മുതുമലയിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:നവനീത് നായർ/മാതൃഭൂമി
തൃശ്ശൂർ: കാട്ടുപന്നികളുടെ എണ്ണം കൂടുകയല്ല, കുത്തനെ കുറയുകയാണെന്ന കണ്ടെത്തലുമായി സംസ്ഥാന വനംവകുപ്പ്. 2010-നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവാണുണ്ടായത്. കാട്ടാനകളുടെ എണ്ണവും കുറഞ്ഞെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. 12 വർഷത്തിനിടെ 356 എണ്ണം കുറഞ്ഞു. പുള്ളിമാന്റെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. കടുവ, കാട്ടുപോത്ത്, മ്ലാവ് എന്നിവ വർധിച്ചു.
കേരളത്തിൽ വന്യജീവികളുടെ എണ്ണം കൂടിയെന്നും വന്യജീവി ആക്രമണം കൂടാൻ അതാണ് കാരണമെന്നുമുള്ള വാദം ഉയരുന്നതിനിടെയാണ് വനംവകുപ്പിന്റെ കണക്ക്. റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
2002-നുശേഷം സംസ്ഥാനത്ത് വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല. ഓരോ വിഭാഗത്തിലെയും മൃഗങ്ങളെയും പ്രത്യേകം നിരീക്ഷിക്കുന്ന രീതിയാണിപ്പോൾ. കടുവയെയും വരയാടിനെയുംമാത്രം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. കാട്ടാനകളുടെ കണക്കെടുപ്പുമാത്രമാണ് കൃത്യമായ ഇടവേളകളിൽ വനംവകുപ്പ് നടത്തുന്നത്.
വനവിസ്തൃതി കൂടി
2010-ൽ സംസ്ഥാനത്തെ വനവിസ്തൃതി 11,309.475 ചതുരശ്രകിലോമീറ്റർ ആയിരുന്നു. ആകെ ഭൂവിസ്തൃതിയുടെ 29 ശതമാനം. ഇതിൽ 215.438 ചതുരശ്രകിലോമീറ്റർ വർധനയുണ്ടായി. ആകെ ഭൂവിസ്തൃതിയുടെ 0.065 ശതമാനമാണ് വനം വർധിച്ചത്.
വന്യജീവി ആക്രമണം: ഒരുവർഷം കൊല്ലപ്പെട്ടത് 144 പേർ
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ ഒരുവർഷത്തിനിടെ കൊല്ലപ്പെട്ടത് 144 പേരാണ്. അഞ്ചുവർഷത്തിനിടെ കൊല്ലപ്പെട്ടവർ 640. 2021-22-ൽമാത്രം 1416 പേർക്ക് പരിക്കേറ്റു. അഞ്ചുവർഷത്തിനിടെ 6252 പേർക്ക് പരിക്കേറ്റതായി കണക്കുകളിൽ വ്യക്തം. 8805 കർഷകർക്ക് കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. 2021 ജൂൺമുതലുള്ള 8231 അപേക്ഷകളാണ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
Content Highlights: Forest Department- wild boar and wild deer have declined-Tiger increased
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..