തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി ചലച്ചിത്രനടന്‍ മണിയന്‍പിള്ള രാജു. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. മണിയന്‍പിള്ള രാജുവിനെ ഭക്ഷ്യമന്ത്രി പി. തിലോത്തമന് വീട്ടിലെത്തി അഭിനന്ദിച്ചു.
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ, 16 ഇനം ഭക്ഷ്യസാമഗ്രികള്‍ ഉള്‍പ്പെടുന്ന കിറ്റാണ് റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുന്നത്. കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് ഇത് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ 'ഡൊണേറ്റ് മൈ കിറ്റ്' ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡ് നമ്പര്‍ നല്കിയാല് ലഭിക്കുന്ന ഒ.ടി.പി എന്റര്‍ ചെയ്താല്‍ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും.
ഈ സൗകര്യം ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിനിയോഗിച്ചാണ് മണിയന്‍പിള്ള രാജു കിറ്റ് തിരികെ നല്‍കിയത്. മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി മണിയന്‍പിള്ള രാജു ഓണ്‍ലൈനായി സമ്മതപത്രം നല്‍കിയത്.
തന്റെ ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന്റെ വിഹിതമാണ് അദ്ദേഹത്തിന്റെ കുടുംബം തിരികെ നല്‍കിയത്. സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് പാവങ്ങള്‍ക്കായി ഇങ്ങനെ ചെയ്യാവുന്നതാണെന്നും രാജു പറഞ്ഞു.
റേഷന്‍ കടയില്‍ പോയി റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്മയെക്കുറിച്ചും മണിയന്‍പിള്ള രാജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്നും സര്‍ക്കാര്‍ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഒട്ടേറെപ്പേര്‍ റേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും മണിയന് പിള്ള രാജു പറഞ്ഞു. റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന് പറഞ്ഞു.
കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ലരീതിയില്‍ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് മണിയന്‍പിള്ള രാജുവിന്റെ അഭിപ്രായപ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം 72 ശതമാനത്തിലേറെപ്പേര്‍ റേഷന്‍ ധാന്യം വാങ്ങിക്കഴിഞ്ഞു. കൂടുതല്‍ അര്‍ഹതയുള്ളവര്‍ക്കായി കിറ്റ് ദാനം ചെയ്ത മണിയന്‍പിള്ള രാജുവിന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
content highlight: food and civil supplies minister praises actor maniyanpillai raju for making use of donate my kit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..