മജ്ലീസ് ഹോട്ടൽ, ഹസൈനാർ
പറവൂർ: പറവൂരിൽ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പോലീസ് എഫ്.ഐ.ആറിൽ ലൈസൻസിയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ സംഭവത്തെ തുടർന്ന് ഒളിവിലാണ്.
തിങ്കളാഴ്ച വൈകീട്ട് ദേശീയപാത 66-നു സമീപം പ്രവർത്തിക്കുന്ന മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ച എഴുപതോളം പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഛർദി, വയറിളക്കം, പനി, വിറയൽ, വയറുവേദന എന്നിവയെ തുടർന്ന് കുട്ടികളടക്കമുള്ളവർ ചികിത്സ തേടി.
പറവൂർ താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ചയും ആറുപേർ ചികിത്സയിലുണ്ട്. മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങി. പറവൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ചയും മൂന്നുപേർ ചികിത്സ തേടിയെത്തി. ഹോട്ടലിന്റെ ഒരു ചെറിയ കെട്ടിടത്തിനു മാത്രമേ ലൈസൻസുള്ളൂ. വെടിമറ കാഞ്ഞിരപ്പറമ്പിൽ മുഹമ്മദ് സിയാദ് ഉൾ ഹഖ് എന്നയാളുടെ പേരിലാണ് ലൈസൻസ്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചാണ് ഹോട്ടലിന്റെ നിർമാണമെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. നഗരസഭ നടത്തിയ അദാലത്തിൽ അനധികൃത കെട്ടിടത്തിന് 35,000 രൂപ പിഴ ചുമത്തി നമ്പർ നൽകുകയാണുണ്ടായതെന്ന് ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻഭാഗത്ത് ദേശീയപാതയോടു ചേർന്നുള്ള ഇവരുടെ ടീ സ്റ്റാളും അനധികൃത നിർമാണമാണ്.
ദേശീയപാതയിൽനിന്ന് സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിന് എൻ.എച്ച്. അതോറിറ്റിയുടെ തിരുവനന്തപുരം റീജണൽ ഓഫീസിൽനിന്നാണ് അനുമതി വാങ്ങേണ്ടത്. ഇപ്പോഴത്തെ നിയമപ്രകാരം 2.80 ലക്ഷം രൂപ ഇതിനായി അടയ്ക്കണം. എന്നാൽ കൊച്ചിയിലെ പ്രോജക്ട് ഓഫീസിൽനിന്ന് ഇതിനുള്ള അനുമതി വാങ്ങിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ലൈസൻസി ഒരാളാണെങ്കിലും പലർ ചേർന്നാണ് മജ്ലിസ് ഹോട്ടൽ നടത്തുന്നതെന്നാണ് വിവരം.
സംഘടനകളുടെ പ്രതിഷേധം
പറവൂർ: ആരോഗ്യ വിഭാഗം സ്ഥിരമായ പരിശോധന നടത്തി മോശം ഭക്ഷണം നൽകുന്നവർക്കെതിരേ ശക്തമായ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ-യുവജന സംഘടനകളുടെ പ്രതിഷേധം. പറവൂർ നഗരസഭാ ഓഫീസിലേക്ക് എ.ഐ.വൈ.എഫ്. പ്രവർത്തകർ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം എൽ. ആദർശ് ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ഓഫീസിനു മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഡെന്നി തോമസ് ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ വിഭാഗം ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അജി പോട്ടാശേരി ഉദ്ഘാടനം ചെയ്തു.
Content Highlights: food poisoning at majlis hotel cook arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..