എ.കെ. ശശീന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിന്റെ പ്രസ്താവനയ്‌ക്കെതിരേ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. പ്രസ്താവന ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. വനംകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ്. നിയമം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതു പോലെയാണ് സി.പി. മാത്യുവിന്റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കാട്ടാനകളെ നെറ്റിക്ക് വെടിവെച്ച് കൊല്ലാന്‍ കഴിവുള്ള സുഹൃത്തുക്കള്‍ തനിക്ക് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമുണ്ടെന്നാണ് പറഞ്ഞത്. വനംകൊള്ളക്കാരായ ഷൂട്ടര്‍മാരുമായി ചങ്ങാത്തം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അറിഞ്ഞുകൊണ്ട് പറഞ്ഞതാണോ അറിയാതെ പറഞ്ഞതാണോ എന്ന് അറിയില്ല'- മന്ത്രി പറഞ്ഞു.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് ജനങ്ങളില്‍ അനാവശ്യമായ പ്രകോപനം ഉണ്ടാക്കി. ഇടുക്കി മേഖലയില്‍ ക്രമസമാധാനത്തകര്‍ച്ച ഉണ്ടാക്കുക എന്ന ദുരുദ്ദേശം അദ്ദേഹത്തിനുണ്ടോ എന്നും സംശയമുണ്ട്. ഇത്തരത്തിലുള്ള പരസ്യനിലപാട് സ്വീകരിക്കരുതെന്നും നിയമവിരുദ്ധമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്യാന്‍ പാടില്ലെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അവരുടെ ജില്ലാ പ്രസിഡന്റിനെ ബോധ്യപ്പെടുത്തുമെന്ന് കരുതുകയാണെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിലെ കാട്ടാനശല്യത്തിനെതിരേ അതിരൂക്ഷ പ്രതികരണമായിരുന്നു ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു പൂപ്പാറയില്‍ നടത്തിയത്. ഞങ്ങള്‍ക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലുമൊക്കെ ആനയുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവെക്കുന്ന സുഹൃത്തുക്കളൊക്കെയുണ്ട്. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആന കാരണമുള്ള ബുദ്ധിമുട്ട് ഇനിയുണ്ടായാല്‍, ആ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാന്‍ നിയമവിരുദ്ധമാണെങ്കില്‍ ആയിക്കോട്ടെ പക്ഷേ, വെടിവെച്ചുകൊല്ലാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമാകും-എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlights: forest minister ak saseendran criticises cp mathew remark on wild elephant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..