സ്വപ്‌ന സുരേഷ്-തോമസ് ഐസക് |ഫോട്ടോ:മാതൃഭൂമി
ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. മുന്‍മന്ത്രി തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്ന ആരോപണത്തിനടക്കമാണ് അദ്ദേഹേം മറുപടി നല്‍കിയത്. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തി നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിന് പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ് തോമസ് ഐസക് ഉള്‍പ്പടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. നേരിട്ടായിരുന്നില്ല തോമസ് ഐസക് താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകള്‍ നല്‍കിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞു - സ്വപ്‌ന അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഐസക്.
'വീടിന്റെ താഴത്തേത് പോലെ മുകളിലും സ്വീകരണ മുറിയുണ്ട്. ഞാന്‍ മുകളില്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യുകയാണെങ്കിലും കാണാന്‍ വരുന്നവരെ മുകളിലേക്കാണ് വിളിക്കാറുള്ളത്. ഔദ്യോഗിക കൂടിക്കാഴ്ചകളൊക്കെ മുകളിലാണ് നടത്താറുള്ളത്. മുകളിലേക്ക് വരുന്നതിന് എന്റെ വീടിനുള്ളില്‍ കയറേണ്ടതില്ല. മുന്നില്‍ നിന്ന് തന്നെ മറ്റൊരു ഗോവണി ഇങ്ങോട്ടേക്കുണ്ട്. മറ്റുള്ളവരോടെല്ലാം മുകളിലേക്ക് വരാന്‍ പറയുമ്പോള്‍ അവരോട് പറഞ്ഞതില്‍ എന്താണ് അസ്വാഭാവികതയുള്ളതെന്ന് അറിയില്ല' - ഐസക് പറഞ്ഞു.
മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നാണ് രണ്ടാമത്തെ ആരോപണം. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി കറങ്ങാനായിട്ട് ടൂറിസ്റ്റ് കേന്ദ്രത്തില്‍ പോകുമോ..? അതും കറങ്ങാനായിട്ട് വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോ ?. സമാന്യയുക്തിക്ക് നിരക്കുന്നതാണോ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ഒരു ഔദ്യോഗിക വിരുന്ന് നടന്ന സമയമാണ്. എല്ലാവരും ഉണ്ട്. കിഫ്ബിയിലെ ഉദ്യോഗസ്ഥരും കോണ്‍സുല്‍ ജനറലും അടക്കം 20 പേരെങ്കിലും ഉണ്ടാകും. അവിടെ പല ചര്‍ച്ചകളും നടന്നുകാണും. അതൊന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. സ്വഭാവികമായിട്ട് കോണ്‍സുലിനോടോ മറ്റോ കേരളത്തില്‍ സഞ്ചരിക്കണമെന്നോ ആലപ്പുഴ വള്ളംകളി കാണണമെന്നോ എന്നൊക്കെ പറഞ്ഞുകാണാം. ആര്‍ക്കാ അതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ സാധിക്കുക. ഞാന്‍ ഏതായാലും എന്റെ റെക്കോര്‍ഡ് മുഴുവന്‍ നോക്കി, എന്റെ റൂട്ടിലൊന്നും മൂന്നാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മൂന്നാറില്‍ പോയിട്ടില്ല.
ആരു വന്നാലും ചിരിച്ചുകൊണ്ടും സ്‌നേഹത്തോടുമാണ് വര്‍ത്താനം പറയുക. വേറെ ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ അതിങ്ങോട്ട് വെക്കേണ്ട ആവശ്യമില്ല. അവര്‍ അതിനപ്പുറമൊന്നും പറഞ്ഞിട്ടില്ല. എന്തായാലും എന്റെ പേര് ഉയര്‍ത്തിയത് ബോധപൂര്‍വ്വമാണ്' - തോമസ് ഐസക് പറഞ്ഞു.
ബിജെപിയുടെ തത്പര രാഷ്ട്രീയമാണിത്. കള്ളക്കടത്ത് കേസിലെ പ്രതി കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ആ തിരഞ്ഞെടുപ്പില്‍ ജനം ഇത് അംഗീകരിച്ചിട്ടില്ല. ആ പ്രതി ഇന്ന് ബിജെപിയുടെ ദത്തുപുത്രിയാണ്. അവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നതും ഈ വര്‍ത്താനത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും ഒരുപക്ഷേ ബിജെപിയാവും. സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളെ തേജോവധം ചെയ്യുക എന്നതാണ് ഇതിലെ രാഷ്ട്രീയം.
മുമ്പൊന്നും പറയാത്ത കാര്യങ്ങളാണ് അവരിപ്പോള്‍ പറയുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയാണിത്. രാഷ്ട്രീയം രാഷ്ട്രീയമായിട്ടാണ് നേരിടുക. അതിലെ ഓരോ കാര്യത്തിനും കേസിനുപോകാനാകില്ല. ഇനി കേസിന് പോകണമെന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കും. തെളിവുകളൊക്കെ വരട്ടെയെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
Content Highlights: Former minister Thomas Isaac responded to Swapna Suresh's allegation-munnar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..