വടകര: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുന്നു. 2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ  ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് വിമതപ്രവര്‍ത്തനം ആരംഭിക്കുന്നത്. വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു. 

മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഐഎം വൈര്യം വര്‍ധിച്ചു. ഇത്തരമൊരു സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന്  മര്‍ദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതായി ടിപി വധക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ ആശീര്‍വാദത്തോടെ കൊടിസുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നത്. 

വിമതനേതാവായ ടിപിയുടെ കൊലപാതകം രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അന്‍പതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്. കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ വളരെ പെട്ടെന്ന് കേസന്വേഷണത്തിനായി നിയോഗിച്ചു. 

tp case

അന്നത്തെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജി അനൂപ് കുരുവിള ജോണ്‍, തലശ്ശേരി ഡിവൈഎസ്പി എപി ഷൗക്കത്തലി, വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെവി സന്തോഷ്‌കുമാര്‍, എംജെ സോജന്‍, കുറ്റ്യാടി സിഐ ബെന്നി എന്നിവരടങ്ങിയ ഈ സംഘത്തില്‍ എസ്.ഐ, എഎസ്‌ഐ, സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പടെ 35-ഓളം ഉദ്യോഗസ്ഥര്‍ വേറെയുമുണ്ടായിരുന്നു. 

ഈ അന്വേഷണസംഘത്തെ സര്‍ക്കാര്‍ സ്വതന്ത്ര്യമാക്കി വിട്ടതോടെ പോലീസ് ചരിത്രത്തിലെ ഏറ്റവും ധീരമായ അന്വേഷണമാണ് പിന്നീട് കണ്ടത്. ടിപിയെ വെട്ടിക്കൊന്ന അഞ്ച് പേരെയും അന്വേഷണം തുടങ്ങി മൂന്ന് ദിവസത്തിനകം തന്നെ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചതോടെ കേസന്വേഷണം  ശരിയായ ട്രാക്കിലെത്തി.

കൊലപാതകസംഘത്തില്‍ ഉള്‍പ്പെട്ട കൊടിസുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടര്‍ന്ന് ഒളിവില്‍ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ആദ്യം തൊട്ടേ സംശയത്തിന്റെ നിഴലിലായിരുന്നു പാര്‍ട്ടിയെങ്കിലും ടിപി കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘം നേതാക്കളേയും പ്രവര്‍ത്തകരേയും ഓരോരുത്തരായി അറസ്റ്റ് ചെയ്യാനാരംഭിച്ചതോടെയാണ് സിപിഎം ശരിക്കും പ്രതിസന്ധിയിലായത്. 

tp murder case

കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രമുഖ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പി.മോഹനന്‍, സിഎച്ച് അശോകന്‍, കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, പികെ കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ഓഞ്ചിയം, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഏറിയ കമ്മിറ്റികള്‍ക്ക് കൊലപാതകത്തിലുണ്ടായിരുന്ന പങ്കും അന്വേഷണസംഘം തെളിവ് സഹിതം വെളിച്ചത്ത് കൊണ്ടുവന്നു. 

താഴെതട്ടില്‍ പ്രതികളെ സഹായിച്ചിരുന്നവരെ പിടികൂടി തുടങ്ങിയ അന്വേഷണം ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും കഴിഞ്ഞ് സംസ്ഥാന കമ്മിറ്റി നേതാക്കളിലേക്കെത്തിയപ്പോള്‍ അന്വേഷണസംഘത്തിനെതിരെ പാര്‍ട്ടി നേരിട്ട് തെരുവിലിറങ്ങി. കണ്ണൂരില്‍ നിന്നുള്ള എംഎല്‍എമാര്‍ ജയിലിലെത്തി നേതാക്കളെ കണ്ടു. അന്വേഷണോദ്യഗസ്ഥനായ എപി ഷൗക്കത്തലിയടക്കമുള്ളവര്‍ക്ക് നേരെ കടുത്ത ആരോപണങ്ങളാണ് ഇപി ജയരാജന്‍ അന്ന് ഉന്നയിച്ചത്. 

ടിപിക്കേസിലെ കാടിളക്കിയുള്ള അന്വേഷണത്തിലൂടെ  ഷൂക്കൂര്‍ വധക്കേസ്, ഫൈസല്‍ വധക്കേസ്, കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് തുടങ്ങിയ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ അന്വേഷണസംഘം അതിസാഹസികമായാണ് പല പ്രതികളേയും അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ മുട്ടക്കോഴി മലയില്‍ നിന്നും അര്‍ധരാത്രിയില്‍ കൊടിസുനിയേയും സംഘത്തേയും പൊക്കിയ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പോലീസ്  മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ടികെ രജീഷ് എന്ന കൊടും ക്രിമനലിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മേഖലയിലെ അനവധി രാഷ്ട്രീയകൊലപാതകങ്ങളില്‍ പങ്കാളിയായ ടികെ രജീഷിനെ ആദ്യമായി കണ്ടെത്തുന്നത് ടിപിക്കേസ് അന്വേഷണസംഘമാണ്. 

tp case

സിപിഎം ഒരുക്കിയ കടുത്ത പ്രതിരോധത്തെ മറികടന്നായിരുന്നു പോലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ഒളിതാവളങ്ങളിലും പ്രതികള്‍ക്കായി പോലീസ് കയറി ചെന്നു. പ്രതികള്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കിയ ഓരോരുത്തരെയായി പോലീസ് പിടികൂടി. ഒരു രീതിയിലും ഒളിവില്‍ കഴിയാന്‍ സാധിക്കാതെ വന്നതോടെയാണ് കുഞ്ഞനന്തനടക്കമുള്ളവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, മുന്‍മന്ത്രി എളമരം കരീം തുടങ്ങിയ നേതാക്കള്‍ക്കും ടിപി കേസ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആര്‍എംപിയും ബിജെപിയും അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പി.മോഹനനില്‍ നിര്‍ത്തിയാണ് അന്ന് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയത്. 

മാറാട് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ പക്ഷേ തെളിവുകളുടെ അഭാവത്തില്‍ കോടതി പി.മോഹനനെ വെറുതെ വിട്ടു. ഇതോടെ ടിപിയുടെ വിധവ രമ കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ടിപി കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴും കേസ് സിബിഐ ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച് രമ നല്‍കിയ ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പി.മോഹനന് മുകളിലുള്ള ചിലര്‍ക്കും ടിപി വധത്തെക്കുറിച്ച് അറിയാമെന്ന് രമ പറയുന്നു. അതു കൊണ്ട് തന്നെ ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും രമ ചൂണ്ടിക്കാട്ടുന്നു. ടിപിക്കേസില്‍ സിബിഐ അന്വേഷണം നടത്തുവാനുള്ള ശ്രമത്തില്‍ ബിജെപിയും യുഡിഎഫും തങ്ങളെ വഞ്ചിച്ചുവെന്നും രമ ആരോപിക്കുന്നുണ്ട്.

എന്തായാലും ജീവിച്ചിരുന്ന ടിപിയേക്കാള്‍ വലിയ വെല്ലുവിളിയാണ് മരിച്ച ടിപി സിപിഎമ്മിന് സമ്മാനിച്ചത്. വന്‍ജനരോഷമാണ് ഈ കാലയളവില്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. പാര്‍ട്ടിയില്‍ നിന്നു പോയിട്ടും യുഡിഎഫിനെ ആശ്രയിക്കാതെ കമ്മ്യൂണിസ്റ്റായി തുടര്‍ന്ന ടിപിയെ ഇത്ര നിഷ്ഠൂരമായ കൊന്നതെന്തിനെന്ന ചോദ്യം അണികളില്‍ നിന്നു തന്നെ ഉയര്‍ന്നു. എന്നാല്‍ ആദ്യഘട്ടത്തിലെ പ്രതിരോധത്തിന് ശേഷം ടിപി കേസിനെ നേരിടാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. കുലംകുത്തി എന്നും കുലംകുത്തിയാണെന്ന പ്രസ്താവനയിലൂടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് മാതൃക കാട്ടി. ടിപി വധത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും കേസ് നടത്താനും പ്രതികളാക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുമെല്ലാം പാര്‍ട്ടി മുന്നിട്ടിറങ്ങി. കേസ് നടത്തിപ്പിനായി പ്രത്യേക ഫണ്ട് തന്നെ സിപിഎം സമാഹരിച്ചു. 

എങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയ്ക്ക് വലിയ പ്രതിച്ഛായ നഷ്ടമാണ് ടിപി വധമുണ്ടാക്കിയത്. ടിപി വധത്തിന് ശേഷം അരുവിക്കര-നെയ്യാറ്റിക്കര ഉപതിരഞ്ഞെടുപ്പുകളിലും 2014-ലോക്‌സഭാ തിരഞ്ഞെടുപ്പിലും ടിപി വിഷയം എതിരാളികള്‍ പ്രചരണവിഷയമാക്കി. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ തിരിച്ചെത്താന്‍ സാധിച്ചെങ്കിലും കേസില്‍ ആരോപണവിധേയനായ പി.മോഹനന്റെ ഭാര്യ കെകെ ലതിക കുറ്റ്യാടിയില്‍ പരാജയപ്പെട്ടത് ടിപി കേസ് സൃഷ്ടിച്ച ഡാമേജായി ചിലരെങ്കിലും കരുതുന്നു(ടിപിക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പി.മോഹനന്‍ നിലവില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്)

കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ യുഡിഎഫും സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ മുന്‍പേ പോലെ ഇപ്പോള്‍ താത്പര്യം കാണിക്കുന്നില്ല. വിഎസ് അച്യുതാനന്ദനോട് അനുഭാവം പ്രകടിപ്പിച്ചവരാണ് ടിപിയും അനുയായികളുമെങ്കിലും ടിപി വധം പിണറായിക്കും കണ്ണൂര്‍ ലോബിക്കുമെതിരായ രാഷ്ട്രീയ ആയുധമാക്കാനാണ് വിഎസ് ശ്രമിച്ചതെന്ന  വിമര്‍ശനം ആര്‍എംപിക്കാര്‍ തന്നെ ഇന്ന് പരസ്യമായി ഉന്നയിക്കുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ടിപിയുടെ വീട് സന്ദര്‍ശിച്ച വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ ഞെട്ടിച്ചെങ്കിലും പിന്നീട് പതിയെ പതിയെ അദ്ദേഹം ആ വിഷയത്തില്‍ നിന്ന് പിന്‍വലിഞ്ഞു. 

tp case

പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തി കേസന്വേഷിച്ച അന്നത്തെ പോലീസ് സംഘത്തിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം സിപിഎം അധികാരത്തിലെത്തിയതോടെ അപ്രധാന തസ്തികകളില്‍ ഒതുക്കപ്പെട്ടു. സര്‍വ്വീസിലുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ എസ്പിയാവേണ്ടിയിരുന്ന എപി ഷൗക്കത്തലി പ്രമോഷന്‍ പോലും വേണ്ടെന്ന് വച്ച് എന്‍ഐഎയില്‍ ഡെപ്യൂട്ടേഷനില്‍ തുടരുകയാണ്.  ടിപി വധക്കേസ് അന്വേഷം നടക്കുമ്പോള്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന ടിപി സെന്‍കുമാറിനെ അധികാരത്തിലേറി മൂന്നാം ദിവസം തന്നെ പിണറായി സര്‍ക്കാര്‍ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പി.ജയരാജന് ടിപിവധത്തിലുള്ള പങ്ക് അന്വേഷിക്കാന്‍ ശ്രമിച്ചതിലുള്ള വിരോധം കൊണ്ടാണ് സത്യസന്ധനായ ടിപി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ പുകച്ചു പുറത്തു ചാടിച്ചതെന്ന്  രമ പറയുന്നു. 

എന്തായാലും ടിപി ഇല്ലാതായി അഞ്ചാണ്ട് കഴിയുമ്പോള്‍ ടിപിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയനാണ് കേരളം ഭരിക്കുന്നത്. കേസില്‍ കുറ്റവിമുക്തനായ പി.മോഹനന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായപ്പോള്‍ സി.എച്ച് അശോകന്‍ അര്‍ബുദ ബാധിതനായി മരിച്ചു. മറ്റുള്ളവര്‍ ജയിലിലും പരോളില്‍ പുറത്തുമായി കഴിയുന്നു. ഒരു രക്തസാക്ഷിയിലൂടെ ലഭിക്കേണ്ട രാഷ്ട്രീയമുന്നേറ്റം വടകരയില്‍ നിലനിര്‍ത്താന്‍ ആര്‍എംപിക്ക് സാധിച്ചില്ല, ടിപിക്കൊത്ത ഒരു പിന്‍ഗാമിയെ ആ പാര്‍ട്ടിക്ക് ലഭിച്ചില്ല. വിട്ടു പോയവര്‍ തിരിച്ചു വരണമെന്ന നിലപാടിലേക്ക് സിപിഎം വന്നതോടെ എആര്‍ മുരളിയടക്കമുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം വിമതര്‍ സ്വന്തം താവളത്തിലേക്ക് മടങ്ങിയെത്തി.. നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മേഖലയിലെ നഷ്ടമായ സ്വാധീനം സിപിഎം ഒരു പരിധി വരെ തിരിച്ചു പിടിക്കുകയും ചെയ്തു.

ടിപിക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന കൊടിസുനി അടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിക്കാന്‍ ഇടക്കാലത്ത് നീക്കമുണ്ടായെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ആ നീക്കം പാളി. ടിപിക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന കെകെ രമയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കുന്നു.. എന്തായാലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൊലപാതകം എന്നതിനൊപ്പം അക്രമരാഷ്ട്രീയത്തിനെതിരെ ഉയര്‍ന്ന ജനരോക്ഷത്തിന്റെ പേരിലും, കേരള പോലീസിന്റെ അന്വേഷണമികവിന്റേയും പേരിലും കൂടിയാവും ചരിത്രം ടിപി വധക്കേസിനെ രേഖപ്പെടുത്തുക.