സുലൈഖ
നാദാപുരം: ചെമ്മീന്‍കറി കഴിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ക്ക് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പയന്തോങ്ങ് ചിയ്യൂരിലെ കരിമ്പാലങ്കണ്ടി സുലൈഖ (46) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവര്‍ ചെമ്മീന്‍ വാങ്ങിയ കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് ആരോഗ്യവകുപ്പ് താത്കാലികമായി അടച്ചിട്ടു. നാദാപുരം ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച സുലൈഖയടക്കം വീട്ടിലെ എല്ലാവരും ചെമ്മീന്‍കറി കഴിച്ചിരുന്നു. വീട്ടിലെ മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടില്ല. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ വ്യാഴാഴ്ച വൈകീട്ടുതന്നെ വടകരയിലെ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍, അവര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും വന്നാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്നും മുന്‍കരുതലെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ നടപടിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചേലക്കാട് ജുമഅത്ത് പള്ളി കബറിസ്ഥാനില്‍ കബറടക്കി. ഭര്‍ത്താവ്: കരിമ്പാലങ്കണ്ടി മൊയ്തു. മക്കള്‍: ഫായിസ്, റംസിയ, സുഹൈല്‍, നജില. മരുമക്കള്‍: സമീര്‍, ഷറഫാന. സഹോദരങ്ങള്‍: അബൂബക്കര്‍, ആയിശ, സക്കീന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..