Photo: MB News
കൊച്ചി: കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര് കൊച്ചിയില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. പുതുവത്സര ദിനത്തിന് തലേന്ന് വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ഉയരുന്നുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ്. തിരക്കില്‍പെട്ട് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തേണ്ടിവന്നത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയാണ്.
ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നുംതന്നെ സ്ഥലത്തുണ്ടായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. മൂന്ന് ആംബുലന്‍സ് ഒരുക്കിയിരുന്നു. ഇതില്‍ ഒരു ഡോക്ടറാണുണ്ടായിരുന്നത്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 200-ഓളം പേര് ഇവിടെ എത്തിയെങ്കിലും അവര്‍ക്ക് പിന്നീട് മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവന്നു.
റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. ഇവിടെ നിന്ന് രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ഒന്ന് മാത്രമാണ് പ്രവര്‍ത്തിച്ചത്.
Content Highlights: fort kochi new year celebrations massive crowd
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..