തിരുവന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി തന്റെ നിലപാടുകള്‍ക്കുളള അംഗീകാരമെന്ന് കേസിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷക ബീന സതീഷ്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത എതിര്‍പ്പുകളാണെന്ന് അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകരില്‍നിന്നും കടുത്ത എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് അഭിമുഖീകരിച്ചത്. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു. 

"സര്‍ക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലും തരാതെ സ്ഥലം മാറ്റിയത്. 21 വര്‍ഷത്തെ സര്‍വീസിനിടെ ഒരു മെമ്മോ പോലും സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കാത്ത ആളായിരുന്നു ഞാന്‍. അങ്ങനെയുള്ളപ്പോളാണ് ഒരു കേസിന്റെ ഭാഗമായി സ്ഥലം മാറ്റുന്നത്. അതെന്റെ സര്‍വീസ് ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്.

"എന്റെ നിലപാടുകള്‍ക്ക് നിയമം അറിയുന്നവര്‍ മുഴുവന്‍ പിന്തുണ നല്‍കി. വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ എന്റെ നിലപാടുകള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. എറണാകുളം എ.സി.ജെ.എം. കോടതിയില്‍ അവിടുത്തെ പ്രോസിക്യൂട്ടറാണ് കേസ് ഫയല്‍ ചെയ്തത്. അത് പിന്നീട് വഞ്ചിയൂര്‍ സി.ജെ.എമ്മിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ എന്ന പേരില്‍ രാജഗോപാല്‍ എന്നയാള്‍ രംഗത്ത് വന്നു. എന്നാല്‍, പ്രതിക്ക് കോടതിയില്‍ ഈ വിഷയത്തില്‍ വാദം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു.' ബീന സതീഷ് പറഞ്ഞു.  

നിരവധി വര്‍ഷം പ്രോസിക്യൂട്ടറായിരുന്ന രാജഗോപാല്‍ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് ശരിയല്ലാതിരുന്നതുകൊണ്ടാണ് കൂടെ നില്‍ക്കാതിരുന്നതെന്നും ബീന വ്യക്തമാക്കി.

Content Highlights: Former government lawyer Beena Satheesh reacts over Supreme Court verdict