ശനിയാഴ്ച രാത്രി ഫോർട്ടുകൊച്ചിയിൽ പുതുവർഷാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ ജങ്കാറിൽ നിന്നിറങ്ങുന്നു
തോപ്പുംപടി: പുതുവര്‍ഷം ആഘോഷിക്കാന്‍ ശനിയാഴ്ച രാത്രി ഫോര്‍ട്ട്കൊച്ചിയിലെത്തിയ ജനക്കൂട്ടത്തെ കണ്ട് അധികൃതര്‍ അമ്പരന്നു. സംഘാടകരുടെയും പോലീസിന്റെയുമൊക്കെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജനത്തിന്റെ വലിയ ഒഴുക്കാണുണ്ടായത്. ഫോര്‍ട്ട്കൊച്ചി ഇതുവരെ കാണാത്ത ആള്‍ക്കൂട്ടമായിരുന്നു അത്. ഇത്ര വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് മതിയായ ഒരു സുരക്ഷാ സംവിധാനവും ഫോര്ട്ട്കൊച്ചിയിലുണ്ടായിരുന്നില്ല.
ശ്വാസംമുട്ടല്‍: ചികിത്സ തേടിയത് നിരവധി പേര്
ശനിയാഴ്ച അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെ ജനങ്ങള്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വലിയ തിരക്കാണുണ്ടായത്. പരേഡ് മൈതാനത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കുണ്ടായി. ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെ നൂറോളം പേരാണ് ആശുപത്രികളിലേക്ക് പോയത്. കൂടുതല്‍ ആളുകളെത്തിയത് ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലാണ്. അവിടെ ആകെയുണ്ടായിരുന്നത് ഒരേ ഒരു ഡോക്ടര്‍ മാത്രം. രാത്രി ഇത്രയധികം ആളുകള്‍ ചികിത്സ തേടി എത്തുമെന്ന് ആശുപത്രി അധികൃതരും പ്രതീക്ഷിച്ചില്ല.
ഭാഗ്യത്തിന് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നതിനാല്‍ ഇവരെയെല്ലാം ആശുപത്രിയിലെത്തിക്കാനായി. വാര്‍ഡ് കൗണ്‍സിലര്‍ ആന്റണി കുരീത്തറ, പൊതുപ്രവര്‍ത്തകരായ ഷമീര്‍ വളവത്ത്, മുജീബ് റഹ്മാന് തുടങ്ങിയവര്‍ പരിക്കേറ്റവരെ സഹായിക്കാനെത്തി. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി തിരക്കില്‍പ്പെട്ട് ആളുകള്‍ക്ക് പരിക്കുണ്ടാകുന്നത് ആദ്യ സംഭവമാണ്.
ഒറ്റ ജങ്കാറില്‍ അഴിമുഖം കടന്നത് പതിനായിരങ്ങള്‍
: ഇക്കുറിയും ഫോര്‍ട്ട്കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് വൈപ്പിന്‍ ഫെറി വഴിയായിരുന്നു. കപ്പല്‍ചാല്‍ കടന്നുള്ള ഈ വരവ് അങ്ങേയറ്റം അപകടം നിറഞ്ഞതാണ്. ഒരേയൊരു ജങ്കാറാണ് ഫെറിയിലുണ്ടായിരുന്നത്. മറ്റൊരെണ്ണം ബോള്‍ഗാട്ടിയിലേക്ക് സര്‍വീസ് നടത്തിയെങ്കിലും കൂടുതല്‍ പേരും കയറിയത് വൈപ്പിന്‍ ജങ്കാറിലാണ്. ജങ്കാര്‍ തിങ്ങിനിറഞ്ഞാണ് മറുകരയിലേക്ക് പോയത്. ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ ജങ്കാര്‍ ജീവനക്കാര്‍ നട്ടം തിരിഞ്ഞു. ഇതിനിടയില്‍ ജങ്കാര്‍ കാത്തുനില്ക്കുന്ന സ്ഥലത്ത് വലിയ തിരക്കായി. അവിടെ ഉന്തും തള്ളലുമായി. തിരക്കിനിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ കായലിലേക്ക് വീണു. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളെ കയറ്റിക്കൊണ്ട് എല്ലാ നിയമങ്ങളും തെറ്റിച്ച് ജങ്കാറിന് ഓടേണ്ടി വന്നു. ജീവന് കൈയില്‍പ്പിടിച്ചാണ് ജനങ്ങള്‍ കര കടന്നത്. ഇവിടെ ദുരന്തം വഴി മാറിയത് തലനാരിഴയ്ക്കാണ്.
കരുതലില്ലാത്ത ആഘോഷം
: ഓരോ വര്‍ഷം കഴിയുന്തോറും പുതുവര്‍ഷ രാത്രിയില്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. അതനുസരിച്ച് സുരക്ഷാ സംവിധാനങ്ങളൊന്നും വര്‍ധിപ്പിക്കുന്നില്ല. ആകെ ചെയ്യുന്നത് ഗതാഗത നിയന്ത്രണം മാത്രമാണ്. ഇത്രയധികം ജനത്തെ കൈകാര്യം ചെയ്യുന്നതിന് മതിയായ പോലീസിനെ കിട്ടുന്നില്ല. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവും പ്രശ്നമാണ്. ഫോര്‍ട്ട്കൊച്ചിക്ക് പുറത്ത് വാഹന പാര്‍ക്കിങ്ങിന് മതിയായ സ്ഥലം കണ്ടെത്താനാകുന്നില്ല. ഇത്രയധികം ജനം ഒരു സ്ഥലത്തേക്ക് എത്തിയിട്ടും ക്രമസമാധാന പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ആയിരക്കണക്കിന് സ്ത്രീകളാണ് സ്ഥലത്തുണ്ടായിരുന്നത്. ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തില്ല. സംഘാടകര്‍ക്ക് ആശ്വാസമാകുന്ന കാര്യമാണിത്. എന്നാല്‍ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ശനിയാഴ്ച രാത്രിയിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ബസില്ല, ജനം നടന്നു
: ഫോര്‍ട്ട്കൊച്ചിയിലേക്ക് ശനിയാഴ്ച രാത്രി പ്രത്യേക ബസ് സര്‍വീസ് ഉണ്ടാകുമെന്ന് പതിവുപോലെ ഇക്കുറിയും പോലീസ് തട്ടിവിട്ടു. പക്ഷേ, സന്ധ്യയ്ക്ക് തന്നെ ബസ് സര്‍വീസ് നിലച്ചു. സാധാരണ ഓടുന്ന ബസുകളും ഇല്ലാതായി. കൂവപ്പാടത്തും മറ്റും സര്‍വീസ് അവസാനിപ്പിച്ച് ബസുകള്‍ മടങ്ങി. രാത്രി ആഘോഷം കഴിഞ്ഞ് തിരിച്ചുപോകാനാവാതെ ജനം തെരുവില്‍ കിടന്നു. കൂടുതല്‍ പേരും തോപ്പുംപടി വരെ നടന്നു. പുലരുംവരെ കാത്തിരുന്ന് രാവിലെ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ മടങ്ങിയവരുമുണ്ട്.
നഗരത്തിന് പുറത്ത് സമാധാനപരം
ആലുവ: റൂറല്‍ ജില്ലയില്‍ പുതുവത്സരാഘോഷം നടക്കുന്ന വിവിധ പ്രദേശങ്ങളില്‍ റൂറല്‍ എസ്.പി. വിവേക് കുമാര്‍ നേരിട്ടെത്തി സമാധാനം ഉറപ്പു വരുത്തി. അഡീഷണല്‍ എസ്.പി. ടി. ബിജി ജോര്‍ജ്, ഡിവൈ.എസ്.പി.മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിലുണ്ടായിരുന്നു.
ചെറായി ബീച്ച്, നക്ഷത്രത്തടാകം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടെങ്കിലും പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനാപകടങ്ങളും ഉണ്ടായില്ല. തിരക്കും ഗതാഗതവും നിയന്ത്രണവിധേയമായിരുന്നു. എല്ലായിടവും പോലീസ് നിയന്ത്രണത്തിലായിരുന്നു. ആയിരത്തഞ്ഞൂറോളം പോലീസുദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. മഫ്തിയിലും പോലീസ് റോന്ത് ചുറ്റി. ജീപ്പ്, ബൈക്ക് പട്രോളിങ് സംഘങ്ങളും ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും 24 മണിക്കൂറും നിരത്തിലുണ്ടായിരുന്നു. മുന്‍കരുതലായി നൂറിലേറെ പേരെ കരുതല്‍ തടങ്കലിനായി കസ്റ്റഡിയിലെടുത്തു.
ആലുവ സബ് ഡിവിഷനിലാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത് 35. മൂവാറ്റുപുഴ - പെരുമ്പാവൂര്‍ സബ് ഡിവിഷനിലുകളില്‍ 19 പേരെ വീതം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വീടുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിരന്തര കുറ്റവാളികള്‍ നിരീക്ഷണത്തിലായിരുന്നു.
ആഘോഷത്തിനിടെ തര്‍ക്കം: യുവാവിന് കുത്തേറ്റു
കളമശ്ശേരി: ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം, യുവാവിന് കുത്തേറ്റു. കളമശ്ശേരിയിലുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ഡ്രൈവര്‍മാരായ മൂന്നു പേര് ന്യൂ ഇയര്‍ ആഘോഷിക്കുകയായിരുന്നു.
ഇതിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയും അജയകുമാര്‍, ബിനീഷ് എന്നീ ഡ്രൈവര്‍മാര്‍ മറ്റൊരു ഡ്രൈവറായ തലയോലപ്പറമ്പ് സ്വദേശി അഖിലിനെ മര്‍ദിക്കുകയും മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മൂന്നുപേരും മദ്യലഹരിയിലായിരുന്നു.
വയറിനും പുറത്തും കൈക്കും കുത്തേറ്റ അഖില്‍ എറണാകുളം ഗവണ്‍മെന്റ്് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവശേഷം ഒളിവില്‍പ്പോയ പ്രതികളില്‍ ഒരാളായ ഇടുക്കി തൊടുപുഴ, വണ്ണപ്പുറം, പാമ്പാറയിന്വീട്ടില് ബിനീഷിനെ (27) കളമശ്ശേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ അജയകുമാറിനായി പോലീസ് തിരച്ചില്‍ തുടരുന്നു.
Content Highlights: fort kochi-new year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..