പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതില്‍ കേരളം വന്‍വീഴ്ചവരുത്തിയതായി സി.എ.ജി.യുടെ കണ്ടെത്തല്‍. പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ ജൂലായില്‍ പ്രസിദ്ധീകരിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ അനുവര്‍ത്തന ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുന്നു. 2016-2021 കാലത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കല്‍, ലൈസന്‍സും രജിസ്ട്രേഷനും നല്കല്, പരിശോധന, സാംപിള്‍ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം, എന്നിവയില്‍ വിവിധഘട്ടങ്ങളില്‍ അപാകം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവുകാരണം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല.
പരിശോധന നടത്തേണ്ട ഓഫീസര്‍മാര്‍ ലൈസന്‍സുള്ള ഭക്ഷ്യസ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനുള്ള കാലയളവ് നിര്‍ദേശിക്കാത്തത് വലിയ വീഴ്ചയാണ്. രജിസ്ട്രേഷനുള്ള കാറ്ററിങ് സ്ഥാപനങ്ങള്പോലുള്ളവ വര്‍ഷംതോറും പരിശോധിക്കണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചിട്ടുമില്ല.
സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റിവിജ്ഞാപനം ചെയ്ത ലബോറട്ടറികളില്‍ എല്ലാ ഘടകങ്ങളുടെയും പരിശോധനയ്ക്ക് ഗുണനിലവാരമാനദണ്ഡമായ എന്‍.എ.ബി.എല്‍. അംഗീകാരം നേടാനാവാത്തത് പ്രധാന പോരായ്മയാണ്. ശബരിമലക്ഷേത്രത്തിലെ വഴിപാടുസാധനങ്ങള്‍, അസംസ്കൃതവസ്തുക്കള്‍ എന്നിവ ആവശ്യമായ എല്ലാ ഘടകങ്ങളും പരിശോധിക്കാതെയാണ് തൃപ്തികരം എന്നു രേഖപ്പെടുത്തുന്നത്. പിഴയും പിരിച്ചെടുക്കുന്നതിലും വീഴ്ചവരുത്തി.
സി.എ.ജി.ശുപാര്‍ശകള്‍
എല്ലാ ഭക്ഷ്യോത്പാദന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമാക്കുക, അപേക്ഷകളില്‍ കാലതാമസം വരുത്താതിരിക്കുക.
കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് മുന്കൂര്വിവരം ലഭിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക
പരമാവധി ഭക്ഷ്യസാംപിളുകള്‍ പരിശോധിക്കുന്നതിനും ഭക്ഷ്യയോഗ്യമല്ലാത്തവ വിപണിയില്‍നിന്ന് നീക്കുന്നതിനും മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുക
വകുപ്പിന് കീഴിലുള്ള ലബോറട്ടറികള്‍ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം ലഭ്യമാക്കുക
പരിശോധനയ്ക്ക്പ്രത്യേക ദൗത്യസംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി പ്രത്യേക ദൗത്യസംഘം (ഇന്റലിജന്‍സ്) രൂപവത്കരിച്ചു. ഭക്ഷ്യവിഷബാധപോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനും മായംചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുംമുമ്പ് തടയാനുമാണ് സംഘം രൂപവത്കരിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് പ്രത്യേക ദൗത്യസേനയിലുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ ദൗത്യ സംഘം നടത്തും.
Content Highlights: food safety kerala CAG
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..