സി.പി.എം. നേതാവ് പരുത്തിപ്പള്ളി ചന്ദ്രൻ ജപ്തിഭീഷണിയുള്ളവീട്ടിൽ
കാട്ടാക്കട: പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട് വച്ചുനല്‍കിയ നേതാവ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. അഞ്ചുവര്‍ഷം കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റും 15 വര്‍ഷം ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയും ദീര്‍ഘകാലം സി.പി.എം. ഏരിയാ കമ്മിറ്റിയംഗവും ആയിരുന്ന കുറ്റിച്ചല്‍ മേലേമുക്ക് സുര്‍ജിത് ഭവനില്‍ പരുത്തിപ്പള്ളി ചന്ദ്രനാണ് (65) വീടിനെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വീഴ്ച വരുത്തിയതിന് പൊതുമേഖലാ ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്നത്.
കുടുംബസ്വത്തായി കിട്ടിയ ഭൂമിയും വീടും പൊതുപ്രവര്‍ത്തനത്തിനിടെ കൈവിട്ടുപോയശേഷം വാടകവീട്ടിലെ താമസത്തിനിടെ 2013-ല്‍ കുറ്റിച്ചല്‍ യൂണിയന് ബാങ്കിന്റെ വായ്പയില്‍ വാങ്ങിയതാണ് ഇപ്പോള്‍ കഴിയുന്ന എട്ട് സെന്റും വീടും. ഈ വായ്പ അടച്ചുതീര്‍ത്തശേഷം പഴയ വീട് പുതുക്കാനെടുത്ത 2,70000 രൂപയുടെ പുതിയ വായ്പയാണിപ്പോള് ചന്ദ്രന് ബാധ്യതയായി മാറിയിരിക്കുന്നത്. പലിശയടക്കം അഞ്ച് ലക്ഷം ഒരുമിച്ചടച്ചാല്‍ മാത്രമേ ജപ്തിനടപടിയില്നിന്നു ഒഴിവാകൂ.
ഭാര്യയും വിദ്യാര്‍ഥിയായ മകനും അടങ്ങുന്ന കുടുംബത്തിന് അന്തിയുറങ്ങാന്‍ മറ്റൊരിടമില്ല. മുടങ്ങാതെ അടച്ചുവന്നിരുന്ന വായ്പാ ഗഡുക്കള്‍ കോവിഡ് കാലത്താണ് മുടങ്ങിയത്. പ്രതിസന്ധി കാരണം പിന്നീടിങ്ങോട്ട് ഒരു രൂപ പോലും അടയ്ക്കാനായില്ല. താത്കാലികമായി ഒരു ജോലി ഉണ്ടെങ്കിലും ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാനാകാത്തതിനാല് കുടിശ്ശിക അടയ്ക്കാനും കഴിഞ്ഞില്ല. ഇപ്പോള്‍ ജപ്തിഭീഷണി നേരിടുന്ന വീടിന്റെ ചുവരുകള്‍ തേച്ചിട്ടു പോലുമില്ല. ശരിയായി വയറിങ് നടത്തി വൈദ്യുതീകരണം പൂര്‍ത്തിയാക്കാത്തതിനാല്‍ 'താത്കാലിക' കണക്ഷന് അപേക്ഷ നല്കി വാണിജ്യനിരക്കിലാണ് വൈദ്യുതി എടുത്തിരിക്കുന്നത്.
കെ.എസ്.വൈ.എഫിന്റെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായി രാഷ്ട്രീയത്തിലെത്തിയ പരുത്തിപ്പള്ളി ചന്ദ്രന് ഡി.വൈ.എഫ്.ഐ. യുടെ കാട്ടാക്കട ഏരിയാ സെക്രട്ടറിയായും പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് 18 വര്‍ഷം സി.പി.എം. കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം ഏര്യ സെന്റര്‍ അംഗവും കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കര്‍ഷകസംഘം ഏരിയാ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റിയില്‍ അംഗമാണ്. പാര്‍ട്ടിക്കും ചന്ദ്രന്റെ അവസ്ഥ അറിയാം. വഴിയാധാരമാകുന്ന ഈ അവസ്ഥയില്‍ ഒരു കൈത്താങ്ങാണ് പ്രതീക്ഷ.
Content Highlights: former panchayath president under threat of confiscation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..