കടുവയ്ക്കായി തിരച്ചിൽ നടത്തുന്നവർ | Photo: Mathrubhumi
മാനന്തവാടി: പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസിന്റെ മരണത്തിനു കാരണക്കാരനായ കടുവയെ കണ്ടെത്താന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. രണ്ടാംദിവസം നടത്തിയ തിരച്ചിലിലും കടുവയുടെ പൊടിപോലും കണ്ടെത്താനായില്ല. തൊണ്ടര്‍നാട്-തവിഞ്ഞാല്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന കബനി പുഴയുടെ സമീപത്തുള്ള സ്വകാര്യതോട്ടത്തിലാണ് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്. പുഴക്കരയിലും സമീപത്തെ വയലിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെത്തുടര്‍ന്നാണിത്. വെള്ളിയാഴ്ച രാവിലെ ആലക്കല്‍ തറവാട്ടില്‍ നടന്ന ബേസ് ക്യാമ്പിനുശേഷമാണ് എട്ടുമണിയോടെ ആറുടീമുകളായി തിരച്ചിലിനിറങ്ങിയത്. വെള്ളിയാഴ്ച കടുവയുടെ സാന്നിധ്യമുണ്ടായ തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലെ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. പിന്നീട് തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലുള്ള മുടപ്പിനാല്‍ കടവിനു സമീപത്തുള്ള വയലിലേക്കാണ് തിരച്ചില്‍സംഘം ഇറങ്ങിയത്. ഉച്ചയ്ക്കുശേഷം കുങ്കിയാനയുടെ സഹായത്തോടെ സമീപത്തെ തോട്ടത്തിലും തിരച്ചില്‍ നടത്തി. ഈ തിരച്ചില്‍ ആറുമണിവരെ തുടര്‍ന്നു.
ഒരപ്പ് ഭാഗത്ത് കടുവയെ കണ്ടതായി ചിലരില്‍നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഘം അങ്ങോട്ടുനീങ്ങി. പക്ഷേ, അവിടെയൊന്നും കടുവയുണ്ടെന്ന സൂചന ലഭിച്ചില്ല. ഏഴരയോടെയാണ് വെള്ളിയാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മടങ്ങിയത്. ബേസ് ക്യാമ്പ് ശനിയാഴ്ചമുതല്‍ കുളത്താടയിലെ പി.കെ. ഷൈബി സ്മാരക ഹാളിലാണ് പ്രവര്‍ത്തിക്കുക. ഇവിടെനിന്നുള്ള കൂടിയാലോചനയ്ക്കുശേഷം രാവിലെ എട്ടോടെ ഏഴുസംഘങ്ങള്‍ തിരച്ചിലിനിറങ്ങും.
രാത്രി പട്രോളിങ്ങിന് അഞ്ച് ടീം
തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിന് അഞ്ചു ടീമിനെ വിന്യസിച്ചു. വരയാല്‍, പുല്പള്ളി, ബേഗൂര്‍, തോല്പെട്ടി ഫോറസ്റ്റ് സ്റ്റേഷനുകളില്‍നിന്നുള്ള ടീമിനുപുറമേ കോഴിക്കോട്, വയനാട് റാപ്പിഡ് റെസ്പോണ്‍സ് ടീമും പട്രോളിങ്, തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ മുഴുവന്‍സമയവും ജില്ലയില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഇന്സ്പെക്ഷന് ആന്‍ഡ് ഇവാല്യുവേഷന് വിങ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്. നരേന്ദ്രബാബുവും വെള്ളിയാഴ്ച സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. മാര്ട്ടിന് ലോവല്‍, സാമൂഹ്യ വനവത്കരണവിഭാഗം എ.സി.എഫ്. ഹരിലാല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന, കോഴിക്കോട് ഫ്ലൈങ് സ്ക്വാഡ് ഡി.എഫ്.ഒ. സുനില്‍കുമാര്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ടീം ടെക്നിക്കല്‍ അസിസ്റ്റന്റ് കെ. രാജന് എന്നിവരും വെള്ളിയാഴ്ച സ്ഥലത്തെത്തി വനപാലകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
കടുവയെ കണ്ടെത്തിയാലും ജനവാസമേഖലയായതിനാല്‍ വളരെ കരുതലോടെമാത്രമേ മയക്കുവെടിവെക്കാന്‍ കഴിയുള്ളൂ എന്നാണ് വനപാലകര്‍ പറയുന്നത്. കൃത്യമായി വെടികൊണ്ടില്ലെങ്കില്‍ കടുവ ഓടി ജനവാസകേന്ദ്രത്തിലെത്തിയാല്‍ കൂടുതല്‍ അപകടമുണ്ടാവും. മയക്കുവെടി കൊണ്ടാലും കടുവ മയങ്ങാന്‍ അരമണിക്കൂറോളം സമയമെടുക്കും. കടുവയുള്ള പ്രദേശം ജനവാസകേന്ദ്രമാണെന്നത് വനംവകുപ്പിന് കൂടുതല്‍ പ്രയാസത്തിലാക്കുന്നുണ്ട്. എങ്കിലും കടുവയെ വളരെ വേഗംതന്നെ പിടികൂടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്നാണ് വനംവകുപ്പ് പറയുന്നത്.
പുതുശ്ശേരിയിലെ കടുവ ആക്രമണം വിന്യസിച്ചത് 279 പോലീസ് ഓഫീസര്‍മാരെ
മാനന്തവാടി: പുതുശ്ശേരിയിലെ കടുവ ആക്രമണത്തെത്തുടര്‍ന്ന് ക്രമസമാധാനച്ചുമതലകള്ക്കായി വിന്യസിച്ചത് 279 പോലീസ് ഓഫീസര്‍മാരെ. ആറു ഡിവിഷനുകളാക്കിയാണ് പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാനന്തവാടിയിലെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസ്, വയനാട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രി, പുതുശ്ശേരിയിലെ തോമസിന്റെ വീട്, പള്ളി, കല്പറ്റ, മാനന്തവാടി എം.എല്‍.എ. ഓഫീസുകള്‍, കല്പറ്റയിലെ എം.പി. ഓഫീസ്, മാനന്തവാടിയില്‍നിന്ന് പുതുശ്ശേരിയിലേക്കുള്ള വഴി, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നിങ്ങനെ വിഭജിച്ചാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍. ആറ്് ഡിവൈ.എസ്.പി.മാരെയും 12 പോലീസ് ഇന്‍സ്പെക്ടര്‍മാരെയും എസ്.ഐ., എ.എസ്.ഐ.മാര്‍ ഉള്‍പ്പെടെ 42 പേര് എന്നിവരെയും 196 സിവില്‍ പോലീസ് ഓഫീസര്‍മാരെയും 23 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. കല്പറ്റ എ.എസ്.പി. തപോഷ് ബസുമതിക്കാണ് മാനന്തവാടി സബ്ഡിവിഷന്റെ ചുമതല. കോഴിക്കോട് റൂറല്‍ എസ്.പി. ആര്. കറുപ്പസ്വാമിക്കാണ് ജില്ലയുടെ ഏകോപനച്ചുമതല. ജില്ലാ പോലീസ് മേധാവി ആര്. ആനന്ദും മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനും ശബരിമലജോലിയിലായതിനാണ് കറുപ്പസ്വാമിക്കും തപോഷ് ബസുമതിക്കും ചുമതലനല്‍കിയത്.
കടുവയെ പിടിക്കാന്‍ പൊന്മുടിക്കോട്ടയില് കൂടുവെച്ചു
അമ്പലവയല്‍: കടുവസാന്നിധ്യം സ്ഥിരീകരിച്ച അമ്പലവയല്‍ പൊന്മുടിക്കോട്ടയില് വനംവകുപ്പ് കൂടുസ്ഥാപിച്ചു. പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരുമാസംമുമ്പ് കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞ് ഈ പ്രദേശത്തുതന്നെയുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
അമ്പലവയല്‍ ടൗണിന് തൊട്ടടുത്തുള്ള മാളികയില്‍ വരെയെത്തി രണ്ടാടുകളെ കൊന്നുതിന്ന കടുവയെ പിടിക്കാന്‍ കൂടുവെക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെങ്കിലും വനംവകുപ്പ് അനുകൂല നടപടിയെടുത്തില്ല. പൊന്മുടിക്കോട്ട പ്രദേശത്ത് പലതവണ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനുമായില്ല. വ്യാഴാഴ്ച മാനന്തവാടി പുതുശ്ശേരിയില്‍ കടുവയാക്രമിച്ച് കര്ഷകന് മരിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂടുസ്ഥാപിച്ചത്.
വനവുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലങ്ങളാണ് അമ്പലവയല്‍ പൊന്മുടിക്കോട്ട, എടക്കല്‍ പ്രദേശങ്ങള്‍. നൂറുകണക്കിന് കുടുംബങ്ങളാണ് ഇപ്പോഴും കടുവപ്പേടിയില്‍ കഴിയുന്നത്. എടയ്ക്കല്‍ ഗുഹയിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ ഭീഷണിയായി കടുവ മാറിയിട്ടുണ്ട്. ഒരിടത്തുതന്നെ തമ്പടിച്ച് രാത്രികാലങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവ കൂട്ടിലാകുമെന്ന പ്രതീക്ഷയിലാണെന്ന് പഞ്ചായത്തംഗം ബിജു ഇടയനാല്‍ പറഞ്ഞു.
Content Highlights: forest department searching tiger who killed a man in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..