മോദി വിശേഷിപ്പിച്ച 'ആശയങ്ങളുടെ തമ്പുരാൻ'; കഥയിലും കവിതയിലേറെയും ബംഗാൾ പ്രിയം, ഒടുവിൽ ബംഗാൾ ഗവർണർ


മുണ്ടുടുത്ത് സ്റ്റേജിൽവന്ന് ഇംഗ്ലീഷ് പ്രസംഗത്തിൽ തകർക്കുന്ന ആനന്ദബോസിനെയാണ് സഹപാഠിയായ ജോർജ് കുര്യൻ പുളിക്കപ്പറമ്പിലിന് ഓർമയുള്ളത്. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ഒന്നിച്ച് പഠിച്ച ജോർജ് പിന്നീട് സേവാദൾ സംസ്ഥാന സെക്രട്ടറിയായി.

ഡോ.സി.വി.ആനന്ദ ബോസ് | Photo: Mathrubhumi

കോട്ടയം: മാന്നാനം ചിറ്റേഴത്ത് വീട്ടിൽനിന്ന് രാജ്യം ശ്രദ്ധിക്കുന്ന ബ്യൂറോക്രാറ്റായി വളർന്നപ്പോഴും നാടുമായുള്ള ബന്ധം എന്നും കാത്തുസൂക്ഷിച്ച വ്യക്തിയാണ് സി.വി.ആനന്ദബോസ്. സമീപകാലത്ത് മിസോറം ഗവർണറായ കുമ്മനം രാജശേഖന്റെ സ്വന്തം തട്ടകത്തിന് വളരെ അടുത്തുള്ള ദേശമാണ് മാന്നാനം. കുമ്മനത്തിന് പിന്നാലെ മാന്നാനം ദേശവും ഗവർണറെ സംഭാവനചെയ്ത ഗ്രാമം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടും.

അന്തർദേശീയ തലത്തിലേക്ക് വളർന്നപ്പോഴും ആനന്ദബോസ് കോട്ടയത്തെ ഒപ്പം ചേർത്തുവെച്ചിരുന്നതായി കുമ്മനം രാജശേഖരൻ നിരീക്ഷിക്കുന്നു. വലിയ ആത്മബന്ധം അദ്ദേഹം എന്നും അക്ഷരങ്ങളുടെ നാടുമായി നിലനിർത്തുന്നു. പഴമക്കാരുമായി വിളിക്കും, വിശേഷങ്ങൾ തിരക്കും.മുണ്ടുടുത്ത് സ്റ്റേജിൽവന്ന് ഇംഗ്ലീഷ് പ്രസംഗത്തിൽ തകർക്കുന്ന ആനന്ദബോസിനെയാണ് സഹപാഠിയായ ജോർജ് കുര്യൻ പുളിക്കപ്പറമ്പിലിന് ഓർമയുള്ളത്. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ ഒന്നിച്ച് പഠിച്ച ജോർജ് പിന്നീട് സേവാദൾ സംസ്ഥാന സെക്രട്ടറിയായി. കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ തനിക്കുണ്ടായ ഒരു അനുഭവത്തിൽ പ്രധാന കഥാപാത്രമായി ആനന്ദബോസുമുണ്ടായിരുന്നതായി ജോർജ് പറയുന്നു. ആർപ്പൂക്കര ഹൈസ്കൂളിലെ വൈദ്യുതിപ്രശ്നമാണ് വിഷയം. പലവട്ടം അപേക്ഷിച്ചിട്ടും വൈദ്യുതി കിട്ടുന്നില്ല. കരുണാകരന്റെ ബഹുജന സമ്പർക്ക പരിപാടി കോട്ടയത്ത് നടക്കുമ്പോൾ ജോർജ് പി.ടി.എ. ഭാരവാഹികളുമായെത്തി. കരുണാകരൻ പരാതി വാങ്ങി ഉടൻ ചെയ്യാമെന്ന് ഉറപ്പുകൊടുക്കുന്നു. ഇതൊക്കെ നിരീക്ഷിച്ച് ഒരാൾ വേദിയിൽ ഉണ്ടായിരുന്നത് ജോർജ് കണ്ടില്ല.

ആനന്ദബോസായിരുന്നു അത്. അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. മടങ്ങാൻ ഒരുങ്ങിയ ജോർജിനെ കെട്ടിപ്പിടിച്ച്‌ പരിചയം പുതുക്കി. മുഖ്യമന്ത്രി ഏല്പിച്ച കാര്യം ഒരാഴ്ചകൊണ്ട് നടത്തി ആനന്ദബോസ് നാടിന്റെ കൈയടി നേടി.

സമീപകാലത്ത് നെടുമ്പാശ്ശേരിയിൽ അദ്ദേഹവുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ജോർജിന്റെ പിതൃസഹോദരൻ പി.വി.മാത്യു എംഫ്രേംസിൽ രണ്ടുപേരുടെയും ഗുരുനാഥനുമായിരുന്നു. പ്രസംഗ മത്സരത്തിന് ലഭിച്ച സ്വർണമെഡലുമായി ആനന്ദബോസ് മാതൃഭൂമി ഓഫീസിൽ വന്നത് മാതൃഭൂമി ലേഖകനായ കാണക്കാരി രവി ഓർക്കുന്നു. മത്സരങ്ങളിൽ സ്ഥിരം സമ്മാന ജേതാവായതിനാൽ ആനന്ദബോസിനെ അന്ന് മാധ്യമ പ്രവർത്തകർക്കെല്ലാം പരിചയമുണ്ടായിരുന്നു.

കൊല്ലം ആനന്ദബോസിന്റെ ആശയങ്ങളുടെ പരീക്ഷണശാല

കൊല്ലം: 'ആശയങ്ങളുടെ തമ്പുരാൻ' എന്ന വിളിപ്പേര് ലഭിച്ച സി.വി.ആനന്ദബോസിന്റെ പ്രസിദ്ധമായ പല ആശയങ്ങളുടെയും പരീക്ഷണശാല കൊല്ലമായിരുന്നു. നിർമിതികേന്ദ്രം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഫയലിൽനിന്ന് വയലിലേക്ക്, സ്പീഡ്, ഗ്രാമോത്സവം, ധന്വന്തരികേന്ദ്രം എന്നിവ അവയിൽ ചിലതുമാത്രം. ചീഫ് സെക്രട്ടറി പദവിവരെയെത്തിയ വേറെയും കളക്ടർമാർ കൊല്ലത്ത്‌ ജോലിചെയ്തു പോയിട്ടുണ്ടെങ്കിലും ഇപ്പോഴും കൊല്ലം കളക്ടർ എന്നു പറയുമ്പോൾ ആദ്യം പരിഗണിക്കപ്പെടുന്നത് ആനന്ദബോസിനെയാണ്. വകുപ്പുകളുടെ പ്രവർത്തനത്തിലെ ഏകോപനത്തിലൂടെമാത്രമേ വികസനപദ്ധതികൾ ലക്ഷ്യംകാണുകയുള്ളൂ എന്ന പാഠം സിവിൽ സർവീസിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹം മനസ്സിലാക്കി.

ആനന്ദബോസും ജോർജ് കുര്യൻ പുളിക്കപ്പറമ്പിലും

കാസർകോട് സബ്‌കളക്ടറായിരിക്കെ വാർഡുകൾതോറും ജനകീയസമിതികളുണ്ടാക്കി, ജനങ്ങൾ പറയുന്ന വികസനപ്രവർത്തനങ്ങൾ നടത്തിക്കൊടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്ന മാതൃകയാണ് ഗ്രാമോത്സവം എന്നപേരിൽ ആനന്ദബോസ് പരീക്ഷിച്ചത്, രാജപുരം ഗ്രാമത്തിൽ. ജനകീയാസൂത്രണത്തിന്റെ ആദ്യരൂപമായിരുന്നു അത്. അതിൽ അൽപ്പം വ്യത്യാസം വരുത്തിയപ്പോൾ ഫയലിൽനിന്ന്‌ വയലിലേക്ക് എന്ന പദ്ധതിയായി. ഫയലിൽനിന്ന് വയലിലേക്ക് കൊറ്റങ്കര പഞ്ചായത്തിലാണ് തുടക്കംകുറിച്ചത്. ജനങ്ങളുടെ അപേക്ഷകൾ അവരുടെ സാന്നിധ്യത്തിൽത്തന്നെ പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്ന പരിപാടിയാണിത്. വിജയകരമായ ഈ പദ്ധതി ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നടപ്പാക്കി. ജില്ലയിലെ ടൂറിസം സാധ്യതകൾ ഏകോപിപ്പിക്കുന്നതിനാണ് ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ ആരംഭിച്ചത്.

അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും തെന്മലയും പാലരുവിയും പോലെയുള്ള സുന്ദരകാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഡി.ടി.പി.സി. വഴിയൊരുക്കി. പിന്നീട് ഇത്തരം കൗൺസിലുകൾ എല്ലാ ജില്ലയിലും തുടങ്ങി. ശാസ്താംകോട്ടയിൽ പട്ടിണിയിലായ വാനരന്മാർക്ക് പഴങ്ങൾ ലഭിക്കാൻ തടാകതീരത്ത് ഞാവൽമരങ്ങൾ നട്ടുപിടിപ്പിച്ചത് അദ്ദേഹമാണ്. ഇരപത്തെട്ടോളം പുതിയ പദ്ധതികളാണ് കൊല്ലത്തിരിക്കുമ്പോൾ അദ്ദഹം തുടങ്ങിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നിർമിതികേന്ദ്രം തന്നെ. വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന ചിന്തയിൽനിന്നാണ്, ചെലവുകുറഞ്ഞ വീട് എന്ന ആശയം രൂപപ്പെട്ടത്. പ്രാദേശികമായി ലഭിക്കുന്ന നിർമാണസാമഗ്രികളാകണം ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിച്ചു. കൊല്ലത്ത് പള്ളിത്തോട്ടത്താണ് ആനന്ദബോസ് ആദ്യത്തെ നിർമിതികേന്ദ്രം വീടുനിർമാണം തുടങ്ങിയത്. അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങാണ് ഉദ്ഘാടനം ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ പാർപ്പിടവിഭാഗമായ യു.എൻ. ഹാബിറ്റാറ്റ് ഇത് മാതൃകയായി സ്വീകരിച്ചു. പിന്നീട് ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ലാത്തൂരിൽ നിർമിതികേന്ദ്രം നിർമിച്ച 500 വീടുകളും ഈ അടിസ്ഥാനത്തിലായിരുന്നു. മികച്ച പ്രഭാഷകനായും അദ്ദേഹം പേരെടുത്തു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ റെയിൽസൈഡ് വെയർഹൗസ് കമ്പനി ലിമിറ്റഡിന്റെ എം.ഡി. ആയിരിക്കുമ്പോഴാണ് പിന്നീട് ആനന്ദബോസ് കൊല്ലത്ത് ജീവകാരുണ്യപ്രവർത്തനങ്ങളുമായി എത്തിയത്. കൃത്രിമക്കാലുകളും പാദങ്ങളും, ക്രച്ചസ്, വീൽചെയർ, ട്രൈസൈക്കിൾ എന്നീ ഉപകരണങ്ങൾ ഒട്ടേറെപ്പേർക്ക് സൗജന്യമായി വിതരണം ചെയ്യാൻ അദ്ദേഹം നേതൃത്വം നൽകി. 'കേരളശബ്ദം' മാനേജിങ്‌ എഡിറ്ററായിരുന്ന ഡോ. രാജാകൃഷ്ണനുമായുള്ള അടുപ്പത്തിൽനിന്നാണ് ആനന്ദബോസ് സാഹിത്യരചനയിലേക്ക് തിരിഞ്ഞത്. കൊല്ലത്ത് കളക്ടറായിരുന്ന കാലത്ത്, ഡോ. രാജാകൃഷ്ണൻ ഒരു നോവൽ എഴുതാനാവശ്യപ്പെട്ടു. അങ്ങനെ നാട്ടുകൂട്ടം എന്ന നോവൽ രചിച്ചു. പിന്നീട് കേരളശബ്ദത്തിൽ രാഷ്ട്രം രാഷ്ട്രീയം എന്ന പേരിൽ ഒരു പംക്തിയും 'പറയാതിനിവയ്യ' എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു.

ബംഗാളുമായി പൊക്കിൾകൊടി ബന്ധം

കോട്ടയം: സാംസ്കാരികമായി മുന്നിട്ട് നിൽക്കുന്ന ബംഗാൾപോലെയൊരു സ്ഥലത്ത് അവസരം കിട്ടിയതിൽ കൂടുതൽ സന്തോഷമുണ്ടെന്ന് സി.വി. ആനന്ദബോസ്. അതൊരു അനുഗ്രഹമാണ്. അത്രയും സാംസ്കാരികമായി നെറുകയിൽ നിൽക്കുന്ന ഇടമാണത്. വ്യക്തിപരമായും ഹൃദയത്തോട്‌ ചേർന്നുനിൽക്കുന്നു ബംഗാൾ. എന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത് ബംഗാളിലെ സ്റ്റേറ്റ് ബാങ്കിൽനിന്നാണ്. സുഭാഷ്ചന്ദ്രബോസിനോടുള്ള ഇഷ്ടത്തിന് പുറത്താണ് ഞാനടക്കമുള്ള സഹോദരങ്ങളുടെ പേരിനൊപ്പം സ്വതന്ത്ര്യസമരസേനാനിയായിരുന്ന അച്ഛൻ ‘ബോസ്’ എന്ന് ചേർത്തത്.

എഴുതിയ ആദ്യ ചെറുകഥ പോലും ബംഗാളിലെ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു, ‘ചൗരംഗിയിലെ പൂക്കൾ.’ കൊൽക്കൊത്തയിലെ ചേരിനിവാസികളുടെ ജീവിതം പശ്ചാത്തലമായ കഥ. കഥയെക്കുറിച്ച് അന്ന് എം.കൃഷ്ണൻ നായർ എഴുതിയ നല്ല വാക്കുകളാണ് പിന്നീട് എഴുതാൻകിട്ടിയ വലിയ പ്രചോദനം. കവിത എഴുതിയപ്പോൾ ബംഗാളിലെ ഏറ്റവും വലിയ നദിയെക്കുറിച്ചാണ്. തലക്കെട്ടുപോലും ആ നദിയുടേത്, ‘ബ്രഹ്മപുത്ര.’ അങ്ങനെ നോക്കുമ്പോൾ ബംഗാളുമായി എനിക്കൊരു പൊക്കിൾകൊടി ബന്ധമുണ്ട്,-ആനന്ദബോസ് പറഞ്ഞു.

ഡോ. സി.വി. ആനന്ദബോസ്; ആശയമികവിന് അംഗീകാരം

കോട്ടയം: പഠനത്തിലും പ്രവർത്തനമേഖലകളിലും വേറിട്ട കൈയൊപ്പ് ചാർത്തിയിരുന്ന ഡോ. സി.വി. ആനന്ദബോസിന്റെ ആശയമികവിനുള്ള അംഗീകാരമായി ബംഗാൾ ഗവർണർ പദവി.

ഏറ്റെടുക്കുന്നതും ഏൽപ്പിക്കപ്പെടുന്നതുമായ കാര്യങ്ങളിൽ വ്യത്യസ്ത ആശയങ്ങളും പ്രവർത്തനരീതിയും ആവിഷ്കരിച്ചിരുന്ന ബോസ് നൽകിയ സംഭാവനകൾ പരിഗണിച്ച് ഐക്യരാഷ്ട്രസംഘടന ‘ആനന്ദ ബോസ് മോഡൽ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ‘മാൻ ഓഫ് ഐഡിയാസ്’ എന്നും വിശേഷിപ്പിച്ചത് ഇതേ കാരണങ്ങൾ കൊണ്ടുതന്നെ. നിർമിതി കേന്ദ്രം, ജില്ലാ ടൂറിസം െപ്രമോഷൻ കൗൺസിൽ എന്നിവയ്ക്ക് രൂപം കൊടുക്കാൻ മുന്നിൽനിന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു.

കേന്ദ്രസർക്കാരിന്റെ നാഷണൽ ഹാബിറ്റാറ്റ് അവാർഡ് ലഭിച്ചു. യു.എൻ. ഉൾൾപ്പെടെയുള്ള വിവിധ അന്തർദേശീയ സംഘടനകളിൽ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഫെലോയും കോർപ്പറേറ്റ് ഉപദേഷ്ടാവുമായിരുന്നു. യു.എൻ. പാർപ്പിട വിദഗ്ധൻ കൂടിയാണ്. നാലുതവണ യു.എന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ സ്പെഷ്യൽ ഹാബിറ്റാറ്റ് അവാർഡും ഉൾപ്പെടെയുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ജർമനിയിലെ യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച്, ഫ്രാൻസിലെ ഇന്റർനാഷണൽ ഫ്യൂഷൻ എനർജി ഓർഗനൈസേഷൻ എന്നീ രാജ്യാന്തര സംഘടനകളിൽ ആനന്ദബോസ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അറ്റോമിക് എജുക്കേഷൻ സൊസൈറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആനന്ദബോസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ ബി.ജെ.പി. നേതൃത്വം നിയോഗിച്ചിരുന്നു.

Content Highlights: Former Bureaucrat CV Ananda Bose Appointed West Bengal Governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented