തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായര്‍ (81) അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 

ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഹാസ്യ സാഹിത്യകാരനായിരുന്ന എന്‍.പി ചെല്ലപ്പന്‍നായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം.

എല്ലാ കാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതു വഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏറ്റവും ഒടുവില്‍ വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷനിൽ അംഗമായിരുന്നു. കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചു. 

ദേവസ്വം കമ്മീഷണര്‍ എന്ന നിലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള നടപടികളും ശ്രദ്ധേയമായി.

മാവേലിക്കര ബിഷപ്പ് ഹോഡ് ജസ് ഹൈസ്‌കൂള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ്, യൂണിവേഴസിറ്റി കോളേജ് എന്നി വിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1959-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം ഒന്നാം റാങ്കോടെ പാസായി. കോഴഞ്ചേരി സെന്റ്തോമസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തിരൂവനന്തപുരം ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ മൂന്നുവര്‍ഷം അധ്യാപകനായിരുന്നു. 1962-ല്‍ ഐ.എ.എസ്സില്‍ പ്രവേശിച്ചു.

ഒറ്റപ്പാലം സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപൂരം ജില്ലാകലക്ടര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തൃറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, നികൃതി- തൊഴില്‍- ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോര്‍ഡ് നികുതി വിഭാഗത്തിന്റെ ചുമതലയോടെ ഒന്നാം മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1982 മുതല്‍ 87 വരെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരൂന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. 

അറിയപ്പെടുന്ന ഹാസ്യസാഹിത്യകാരനാണ്. എട്ടിലധികം നര്‍മ്മലേഖന സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇരുകാലി മൂട്ടകള്‍ എന്ന കൃതിക്ക് 1994-ലെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സരസ്വതിയാണ് ഭാര്യ. ഗായത്രി, ഹരിശങ്കര്‍ എന്നിവര്‍ മക്കളാണ്‌.

Former Chief Secretary CP Nair passed away