിടങ്ങളിൽ ബാക്കി വരുന്ന കറികളിൽനിന്ന്‌ വെന്ത മാംസം കഴുകിയെടുത്ത് ഫ്രീസറിൽ സൂക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി. പിറ്റേന്ന് ഇത് വീണ്ടും മസാലക്കൂട്ടുകൾ ചേർത്ത് പുതിയ വിഭവമായി തീൻമേശയിലെത്തും. ഹോട്ടലുകളുടെ മുൻവശം ആകർഷകമാണെങ്കിലും പലയിടത്തും പിൻഭാഗത്തു ചെന്നാൽ മനംപുരട്ടുന്ന അവസ്ഥയാണ്. ശുചിത്വം ഇല്ലാത്ത രീതിയിലാണ് ഭക്ഷ്യവസ്തുക്കൾ വാരിവലിച്ചിടുക. അതുപോലെ ജീവനക്കാർ മുഖം കഴുകുന്നയിടത്തുതന്നെയാണ്‌ പ്ലെയിറ്റുകളും കഴുകുന്നത്.

ശുദ്ധജലത്തിന് ബുദ്ധിമുട്ടുള്ളയിടങ്ങളിൽ ബോർവെല്ലിൽനിന്നുള്ള വെള്ളവും പാചകത്തിന് ഉപയോഗിച്ചിരുന്നു. മാറാല നിറഞ്ഞ പാചകപ്പുരയിലിട്ട് ഭക്ഷണം പാകം ചെയ്യുന്നതും കണ്ടെത്തി. ഹോട്ടലുകാർ പലയിടത്തും വില കുറഞ്ഞ മാംസമാണ് കൂടുതലും വാങ്ങി ഉപയോഗിക്കുന്നത്.

ഭക്ഷ്യവിഷബാധ നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം

പറവൂർ: ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. വൈസ് ചെയർമാൻ എം.ജെ. രാജുവും സ്വതന്ത്ര കൗൺസിലർ ജോബി പഞ്ഞിക്കാരനും ചെയർപേഴ്‌സന്റെ ഇരിപ്പിടത്തിനു മുന്നിൽ പരസ്പരം കോളറിന് കുത്തിപ്പിടിച്ച് വെല്ലുവിളിച്ചു. വൈസ് ചെയർമാന്റെ കോളർ പകുതിയോളം കീറിപ്പറിഞ്ഞു. മറ്റ്‌ കൗൺസിലർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്. എ.ബി.സി. പ്രോഗ്രാം നടപ്പാക്കുന്നതു സംബന്ധിച്ച അജൻഡ ഉൾപ്പെടുത്തിയാണ് കൗൺസിൽ യോഗം വിളിച്ചത്.

നിരവധി തവണ പാകം ചെയ്ത് കരി ഓയിലിന്റെ നിറത്തിലായ എണ്ണ

പ്രത്യേക സാഹചര്യത്തിൽ കൗൺസിൽ യോഗത്തിലേക്ക് മാധ്യമ പ്രവർത്തകരെ കയറ്റിവിടരുതെന്ന് ചെയർപേഴ്‌സൺ വി.എ. പ്രഭാവതി നിർദേശിച്ചു. തുടർന്ന് മാധ്യമ പ്രവർത്തകരെ പോലീസ് അകത്തേക്ക് കടത്തിവിട്ടില്ല. പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്തു. അവർ കൗൺസിൽ ഹാളിൽനിന്ന് പുറത്തിറങ്ങി വന്ന് അവിടെ നിന്നിരുന്ന മാധ്യമ പ്രവർത്തകരെ കൗൺസിൽ ഹാളിലേക്ക് കൊണ്ടുപോയി. എൽ.ഡി.എഫ്. പ്രവർത്തകർ പുറത്തിറങ്ങിയ സമയത്ത് അജൻഡ ചർച്ച ചെയ്യാതെ വായിച്ച് അംഗീകരിക്കാനുള്ള ശ്രമവും നടന്നു. ബി.ജെ.പി. കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

മജ്‌ലിസ് ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ച എഴുപതോളം പേർക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധയുണ്ടായിട്ടും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിൽ നഗരസഭ പരാതി നൽകാത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. താലൂക്ക് ഗവ. ആശുപത്രിയിലെ കാന്റീനിൽ വൃത്തിഹീനമായ സാഹചര്യം ഉണ്ടായിട്ടും ഒരു നടപടിയുമില്ല. വിദേശത്ത് മരിച്ചയാളുടെ മൃതദേഹം എംബാം ചെയ്തുവന്ന പെട്ടി കാന്റീനിനകത്ത് സൂക്ഷിച്ചിരുന്നത് കണ്ടിട്ടും നഗരസഭാധികൃതർ അത് കണ്ടില്ലെന്ന് നടിച്ചു. നിയമാനുസൃതമായ കാര്യങ്ങൾ ലംഘിച്ച് മജ്‌ലിസ് ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

Content Highlights: Food Poisoning, Ernakalum, Paravur, Hotels, Kochi Corporation,Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023

Most Commented