മയറൂര്‍: മറയൂരിലെ ചന്ദനക്കടത്തുകാരുടെ പേടി സ്വപ്‌നമായിരുന്ന ഡിങ്കോ ഇനിയില്ല. നിരവധി ചന്ദനക്കടത്ത് കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ വനംവകുപ്പിന്റെ നായ കിച്ചു എന്ന് വിളിക്കുന്ന ഡിങ്കോ വിടവാങ്ങി. സര്‍വീസില്‍ നിന്ന് വിരിമിച്ച ശേഷം വിശ്രമജീവതം നയിച്ചിരുന്ന ഡിങ്കോ പ്രായാധിക്യം മൂലമാണ് മരിച്ചത്. ഇന്ന് രാവിലെ 9.20ഓടെയായിരുന്നു അന്ത്യം. തുടര്‍ന്ന് വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ നിഷ റേച്ചല്‍ എത്തി മരണം സ്ഥിരീകരിച്ചു. 

ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന 12 വയസിനടുത്ത് പ്രായമുണ്ടായിരുന്ന നായയായിരുന്നു ഡിങ്കോ. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഡിങ്കോ 2011ലാണ് വനംവകുപ്പിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് പ്രമാദമായ നാല് ചന്ദനക്കടത്ത് കേസുകള്‍ തെളിയിച്ച ഡിങ്കോ 35-ഓളം കേസുകള്‍ക്കാണ് തുമ്പുണ്ടാക്കിയത്. ചന്ദനം മണത്ത് കണ്ടുപിടിക്കുന്നതിലുള്ള പ്രത്യേക വൈദഗ്ധ്യമാണ് ഡിങ്കോയെ പ്രിയങ്കരനാക്കിയത്. 

എട്ട് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കി 2019-ലാണ് ഡിങ്കോ വനംവകുപ്പിലെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. സര്‍വീസില്‍ നിന്നു റിട്ടയര്‍ ചെയ്തിട്ടും സര്‍വീസ് കാലാവധിയില്‍ നല്‍കിയ സേവനങ്ങള്‍ക്കു പകരം ഉദ്യോഗസ്ഥര്‍ സംരക്ഷിച്ചുവരികയായിരുന്നു ഡിങ്കോയെ. ശാന്തനായ നായയയായിരുന്നു ഡിങ്കോയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മറയൂര്‍ റെയ്ഞ്ച് ഓഫീസര്‍ എം.ജി. വിനോദ് കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ കെ.വി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ടിങ്കോയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഡിങ്കോ റിട്ടയര്‍ ചെയ്തതോടെ വനംവകുപ്പിനു സേവനം നല്‍കാനെത്തിയ പെല്‍വിനും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 

Content Highlights: Forest Department's dog Dingo died