പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നമായിരുന്നു ഷര്‍മിള ജയറാം. പാലക്കാടന്‍ കാടുകളില്‍ എവിടെ കഞ്ചാവ് ഉണ്ടോ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് ഷര്‍മിളയെന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അവിടെ എത്തിയിരിക്കും.
തീര്‍ത്തും അപ്രതീക്ഷിതമായി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വാഹനാപകടത്തെ തുടര്‍ന്ന് ഷര്‍മിള യാത്രയാകുമ്പോള്‍ നഷ്ടം സര്‍ക്കാരിനും വനംവകുപ്പിനും മാത്രമല്ല പാലക്കാടിന്റെ വനയോരമേഖയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കൂടിയാണ്. കാടിന് മാത്രമല്ല കാടിന്റെ മക്കള്‍ക്കും കാവലായിരുന്നു ഷര്‍മിള എന്ന യുവ ഉദ്യോഗസ്ഥ.
മരണത്തോടും പോരാടി, ഒടുവില്‍...
ഡിസംബര്‍ 24-ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനം പുഴയിലേക്ക് മറിഞ്ഞു.
ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്ന് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷര്‍മിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷര്‍മിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള (32) ഭര്‍ത്താവ് വിനോദ്, റിയാന്‍ഷ് (4) ഏകമകനാണ്.

കാടറിയുന്ന, കാടിനെ അറിയുന്ന ഷര്‍മിള
2017ലാണ് ഷര്‍മിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. കാടകങ്ങളിലെ കഞ്ചാവ് കൃഷിയെ പലപ്പോഴും വനപാലകര്‍ ഗൗനിച്ചിരുന്നില്ല. പാലക്കാടന്‍ വനങ്ങളിലെ മാവോവാദികളുടെ സാന്നിധ്യമാണ് കാടുകയറുന്നതില്‍ നിന്ന് വനപാലകരെ പിന്തിരിപ്പിരിപ്പിച്ചത്. പക്ഷേ പാലക്കാട്ടുകാരിയായ ഷര്‍മിളയ്ക്ക് കാട് അപരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു വനപാലകര്‍ മടിച്ചുനിന്നപ്പോഴും ഷര്‍മിള കാടുകയറി. കഞ്ചാവ് തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഷര്‍മിള കാടുകയറാന്‍ തുടങ്ങിയതോടെ കഞ്ചാവ് മാഫിയ കാടിറങ്ങിത്തുടങ്ങി.

കാരുണ്യത്തിന്റെ ആരണ്യകം
ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും ജോലിക്കും അപ്പുറത്ത് പാലക്കാടന്‍ ഊരുകളിലെ വികസനത്തിനും ഷര്‍മിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ കേട്ടു. അവരിലൊരാളായി. അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ആരണ്യകം പദ്ധതി. സമാനമനസ്‌കരുടെ പിന്തുണയോടെയായിരുന്നു പദ്ധതി.
പ്രളയത്തിലും കൈത്താങ്ങ്
കഴിഞ്ഞ പ്രളയത്തില്‍ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോള്‍ ഭവാനിപ്പുഴ കലിതുള്ളിയപ്പോള്‍ അവിടെയും ഷര്‍മിള രക്ഷയ്‌ക്കെത്തി. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാന്‍ ഷര്‍മിളയാണ് നേതൃത്വം നല്‍കിയത്.
ഷര്‍മിള വിടപറയുമ്പോള്‍ നഷ്ടം വനംവകുപ്പിനോ, കുടംബത്തിനോ മാത്രമല്ല.. എന്നും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാലക്കാടന്‍ ഊരുകള്‍ക്ക് കൂടിയാണ്.
Content Highlight:, forest range officer Sharmila Jayaram dies in accident