മലപ്പുറം: ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍. കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും കളക്ടര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും വിവിധ സംഘടന നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് വിവിധ ജനപ്രതിനിധികളും അറിയിച്ചു.

കോവിഡ്‌ നിയന്ത്രണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ചുപേരില്‍ കൂടരുരുതെന്ന മലപ്പുറം ജില്ലാ കലക്ടറുടെ തീരുമാനം അടിയന്തിരമായി പുനഃരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പട്ടു.

എല്ലാ തലത്തിലുമുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചു കാണ്ടാണ് മുസ്ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് റംസാന്‍ മാസമാണ്. വിശ്വാസികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ പോകാനവസരമുണ്ടാവണം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ച് പേരില്‍ പരിമിതപ്പെടുത്തി കളക്ടര്‍ തീരുമാനമെടുത്തത്. പൊതു ഗതാഗതം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.

മുസ്ലിം പണ്ഡിതന്‍മാരുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് അഞ്ചു പേര്‍ എന്നത് ശരിയല്ലെന്നും കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ മതനേതാക്കളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയ ശേഷമെടുത്ത തീരുമാനമാണ് ആരാധനാലയങ്ങളില്‍ ആളുകളെ പരിമതപ്പെടുത്തിയത് എന്നായിരുന്നു ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.