54 വര്‍ഷത്തെ ഒളിവുജീവിതം ഇന്നലെ അവസാനിച്ചു; മരണാനന്തരം ഞെട്ടിച്ച് മുന്‍ നക്‌സലൈറ്റ്‌


സ്വന്തം ലേഖകന്‍

വർഗീസ്, അജിത, അള്ളുങ്കൽ ശ്രീധരൻ,

  • പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വര്‍ഗീസിനും അജിതക്കുമൊപ്പം പങ്കെടുത്തു
  • നാട്ടുകാര്‍ സത്യമറിഞ്ഞത് മരണാനന്തര ചടങ്ങില്‍ അജിതയുടെ സന്ദേശം വായിച്ചതോടെ

നെടുങ്കണ്ടം: ഇന്നലെ വരെ സാധാരണക്കാരനായ കര്‍ഷകനും സൗമ്യനായ സി.പി.എം പ്രവര്‍ത്തകനുമായിരുന്നു നാട്ടുകാര്‍ക്ക് മാവടി നിരപ്പേല്‍ എന്‍.എ.തങ്കപ്പന്‍ (88). വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ വ്യാഴാഴ്ച അദ്ദേഹം അന്തരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉചിതമായ വിടവാങ്ങലൊരുക്കി. സംസ്‌കാര ചടങ്ങിനിടെ സിപിഎം പാറത്തോട് ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് ഒരു അനുശോചനം സന്ദേശം വായിച്ചു. മുന്‍ നക്‌സലൈറ്റ് നേതാവ് അജിതയുടെ സന്ദേശമായിരുന്നു. ആ സന്ദേശം കേട്ടപ്പോഴാണ് നാട്ടുകാരും സുഹൃത്തുക്കളും ആ സത്യം മനസ്സിലാക്കുന്നത്. നാല്‍പത് വര്‍ഷമായി തങ്ങള്‍ കണ്ടുവരുന്ന എന്‍.എ.തങ്കപ്പന്‍ സാക്ഷാല്‍ അള്ളുങ്കല്‍ ശ്രീധരനാണ്. പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണത്തില്‍ വര്‍ഗീസിനും അജിതയ്ക്കും ഒപ്പം പങ്കെടുത്ത അരനൂറ്റാണ്ട് കാലം ഒളിവ് ജീവിതം നയിച്ച വിപ്ലവകാരി.

1968 നവംബര്‍ 24ന് പുലര്‍ച്ചെ, വയനാട് പുല്‍പള്ളിയിലെ എംഎസ്പി ക്യാംപ് ആക്രമണം നടക്കുന്നത്. നക്‌സല്‍ സംഘത്തില്‍ അജിത, എ. വര്‍ഗീസ്, ഫിലിപ് എം. പ്രസാദ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീധരനുമുണ്ടായിരുന്നു. കേരളത്തില്‍ രാഷ്ട്രീയാധികാരം ലക്ഷ്യമിട്ടുള്ള ആദ്യത്തെ സായുധ ഇടപെടലായിരുന്നു പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണം. നക്‌സല്‍ബാരിയിലെ വിപ്ലവം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ആവേശം കൊള്ളിച്ച നാളുകളായിരു അത്. പുല്‍പള്ളി എംഎസ്പി ക്യാംപില്‍നിന്ന് ആയുധങ്ങള്‍ സംഭരിക്കുക. പിന്നീട് വയനാട്ടില്‍ സായുധ കലാപം. അതായിരുന്നു പ്ലാന്‍. എന്നാല്‍ സ്റ്റേഷന്‍ ആക്രമണം പരാജയപ്പെട്ടു. കാട്ടില്‍ കുടുങ്ങിയ അജിതയും അള്ളുങ്കല്‍ ശ്രീധരനുമുള്‍പ്പടെയുള്ളവര്‍ പോലീസ് പിടിയിലായി. ആകെ 149 പേരായിരുന്നു പ്രതികള്‍. വര്‍ഗീസ് രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടി വെടിവെച്ച് കൊന്നു.

ജയിലില്‍ അജിതയും അള്ളുങ്കല്‍ ശ്രീധരനും ഉള്‍പ്പടെയുള്ളവരെ കാത്തിരുന്നത് കൊടിയ പീഡനമായിരുന്നു. പിന്നീട് ജയില്‍ മോചിതനായി. പക്ഷെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടു. ആ കേസില്‍ അപ്പീല്‍ തള്ളിയതോടെ ശ്രീധരന്‍ ഇടുക്കിയിലേക്ക് കടന്നു. ശ്രീധരനുള്‍പ്പടെയുള്ളവര്‍ക്കായി പോലീസ് വലിയ തിരച്ചിലുകള്‍ നടത്തി. ഇടുക്കിയിലെത്തിയ ശ്രീധരന്‍ ദീര്‍ഘകാലം തോട്ടങ്ങളില്‍ പണിയെടുത്തു. പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി ഏലം കൃഷി തുടങ്ങി. അള്ളുങ്കല്‍ ശ്രീധരന്‍ എന്ന പേരുപേക്ഷിച്ച് നിരപ്പേല്‍ തങ്കപ്പന്‍ എന്ന പേര് സ്വീകരിച്ചു. ഇതിനിടയില്‍ സി.പി.എമ്മുമായി അടുത്തു. പാര്‍ട്ടി അനുഭാവിയും അംഗവുമായി. പാര്‍ട്ടി ലേക്കല്‍ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയിലെ വിശ്വസ്തരായ രണ്ട് സഖാക്കളോട് മാത്രമാണ് ശ്രീധരന്‍ തന്റെ ഭൂതകാലം വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പോലും ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല.

വാര്‍ധക്യസഹജമായ അസുഖങ്ങളുമായി വീട്ടില്‍ വിശ്രമത്തിലിരിക്കെയാണു മരണം. സിപിഎം പാറത്തോട് ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് മരണ വിവരം അജിതയെ അറിയിച്ചു. ഇന്നലെ മാവടിയിലെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മൃതദേഹത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ട് മുന്‍പായി ജിജി വര്‍ഗീസ് അജിതയുടെ അനുസ്മരണ സന്ദേശം വായിച്ചു. അപ്പോള്‍ മാത്രമാണ് നാല്‍പ്പത് വര്‍ഷത്തോളമായി തങ്ങള്‍ കാണുന്ന നിരപ്പേല്‍ തങ്കപ്പന്‍ സാക്ഷാല്‍ അള്ളുങ്കല്‍ ശ്രീധരനെന്ന വിപ്ലവകാരിയാണെന്ന് നാട്ടുകാരും അടുത്ത സുഹൃത്തുക്കള്‍ പോലും അറിയുന്നത്. സുമതിയാണ് ശ്രീധരന്റെ ഭാര്യ. മക്കള്‍: അഭിലാഷ്, അനിത.

തങ്കപ്പന്‍ സഖാവ് പറഞ്ഞു 'എന്റെ മരണ ശേഷമേ ഇത് പുറത്തറിയാന്‍ പാടുള്ളു'

ജനകീയനായ സി.പി.എം പ്രവര്‍ത്തകനായിരുന്നു എന്‍.എ.തങ്കപ്പനെന്ന് സിപിഎം പാറത്തോട് ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. മികച്ച കര്‍ഷകനും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ നിറവേറ്റി. മികച്ച സംഘാടകനും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവുമായിരുന്നു. കര്‍ഷകര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചു.

രോഗങ്ങളും വാര്‍ധക്യവും കാരണം വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് തന്നോടും മറ്റൊരു പാര്‍ട്ടി നേതാവിനോടും അദ്ദേഹം തന്റെ ഭൂതകാലം വെളിപ്പെടുത്തുന്നത്. അതുവരെ അദ്ദേഹത്തെ അറിയുന്ന മറ്റാര്‍ക്കും അറിയാത്ത ആ രഹസ്യം ഞങ്ങളോട് പറഞ്ഞു. തന്റെ മരണശേഷം മാത്രമേ ഇക്കാര്യം പുറത്തറിയാന്‍ പാടുള്ളു എന്നും ഞങ്ങളോട് പറഞ്ഞു. ഇതിന് ശേഷം അജിതയുടെ ഒരു പുസ്തകം പരിശോധിച്ചപ്പോള്‍ അള്ളുങ്കല്‍ ശ്രീധരനെ കുറിച്ചുള്ള പരാമര്‍ശം കണ്ടിരുന്നു. ജയില്‍വാസത്തിന് ശേഷം ശ്രീധരനെ കുറിച്ച് കേട്ടിട്ടില്ലെന്നും മികച്ച സഖാവായിരുന്നുവെന്നുമാണ് അജിത പുസ്തകത്തില്‍ എഴുതിയിരുന്നത്.

'വ്യാഴാഴ്ച രാത്രിയാണ് തങ്കപ്പന്‍ സഖാവ് മരിക്കുന്നത്. തന്റെ സംസ്‌കാര ചടങ്ങുകള്‍ മതരഹിതമായിരിക്കണമെന്നും പശ്ചാത്തലത്തില്‍ വിപ്ലവഗാനങ്ങള്‍ കേള്‍പ്പിക്കണമെന്നും സഖാവ് നിര്‍ദേശിച്ചിരുന്നു. മരണവിവരം അജിതയെ അറിയിക്കണമെന്ന് തോന്നി. അജിതയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. വൈകാരികമായിരുന്നു പ്രതികരണം. പ്രിയ സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അജിത ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒരു അനുശോചന കുറിപ്പ് എഴുതി തന്നു. തങ്കപ്പന്‍ സഖാവിന്റെ മരണാന്തര ചടങ്ങുകള്‍ക്കിടയില്‍ മൈക്കിലൂടെ ഞാനാ സന്ദേശം വായിച്ചു. പുല്‍പള്ളി ആക്രമണത്തില്‍ വിപ്ലവകാരികളോടൊപ്പം പങ്കെടുത്ത ധീരസഖാവായിരുന്നു അള്ളുങ്കല്‍ ശ്രീധരന്‍ എന്നു കുറിപ്പില്‍ അജിത അനുസ്മരിച്ചു. തങ്കപ്പന്‍ ചേട്ടന്റെ സുഹൃത്തുക്കളും നാട്ടുകാരും സഖാക്കളും ഞെട്ടലോടും ആവേശത്തോടും കൂടിയായിരുന്നു അത് കേട്ടത്- ജിജി വര്‍ഗീസ് പറഞ്ഞു.

Content Highlights: Former naxalite leader Allunkal Sreedharan paasses away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section
Most Commented