പി.എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ | Photo: Mathrubhumi
തിരുവനന്തപുരം: തിരുവനന്തപുരം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്റെ ഓഫീസിലെ അഞ്ച് സ്റ്റാഫിനെക്കൂടി മുഹമ്മദ് റിയാസിന്റെ ഓഫിസില്‍ നിയമിച്ചു. സജി ചെറിയാന്റെ സ്റ്റാഫായിരുന്നവരുടെ ജോലി സംരക്ഷിക്കാനാണ് നടപടി.
ഇതോടെ, മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം 28 ആയി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 28 പേരെ നിയമിച്ചത്. മന്ത്രി റിയാസിന് പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് ബാക്കിയുള്ള സ്റ്റാഫിനെ പുനര്‍ വിന്യസിച്ചിട്ടുണ്ട്. കായികം, യുവജനകാര്യം, സഹകരണ വകുപ്പുകളിലേക്കാണ് സ്റ്റാഫിനെ പുനര്‍നിയമിച്ചത്.
സജി ചെറിയാന്റെ സ്റ്റാഫിന് ജോലിയും പെന്‍ഷനും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ പേഴ്സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇവരെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല.
സജി ചെറിയാന്റെ അസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി.വി. സൈനനെ മുഹമ്മദ് റിയാസിന്റെ ഓഫീസിലും സമാന പോസ്റ്റിലാണ് നിയമിച്ചത്. ഇതിന് പുറമെ ക്ലര്‍ക്കുമാരായിരുന്ന കെ. സവാദ്, സഞ്ജയന്‍. എം.ആര്‍. എന്നിവരെയും ഓഫീസ് അറ്റന്റന്റുമാരായി വിഷ്ണു പി., ജിബിന്‍ ഗോപിനാഥ് എന്നിവരെയുമാണ് നിയമിച്ചത്.
മുഹമ്മദ് റിയാസിന് പുറമെ അബ്ദുറഹിമാന്‍, സഹകരണ മന്ത്രി വാസവന്‍ എന്നീ മന്ത്രിമാര്‍ക്കാണ് സ്റ്റാഫിനെ അനുവദിച്ചത്. പേഴ്സനല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവരെ വീണ്ടും നിയമിച്ച നടപടി വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫയലുകള്‍ കൈകാര്യം ചെയ്യേണ്ട ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും 19 പേരേയുള്ളൂവെന്നിരിക്കെയാണ് മുഹമ്മദ് റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം 23ല്‍ നിന്ന് 28 ആക്കി ഉയര്‍ത്തിയത്.
Content Highlights: former minister saji cheriyan's personal staffs reshuffling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..