ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് എതിരേയുള്ള കടയിലേക്ക് തീപടരുന്നു
പത്തനംതിട്ട: കായ വറക്കുന്ന കടകളിലുണ്ടായ തീപ്പിടിത്തത്തെത്തുടർന്ന് ഗ്യാസ് സിലിൻഡറുകൾ തീഗോളമായി തെറിച്ചു. പൊള്ളലേറ്റും കുഴഞ്ഞുവീണും എട്ടുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാല് കടകൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തി. തീയണയ്ക്കാൻ തുടങ്ങിയശേഷമാണ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചത്. ആളുകളെ അപ്പോഴേക്കും ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ട സെൻട്രൽ ജങ്ഷനിലാണ് സംഭവം. ജനത്തിരക്കുള്ള നഗരനടുവിൽ നടപ്പാതയോടുചേർന്ന് വലിയ അടുപ്പിൽ കായ വറക്കുകയായിരുന്നു. കായ വറത്തുകോരി മുകളിലേയ്ക്ക് എറിഞ്ഞപ്പോൾ അതിനൊപ്പമുള്ള എണ്ണയ്ക്ക് ആദ്യം തീപിടിച്ചു. കടയുടെ സീലിങ്ങിലേക്കും തീപടർന്നു.
ചട്ടിയിലെ എണ്ണയിലേക്കും തീ പിടിച്ചതോടെ ആളിപ്പടരുകയുമായിരുന്നുവെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. രണ്ടുമണിക്കൂർകൊണ്ട്, എട്ട് ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീ അണച്ചത്.
അപകടകരമായി തീ കൈകാര്യം ചെയ്തതിന് കേസെടുത്തതായി ഡിവൈ.എസ്.പി. എസ്. നന്ദകുമാർ പറഞ്ഞു.
അനധികൃതമായി ഗ്യാസ് സിലിൻഡറുകൾ സൂക്ഷിച്ചത് അന്വേഷിക്കുമെന്ന് കളക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചു. കായ വറക്കുന്ന രണ്ട് കടകളിൽനിന്നായി 11 സിലിൻഡറുകൾ കസ്റ്റഡിയിലെടുത്തു.
നടരാജൻ(53), സെയ്താലി(38), ഇജാസ്(30), ഇന്ദു(29), അജ്മൽ(36), സിദ്ദിഖ്(35) അഗ്നിരക്ഷാസേന ജീവനക്കാരായ രമേഷ് കുമാർ (40), സതീഷ് കുമാർ(42) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ത്യൻ ബേക്ക് ഹൗസ് നമ്പർ വൺ ചിപ്സ് എന്ന കടയിലാണ് ആദ്യം തീ പിടിച്ചത്. തൊട്ടടുത്ത് എ വൺ എന്ന, കായ വറക്കുന്ന കടയിലേക്ക് തീ പടർന്നു. നമ്പർ വൺ ചിപ്സിന്റെ അടുപ്പിന്റെ ഒരു ഭിത്തിയകലത്തിലായിരുന്നു എ വണ്ണിന്റെ അടുപ്പ്. അഞ്ജന ഫുട്വെയർ, സെൽടെക് എന്ന മൊബൈൽ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു. ആഷിമ ചിപ്സ് എന്ന കടയും ഭാഗികമായി കത്തി.
നമ്പർവൺ ചിപ്സിൽനിന്ന് സ്ഫോടനത്തോടെ തെറിച്ച ആദ്യ സിലിൻഡർ റോഡിന് 50 മീറ്റർ എതിരെയുള്ള തുണിക്കടയുടെ മുന്നിലെ ഷെയ്ഡിൽ ചെന്നിടിച്ചുവീണു.
ഇതോടെ സമീപത്തെ മറ്റ് കടകളുടെ ഷട്ടറുകൾ താഴ്ത്തി. ആളുകളെയും മാറ്റി. രണ്ട് സിലിൻഡറുകൾ റോഡിന്റെ നടുവിലാണ് വീണത്.
ആദ്യസിലിൻഡർ വന്നുവീണപ്പോൾ ഉണ്ടായ തീയിൽനിന്നാണ്, ഓറഞ്ച് ഫെമിൻ ഷോപ്പ് തുണിക്കടയുടെ ഉടമ ഇജാസിന് പൊള്ളലേറ്റത്. എതിർവശത്തുള്ള ഗിരിധർ ജൂവലറിയുടെ ഉടമ നടരാജന്റെ ദേഹത്തേക്ക് കത്തിയ റെഗുലേറ്ററും തെറിച്ചുവീണു.
മിസൈൽ ആക്രമണംപോലെ...
തീപിടിത്തം തുടങ്ങിയപ്പോൾ അല്പം അകലേക്ക് ആളുകളെ പോലീസ് മാറ്റി നിർത്തി. പതിവുപോലെ അഗ്നിരക്ഷാസേന എത്തി വെള്ളം ചീറ്റിക്കഴിഞ്ഞാൽ സമാധാനമായി എന്നുള്ള വിചാരം അസ്ഥാനത്താണ് എന്ന് പത്തനംതിട്ട സാക്ഷ്യം നൽകുന്നു.
തീകെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് അതിശബ്ദത്തോടെ സിലിൻഡറുകൾ പൊട്ടിത്തെറിച്ചു തുടങ്ങിയത്. റോഡിന് എതിരേയുള്ള തുണിക്കടയുടെ മുന്നിലെ ഷെഡിൽ തീയോടെ ചെന്നിടിച്ചശേഷം അടിയിൽെവച്ചിരുന്ന ബൈക്കിനെ ഉരസി ചവിട്ടുപടിയിൽ പോയി സിലിൻഡർ വീണു.
.jpg?$p=8a7b7b1&&q=0.8)
അഗ്നിരക്ഷാസേനാ ഉടൻതന്നെ അവിടമാകെ പതനിറഞ്ഞ വെള്ളം ചീറ്റിയതിനാൽ ആളിപ്പടരൽ ഉണ്ടായില്ല. അപ്രതീക്ഷിതമായ പൊട്ടിത്തെറി ഉണ്ടായപ്പോൾ അല്പം ദൂരെ നിന്നവരെല്ലാം ദൂരേക്ക് ഓടി മാറി. സിലിൻഡറുകൾ പൊട്ടിത്തെറിക്കുംമുമ്പ് തന്നെ സെൻട്രൽ ജങ്ഷനിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾ പോലീസിടപെട്ട് ദൂരേക്ക് മാറ്റിയിരുന്നു. അപകടഭീതി പരന്നതോടെ സംഭവസ്ഥലത്തിന് ദൂരെയുള്ള വാഹനങ്ങൾ പോലും നഗരത്തിൽ നിന്നു മാറ്റി.
കടയ്ക്കുള്ളിൽ എണ്ണ സ്റ്റോക്കുണ്ടായിരുന്നതും തീ പടരുന്നതിന് ആക്കം കൂട്ടി. വറുത്തകായ കോരി മേലോട്ട് എറിഞ്ഞപ്പോഴാണ് ചട്ടിയിലേക്ക് തീപടർന്നതെന്ന് കണ്ടുനിന്നവർ പറഞ്ഞു. വറുത്തകായ മേലോട്ട് തീയ്ക്കൊപ്പം ചെന്ന് സീലിങ്ങിൽ തട്ടുകയായിരുന്നു.
അനുമതി രണ്ട് സിലിൻഡറിന്; ഉണ്ടായിരുന്നത് എട്ട്
തീപിടിത്തം ഉണ്ടായ ഇന്ത്യൻ ബേക്ക് ഹൗസ് എ-വൺ ചിപ്സ് എന്ന സ്ഥാപനം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ഗ്യാസ് സിലിൻഡറുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
സാധാരണ കടകൾക്ക് രണ്ട് സിലിൻഡറുകളാണ് ഒരുസമയം സൂക്ഷിക്കാൻ അനുവദിച്ചിട്ടുള്ളത്.
അതിൽ അധികമായി സിലിൻഡറുകൾ ഉപയോഗിക്കണമെങ്കിൽ കടയ്ക് പുറത്ത് എവിടെയെങ്കിലും വെച്ചശേഷം പൈപ്പുലൈൻ വഴി അടുപ്പിലേക്ക് കൊടുക്കണം എന്നാണ് നിർദേശം. അതുപോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിലിൻഡറിനുസമീപം നിറഞ്ഞ സിലിൻഡറുകൾ സൂക്ഷിക്കാനും പാടില്ല. എന്നാൽ ഇവയെല്ലാം ലംഘിച്ചുകൊണ്ടാണ് ഇവിടെ സിലിൻഡറുകൾ സൂക്ഷിച്ചിരുന്നത്.
അടുപ്പിനോടുചേർന്നുതന്നെ രണ്ട് നിറ സിലിൻഡറുകളും, കടയ്ക്കുള്ളിലായി അഞ്ച് എണ്ണവും സൂക്ഷിച്ചിരുന്നു. തീപടർന്ന് അല്പസമയത്തിനകം തന്നെ മൂന്ന് സിലിൻഡറുകൾ പൊട്ടിത്തെറിച്ചു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
അപകടമുണ്ടായ കടയെപ്പറ്റി മുമ്പ് മുൻ ജില്ലാ കളക്ടർ പി.ബി. നൂഹിന് സ്വകാര്യവ്യക്തി പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു കളക്ടറുടെ നിർദേശപ്രകാരം ജില്ലാ ഫയർ ഓഫീസർ അന്വേഷണം നടത്തി.
സിലിൻഡർ നടപ്പാതയിലേക്ക് ഇറക്കി വെച്ച് ചിപ്സ് ഉണ്ടാക്കുന്നത്, അപകടസാധ്യത സൃഷ്ടിക്കുമെന്ന് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഇതിന്മേൽ ഒരു നടപടിയും ജില്ലാ ഭരണകൂടമോ, നഗരസഭയോ എടുത്തില്ല.
.jpg?$p=1990e2a&&q=0.8)
Content Highlights: fivee shops burnt down in Pathanamthitta and gas exploded
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..