മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ| File Photo:ANI
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയില്‍ ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. മരംമുറി നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകള്‍ പുറത്തുവന്നു. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ ഇ-ഫയല്‍ രേഖകളില്‍ വ്യക്തമാകുന്നത്.
നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. എന്നാല്‍ ജലവിഭവ വകുപ്പില്‍ നിന്ന് മരംമുറിക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വളരെ നേരത്തെ തുടങ്ങിയിരുന്നാണ് രേഖകള്‍. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരിക്കുന്നു. വനംവകുപ്പില്‍ നിന്നാണ് ഫയല്‍ എത്തുന്നത്. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയല്‍ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതുനുശേഷം ടികെ ജോസിന്റെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. സെപ്റ്റംബര്‍ 15ന് ടികെ ജോസും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തിലും യോഗം ചേര്‍ന്നു. ഒക്ടോബര്‍ 17ന് അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന് തോമസ് വനംമന്ത്രിക്ക് നല്കിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു.
content highlights: forest department began tree cut process months ago says e-file documents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..