പ്രതീകാത്മക ചിത്രം
തൃശ്ശൂര്‍: തീവണ്ടിയാത്രയ്ക്കിടെ ഒമ്പതു കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴുപേരെ യാത്രാമധ്യേ ആശുപത്രികളിലാക്കി. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനാലാണിത്. മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്നിന്നാണെന്ന സംശയത്തില്‍ റെയില്‍വേ ആരോഗ്യവിഭാഗം പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച മറ്റാര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടത്തെ ഭക്ഷണമാണോ പ്രശ്നമായതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. അഞ്ചുപേരെ തൃശ്ശൂരിലും രണ്ടുപേരെ എറണാകുളത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ആരുടെയും നില ഗുരുതരമല്ല. ഉച്ചയോടെ എല്ലാവരും തിരുവനന്തപുരത്തെ വീടുകളിലെത്തി.
തിരുവനന്തപുരം അയിലം സ്വദേശികളായ ശ്രദ്ധ (13), അഭിനവ് (11), അവന്തിക (ഒമ്പത്), നിരഞ്ജന (4), നിവേദ്യ (നാല്), ദിയ (അഞ്ച്), നീലാംബരി (ഒമ്പത്), അദ്വൈത് (15), ബ്രഹ്മദത്ത് (13), ദിയയുടെ അമ്മ ശ്രീക്കുട്ടി (29), സുപ്രഭ (55) എന്നിവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീകൈലാസ് ഡാന്‍സ് അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളുമാണ് വണ്ടിയിലുണ്ടായിരുന്നത്. മൂകാംബികയില്‍ കുട്ടികളുടെ അരങ്ങേറ്റം കഴിഞ്ഞുള്ള മടക്കയാത്രയിലാണ് സംഭവം.
മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് എത്തിയ 74 അംഗ സംഘം, 5.45-ന് പുറപ്പെട്ട മാവേലി എക്സ്പ്രസിലെ എസ്-7 കോച്ച് മുഴുവനായി റിസര്‍വ് ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലയില്‍നിന്ന് രാത്രിഭക്ഷണം പാഴ്സലായി വാങ്ങി. വെജിറ്റബിള്‍ ബിരിയാണി, ദോശ, പൊറോട്ട, കടലക്കറി എന്നിവയാണ് വാങ്ങിയത്.
പന്ത്രണ്ടുമണിക്ക് ഷൊര്‍ണൂര്‍ വിട്ടശേഷമാണ് കുട്ടികളില്‍ ചിലര്‍ ഛര്‍ദിച്ചു തുടങ്ങിയത്. വണ്ടി തൃശ്ശൂരില്‍ രാത്രി ഒരുമണിയോടെ എത്തിയപ്പോള്‍ റെയില്‍വേ പോലീസും ആര്.പി.എഫും സജ്ജരായി നിന്നു. തൃശ്ശൂരെത്തിയപ്പോഴേക്കും ശ്രീക്കുട്ടി ബോധരഹിതയായിരുന്നു. ശ്രീക്കുട്ടി, ദിയ, അവന്തിക, നിവേദ്യ, നിരഞ്ജന എന്നിവരെ വേഗം തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
റെയില്‍വേ അന്വേഷണം തുടങ്ങി
മുതിര്‍ന്ന ഏതാനും പേര് തൃശ്ശൂരില്‍ ഇവര്‍ക്കൊപ്പം ഇറങ്ങിയ ശേഷം ബാക്കിയുള്ളവര്‍ മാവേലിയില്‍ തന്നെ യാത്ര തുടര്‍ന്നു. എറണാകുളത്ത് എത്തിയപ്പോള്‍ ശ്രദ്ധ, നീലാംബരി എന്നിവരെ അവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികള്‍ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലക്കാട് നിന്ന് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ആരോഗ്യവകുപ്പധികൃരും ചൊവ്വാഴ്ച രാവിലെ റസ്റ്റോറന്റിലെത്തി ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തു. ഭക്ഷണശാല തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
തരുന്നത് കഴിച്ചോളൂ; റെയില്‍വേയില്‍ ഗുണനിലവാരം ആര് നോക്കാന്‍
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും കിട്ടുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഉണ്ടെന്ന വിശ്വാസത്തില്‍ കഴിക്കുകയേ നിവൃത്തിയുള്ളൂ എന്ന സ്ഥിതി. കാര്യക്ഷമമായ പരിശോധന റെയില്‍വേയില്‍ നടക്കാത്തതാണ് കാരണം. പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേയില്‍ ഇപ്പോഴും ഇല്ല ഒരു ഭക്ഷ്യസുരക്ഷാ സ്ക്വാഡ്.
യാത്രക്കാര്‍ പരാതികളുമായി എത്താനുള്ള സാധ്യതകള്‍ കുറവാണെന്നത് ഉത്തരവാദികളായവര്‍ക്ക് സൗകര്യമാവുന്നു. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റെയില്‍വേയുടെ ഫുഡ് സേഫ്റ്റി ഓഫീസറുടെ പരിശോധനയ്ക്കപ്പുറം മിക്കയിടത്തും ഒന്നും ഉണ്ടാകുന്നില്ല.
റെയില്‍വേയില്‍ ആരോഗ്യവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഡിവിഷനിലും അമ്പതോളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഒരു സ്റ്റേഷനില്‍ത്തന്നെ ജോലി ചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നും കാണുന്ന ഭക്ഷണശാലയ്ക്കെതിരേ എത്രത്തോളം നടപടിയെടുക്കും എന്നത് ചോദ്യമായി അവശേഷിക്കാറുണ്ട്. അതുകൊണ്ടാണ് ഭക്ഷ്യസുരക്ഷാസ്ക്വാഡിന്റെ ആവശ്യകത യാത്രക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
Content Highlights: food poisoning-RAILWAY FOOD
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..