തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കേരളാ മന്ത്രിമാര്‍ നടത്താനിരുന്ന യാത്ര പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്രാനുമതിയും വിസയും ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. പ്രളയാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്. 

മുഖ്യമന്ത്രിക്ക് മാത്രം കര്‍ശന ഉപാധികളോടെ യാത്ര നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും.

ഈ മാസം 17-ന് മുഖ്യമന്ത്രി യുഎഇയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 17 മന്ത്രിമാരും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളെ പാടുള്ളൂവെന്നും കേന്ദ്രം നിർദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരും മുഖ്യമന്ത്രിയോടൊപ്പം എത്തുന്നുണ്ട്.

മൂന്ന് എമിറേറ്റിലും മൂന്നുദിവസവും കാലത്ത് വ്യവസായ-വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. വൈകീട്ട് പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംസാരിക്കും. 17-ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ 18-ന് അവിടത്തെ പരിപാടികളില്‍ സംസാരിക്കും. അന്ന് വൈകീട്ട് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. 19-ന് ദുബായിലായിരിക്കും പിണറായിയുടെ പരിപാടികള്‍. വൈകീട്ട് അല്‍ നാസര്‍ ലഷര്‍ ലാന്‍ഡില്‍വെച്ച് മലയാളികളെ അഭിസംബോധന ചെയ്യുന്ന പരിപാടി സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇതുസംബന്ധിച്ച ആലോചനായോഗം വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ നടന്നു. 20-ന് ഷാര്‍ജയിലും മുഖ്യമന്ത്രി പരിപാടികളില്‍ സംബന്ധിക്കും. 21-ന് അദ്ദേഹം മടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന.

യു.എ.ഇ.യില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ നേതൃത്വത്തിലാണ് ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനയോഗങ്ങള്‍ നടത്തുന്നത്. കേരളത്തിനായുള്ള സഹായം സ്വരൂപിക്കുന്നതിനൊപ്പം നവകേരള നിര്‍മാണത്തിന് ആവശ്യമായ അഭിപ്രായങ്ങള്‍ തേടുന്നതും യാത്രയുടെ ലക്ഷ്യമാണ്. രാജ്യത്തുള്ള കേരള ലോകജനസഭാ അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനായി രംഗത്തുണ്ട്.