കൊച്ചി: പത്തനംതിട്ടയില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മത്തായി എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
പത്തനംതിട്ട ജില്ലാപോലീസ് മേധാവിയാണ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് മുമ്പാകെ നല്‍കേണ്ടത്. ദുരൂഹമരണമല്ല എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഭാര്യയുള്‍പ്പടെയുളളവരുടെ മൊഴികള്‍ അന്വേഷണസംഘത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആത്മഹത്യരീതിയില്‍ പോലീസ് കേസിനെ സമീപിച്ചത് എന്തുകൊണ്ടാണ്.
മരണം സംഭവിച്ച സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പുകണ്ടതായി മൊഴികളുണ്ട്. അതുസംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ഏതൊക്കെ നിലയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നതിന്റെ ആദ്യഘട്ട റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം. അത് വിലയിരുത്തിയ ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ കോടതി പരിശോധിക്കുക. 21-ാം തിയതി ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Content Highlights:Forest department custodial death: High court seeks investigation report from police