സരിന്‍ നേടിയത് 3 PSC റാങ്കുകള്‍; കള്ളക്കേസില്‍ പെട്ടതോടെ അവസാനിക്കുക സര്‍ക്കാര്‍ജോലിയെന്ന സ്വപ്നം


കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച് കിഴുകാനം ഫോറസ്റ്റ് അറസ്റ്റ് ചെയ്ത കണ്ണംപടി മുല്ലപുത്തൻപുരയ്ക്കൽ സരിൻ സജി, അമ്മ നിർമലയ്‌ക്കൊപ്പം

ഉപ്പുതറ: ആദിവാസി യുവിനെ വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്ററെ സ്ഥലംമാറ്റി. ആരോപണ വിധേയനായ ഫോറസ്റ്റര്‍ അനില്‍ കുമാറിനെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കാണ് സ്ഥലംമാറ്റിയത്. വകുപ്പുതല അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുല്ല ഊരിലെ പുത്തന്‍പുരയ്ക്കല്‍ സരിന്‍ സജി(24)യെ കാട്ടിറച്ചി വില്‍പ്പനയ്ക്ക് കൊണ്ടുപോയി എന്നാരോപിച്ചാണ് സെപ്റ്റംബര്‍ 29-ന് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് ആദിവാസി സംഘടകള്‍ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. സി.പി.എമ്മും സി.പി.ഐ.യും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആരോപണം ഇങ്ങനെ

കാട്ടിറച്ചി വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സരിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. യുവാവിന്റെ ഓട്ടോറിക്ഷയില്‍നിന്ന് മ്ലാവിന്റേതെന്ന് കരുതുന്ന രണ്ട് കിലോ ഇറച്ചി കിട്ടിയെന്നാണ് വനംവകുപ്പ് പറയുന്നത്.

എന്നാല്‍, ഇത് കെട്ടിച്ചമച്ചതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. സെപ്റ്റംബര്‍ 29-ന് രാവിലെ ആറോടെ സരിന്റെ ഓട്ടോറിക്ഷ പരിശോധനയ്ക്ക് ശേഷം സെക്ഷന്‍ ഓഫീസിന് കീഴിലുള്ള വന്‍മാവ് ചെക്ക് പോസ്റ്റ് കടന്നുപോയതാണ്. ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല.

പിന്നീട് യുവാവ് ഓട്ടോറിക്ഷ വളകോട്ട് പാര്‍ക്ക് ചെയ്തതിനുശേഷം കെ.എസ്.ആര്‍.ടി.സി.യില്‍ പാലായിലേക്ക് പോയി. വാഗമണ്ണില്‍ എത്തിയപ്പോള്‍ ഫോറസ്റ്റുകാര്‍ വിളിക്കുകയും തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം തിരിച്ചെത്തിയപ്പോള്‍ ചെക്ക് പോസ്റ്റില്‍വെച്ച് അകാരണമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് ആരോപണം.

കസ്റ്റഡിയില്‍ എടുത്തശേഷം ഇറച്ചി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഓട്ടോറിക്ഷയില്‍ വെച്ചതാണെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും പറയുന്നത്. സരിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

നടപടിക്രമങ്ങളിലും സംശയം

ഇത്തരം കേസുകളില്‍ റേഞ്ച് ഓഫീസര്‍തൊട്ടുമുകളിലേക്കുള്ള ഉദ്യോഗസ്ഥനാണ് മഹസര്‍ തയ്യാറാക്കി ഒപ്പിട്ട് കോടതിക്ക് നല്‍കേണ്ടത്. എന്നാല്‍, ഇവിടെ ഫോറസ്റ്ററാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് റേഞ്ച് ഓഫീസര്‍ എത്തിയിരുന്നു.

എന്നിട്ടും അദ്ദേഹം ഒപ്പിടാത്തത് കള്ളക്കേസാണെന്ന് ബോധ്യമുള്ളതിനാലാണെന്നാണ് സമരസമിതിയും ബന്ധുക്കളും ആരോപിക്കുന്നത്.

ഇത്തരം കേസുകളില്‍ സാധാരണഗതിയില്‍ അത്രപെട്ടെന്ന് ജാമ്യം ലഭിക്കാറില്ല. എന്നാല്‍, ഈ കേസില്‍ സരിന് 11-ാം ദിവസം ജാമ്യം ലഭിച്ചു. ഇത് നടപടിക്രമങ്ങളിലെ വീഴ്ചകള്‍ കോടതിക്ക് മനസ്സിലായതിനാലാണെന്നും സമരസമിതി പറയുന്നു. കാട്ടിറിച്ചിയാണെന്ന് തെളിയിക്കാനുള്ള പരിശോധന ഇതുവരെ നടന്നിട്ടില്ല.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടപടി ക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ സനോജ്, സനില്‍ എന്നിവര്‍ക്ക് എതിരേയും കേസ് എടുത്തിരുന്നു. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.

സമ്മര്‍ദം ഏറെ, ഊരുക്കൂട്ടങ്ങള്‍ സഹകരിക്കില്ല

വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉന്നതരാഷ്ട്രീയ നേതൃത്വവും സമരം നിര്‍ത്തണം എന്നാവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദം ചെലുത്തുന്നതായി സമരസമിതി ആരോപിച്ചു. എന്നാല്‍, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് എതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 25 മുതല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനുമുന്നില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങാനും തീരുമാനിച്ചു. സത്യാഗ്രഹം ഉദ്ഘാടനം ചെയ്യാന്‍ ആദിവാസി രാജാവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് കുടികളില്‍നിന്ന് കൂടുതല്‍ ആദിവാസികള്‍ എത്തുകയും ചെയ്യുന്നതോടെ പ്രക്ഷോഭം ശക്തമാകും എന്ന് നേതാക്കള്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി ഉണ്ടാകുംവരെ വനംവകുപ്പ് നടപ്പാക്കുന്ന ഒരു പദ്ധതികളിലും ഇക്കോ െഡവലപ്‌മെന്റ് കമ്മിറ്റികളും (ഇ.ഡി.സി.) ഊരുക്കൂട്ടങ്ങള്‍ സഹകരിക്കില്ല.

ദുരിതങ്ങള്‍ അതിജീവിച്ച് മൂന്ന് റാങ്ക് ലിസ്റ്റുകളില്‍

ബി.കോം. ബിരുദധാരിയായ സരിന്‍ പി.എസ്.സി. യുടെ മൂന്ന് റാങ്ക് ലിസ്റ്റിലുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വരാനുമുണ്ട്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യത്തെ അതിജീവിച്ചാണ് സരിന്‍ ഇവിടെവരെയെത്തിയത്. നിര്‍ധന കുടുംബമാണ്. അടച്ചുറപ്പുള്ള വീടുപോലുമില്ല. അച്ഛന്‍ കൂലിപ്പണി ചെയ്താണ് മകനെ പഠിപ്പിച്ചത്. സരിന് ഒരു ഓട്ടോറിക്ഷയുണ്ട്. ഇത് ഓടിച്ച് കിട്ടുന്ന വരുമാനംകൊണ്ടുകൂടിയാണ് കുടുംബം പുലര്‍ന്നിരുന്നത്. അതിപ്പോള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

സരിന് സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ കഷ്ടപ്പാടുകള്‍ എല്ലാം അവസാനിക്കുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അതിനാല്‍, സത്യസന്ധമായ അന്വേഷണം നടത്തി സരിന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

Content Highlights: adivasi, youth, false accusation, forest department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented