സോൺട കമ്പനി അധികൃതർ ജപ്പാൻ കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുന്നു -ടോണി ചമ്മണി പുറത്തുവിട്ട ചിത്രം
കൊച്ചി: ജര്‍മന്‍ നിക്ഷേപകനായ പാട്രിക് ബോവറുടെ പരാതിയില്‍ ലീഡ് പാര്‍ട്ണറായ സോണ്‍ട കമ്പനിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അവരുമായുള്ള ടെന്‍ഡര്‍ നടപടികള്‍ നിലനില്‍ക്കുമോ എന്ന് പരിശോധിക്കണമെന്ന് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കരാര്‍ എടുത്ത മലബാര്‍ വേസ്റ്റ് മാനേജ്മെന്റ് കമ്പനി നിയമപരമായി നിലവിലുണ്ടോയെന്ന് ടോണി ചമ്മണി ചോദിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് പാര്‍ട്ണറായ സോണ്‍ട കമ്പനി, പദ്ധതിയിലെ സാമ്പത്തിക-സാങ്കേതിക പങ്കാളിയായ ജര്‍മന്‍ നിക്ഷേപകനായ പാട്രിക് ബോവറിനെ സാമ്പത്തികമായി കബളിപ്പിച്ചതിന് പ്രധാനമന്ത്രിക്കും കമ്പനികാര്യ മന്ത്രാലയത്തിനും ബെംഗളൂരു പോലീസിലും പരാതി നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ജപ്പാനില്‍നിന്നുള്ള ജെ.എഫ്.ഇ. എന്‍ജിനീയറിങ് ലിമിറ്റഡ് എന്ന കമ്പനിയുമായി പുതിയ കണ്‍സോര്‍ഷ്യം ഉണ്ടാക്കാന്‍ സോണ്‍ട ശ്രമിക്കുകയാണ്.
ഇതിനായി ജപ്പാന്‍ കമ്പനിയുടെ പ്രതിനിധി പി.ഇ. കീച്ചി നാഗത്തെയും രാജ്കുമാറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി, കോഴിക്കോട് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇത് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ടോണി ചമ്മണി ആരോപിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ടോണി ചമ്മണി പുറത്തുവിട്ടു.
വ്യവസ്ഥ പ്രകാരം പദ്ധതിയുടെ കരാര്‍ നേടുന്ന കമ്പനിയോ കണ്‍സോര്‍ഷ്യമോ കരാര്‍ ഒപ്പുവെച്ച ശേഷം, പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷംവരെ ടെന്‍ഡര്‍ രേഖകളിലുള്ള ഓഹരി വ്യവസ്ഥ, സാങ്കേതിക വിദ്യ എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം വരുത്താതെ നിലനിര്‍ത്തണം. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കരാര്‍ റദ്ദ് ചെയ്യപ്പെടുമെന്ന് കൃത്യമായ വ്യവസ്ഥ ഉള്ളതാണ്. ഇതുപ്രകാരം സോണ്‍ടയുടെ കോഴിക്കോട് പദ്ധതിയുടെ കരാര്‍ നിയമപരമായി നിലനില്‍ക്കില്ല. ജപ്പാന്‍ കമ്പനിയുമായുള്ള കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പ് സെക്രട്ടറിമാരോ പങ്കെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജപ്പാന്‍ കമ്പനിയുടെ സാമ്പത്തിക-സാങ്കേതികവിദ്യാ കാര്യങ്ങള്‍ പരിശോധിക്കപ്പെട്ടാണോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമാക്കണം. ജര്‍മന്‍ പങ്കാളിയുടെ പരാതിയില്‍ പോലീസ് സോണ്‍ടയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് ഈ കൂടിക്കാഴ്ച. ഇത് പ്രോട്ടോകോള്‍ ലംഘനവും രാജ്യാന്തര നിയമങ്ങള്‍ക്കെതിരുമാണ്. ഇതെല്ലാം രാജ്കുമാറിന് മുഖ്യമന്ത്രിയിലും സര്‍ക്കാരിലുമുള്ള ശക്തമായ സ്വാധീനമാണ് കാണിക്കുന്നതെന്നും ടോണി ആരോപിച്ചു.
ജര്‍മന്‍ കമ്പനിയായ ബോവറിന് വേസ്റ്റ് ബിന്‍ നിര്‍മാണം മാത്രമാണുള്ളത് എന്ന് പാട്രിക് ബോവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ യോഗ്യതയില്‍ പ്രധാനപ്പെട്ടത് ഇന്ത്യയിലോ വിദേശത്തോ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നടത്തി പരിചയം വേണമെന്നുള്ളതാണ്.
അതിനാല്‍ സോണ്‍ട കണ്‍സോര്‍ഷ്യത്തിനു ലഭിച്ചിട്ടുള്ള കൊച്ചി, കോഴിക്കോട്, കൊല്ലം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണ കരാര്‍ അസാധുവാകും. കൊച്ചിയിലെ ബയോ മൈനിങ് ഉപ കരാര്‍ നല്‍കിയതും ബ്ലാക് ലിസ്റ്റില്‍ പെടുത്താവുന്ന കുറ്റമാണ്. സോണ്‍ടയ്ക്കുവേണ്ടി മുഖ്യമന്ത്രിയുമായി ബോവറിന്റെ കമ്പനി നെതര്‍ലന്‍ഡ്സില്‍ കൂടിക്കാഴ്ച നടത്തിയത് ഇന്ത്യന്‍ എംബസി വിളിച്ചുവരുത്തിയിട്ടാണ് എന്ന പാട്രിക്കിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്നത്തെ അംബാസഡര്‍ വേണു രാജാമണി പ്രതികരിക്കണം. അതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
Content Highlights: former kochi mayor tony chammany allegation against cm pinarayi vijayan and zonta infratech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..