കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ അഞ്ചു വയസുകാരിക്ക് സ്‌കൂട്ടറിന്റെ നിയന്ത്രണം നല്‍കി ഡ്രൈവ് ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍ പിതാവിനെതിരെ നടപടി.

പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് റദ്ദാക്കിയത്‌. ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍.ടി.ഒ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു.

ഷിബുവും കുടുംബവും യാത്ര ചെയ്യുന്നതിനിടെ മുന്‍പില്‍ ഇരിക്കുന്ന അഞ്ചുവയസുകാരിയായ മകള്‍ സ്‌കൂട്ടര്‍ നിയന്ത്രിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നതിന്റെ വീഡിയോ കാര്‍ യാത്രികര്‍ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്‍.ടി.ഒ. നടപടി എടുത്തത്. സ്‌കൂട്ടറിന്റെ പിന്നില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നവരാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തി. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ഷിബു ഫ്രാന്‍സിസിന്റെ വാദം.