ഫൊറൻസിക് വിദഗ്ധപരിശോധന നടത്തിയപ്പോൾ,ഇരുചക്രവാഹനത്തിൽ എത്തിയയാൾ എ.കെ.ജി. സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് മടങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം (ഫയൽചിത്രങ്ങൾ ).
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ എ.കെ.ജി. സെന്റര്‍ ആക്രമണ കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കത്തിന് സമാനമായ വസ്തുവെന്ന് ഫൊറന്സിക്കിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോംബെന്ന സി.പി.എം. അവകാശവാദം തള്ളുന്നതാണ് ശാസ്ത്രീയ പരിശോധനാഫലം. വലിയ നാശമുണ്ടാക്കാന്‍ ശേഷിയില്ലാത്ത, ഏറുപടക്കത്തിന് സമാനമായ വസ്തു എന്നാണ് ഫോറന്‍സിക് കണ്ടത്തല്‍.
സംഭവസ്ഥലത്തുനിന്ന് രേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡര്‍ എന്നിവയാണ്. വീര്യംകുറഞ്ഞ നാടന്‍ പടക്കങ്ങളുണ്ടാക്കാനാണ് സാധാരണ ഈ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. വലിയ ശബ്ദമുണ്ടാകുമെങ്കിലും നാശനഷ്ടമുണ്ടാക്കില്ല. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ബോംബിലേതിന് സമാനമായ രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബ് ആണെന്നായിരുന്നു ആക്രമണത്തിന് തൊട്ടുപിന്നാലെ സി.പി.എം. നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ വാദങ്ങളെ തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
അതേസമയം, എ.കെ.ജി സെന്ററിനു നേര്‍ക്ക് ആക്രമണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. അക്രമി എത്തിയതിന് സമാനമായ സ്കൂട്ടര്‍ സംബന്ധിച്ച് വാഹന കമ്പനികളില്‍നിന്ന് വിവരം തേടിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആക്രമണം നടന്ന് ഒരാഴ്ചയാകാറാകുമ്പോളും പ്രതി ആര് എന്ന ചോദ്യത്തിനും പൊലീസിന് ഉത്തരമില്ല.
സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിയാമെന്ന പ്രതീക്ഷ ഇപ്പോള്‍ പോലീസിനില്ല. അക്രമിയുടേതിന് സമാന മോഡല്‍ സ്കൂട്ടര്‍ കണ്ടെത്താനാണ് ശ്രമം. വാഹന കമ്പനികളില്‍നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. സമാന മോഡലിലുള്ള രണ്ടായിരത്തോളം സ്കൂട്ടറുകള് ഉണ്ടാകുമെന്നാണ് പൊലീസിന് മറുപടി ലഭിച്ചിരിക്കുന്നത്. ഇനി ഇതില്‍നിന്ന് പ്രതിയുടെ വാഹനം ഏതെന്ന് കണ്ടെത്തുകയാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..