ദേവാക്ഷിതിനെ അവസാനമായി കാണാന്‍ എത്തി അച്ഛന്‍; പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കി നാട് 


തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ കുടയത്തൂർ പി.എച്ച്.സി.യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധു, മൃതദേഹം കുടയത്തൂർ പി.എച്ച്.സി.യിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മകൻ ദേവാക്ഷിതിനെ അവസാനമായി കാണാൻ അച്ഛൻ സുനിൽ എത്തിയപ്പോൾ

കുടയത്തൂര്‍: ഞായറാഴ്ച രാത്രി 11 മുതല്‍ കുടയത്തൂരില്‍ പെരുംമഴയായിരുന്നു. പേടി തോന്നിയെങ്കിലും ആരും ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.അവര്‍ ഞെട്ടി ഉണര്‍ന്നത് വലിയൊരു ദുരന്തവാര്‍ത്ത കേട്ടാണ്. കഴിഞ്ഞ ദിവസംവരെ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു കുടുംബംതന്നെ മണ്ണില്‍ അമര്‍ന്ന് ഇല്ലാതായിരിക്കുന്നു. സംഗമം കവല, മാളിയേക്കല്‍ കോളനിക്ക് മുകളില്‍ പന്തപ്ലാവില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം നാടിന്റെ നെഞ്ചാണ് തകര്‍ത്തത്.

ഉള്ളം തകര്‍ന്നുപോയി

ചിറ്റടിച്ചാലില്‍ സോമന്‍ (53), അമ്മ തങ്കമ്മ (70), ഭാര്യ ഷിജിമോള്‍ (50), മകള്‍ ഷിമ (25), ഷിമയുടെ മകന്‍ ദേവാക്ഷിത് (അഞ്ച്) എന്നിവര്‍ മരിച്ച വാര്‍ത്ത അതിരാവിലെ തന്നെ നാടറിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി നിരവധി പേരെത്തി. പുലര്‍ച്ചെ മൂന്നോടെയാണ് ഉരുള്‍പൊട്ടിയത്. ഒരുമണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കുഞ്ഞ് ദേവാക്ഷിത്തിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം കണ്ണീര്‍ വാര്‍ത്തു. അഞ്ചിരിയില്‍ താമസിക്കുന്ന ദേവാക്ഷിതിന്റെ അച്ഛന്‍ സുനില്‍ സംഭവസ്ഥലത്ത് രാവിലെ തന്നെ എത്തിയിരുന്നു.

മഴ പെയ്യാതിരുന്നത് രക്ഷയായി

രക്ഷാപ്രവര്‍ത്തന സമയത്ത് മഴ മാറി നിന്നു. അത് വലിയ ഭാഗ്യമായി. രക്ഷാപ്രവര്‍ത്തനത്തിന് അത് വേഗം കൂട്ടി. പെട്ടെന്ന് തന്നെ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായ മലയിലും താഴെയും അടരാന്‍ പാകത്തില്‍ പാറക്കല്ലുകള്‍ ഉണ്ടായിരുന്നു. മഴ പെയ്യാത്തതിനാല്‍ അവയെ അധികം ഭയക്കാതെ രക്ഷാപ്രവര്‍ത്തനം നടത്താനായി.

താഴേക്ക് ഒഴുകി

ഉരുള്‍പൊട്ടിയെത്തിയ വെള്ളവും ചെളിയും മാളിയേക്കല്‍ കോളനിയിലേക്കും സംഗമം ജങ്ഷനിലേക്കും ഒഴുകി. മിക്ക വീടുകളുടെ മുറ്റത്തും ചെളിയും വെള്ളവും അടിഞ്ഞു. വെള്ളം കയറി വാഹനങ്ങള്‍ കേടായി. ഒരു സ്‌കൂട്ടര്‍ ഒഴുകിപ്പോയി.

പ്രിയപ്പെട്ടവര്‍ക്ക് വിട

കുടയത്തൂര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാടൊന്നാകെ അന്ത്യോപചാരമര്‍പ്പിച്ച് യാത്രയാക്കി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും ഡീന്‍ കുര്യാക്കോസ് എം.പി.യും ചേര്‍ന്ന് ഏറ്റുവാങ്ങി കുടയത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ളവര്‍ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. തുടര്‍ന്ന് വൈകീട്ട് 5.30-ഓടെ തൊടുപുഴ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. കൃഷിമന്ത്രി പി.പ്രസാദും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കാളും അന്തിമോപചാരം അര്‍പ്പിച്ചു.

വീടിന്റെ പണി തീര്‍ന്നത് അടുത്തിടെ

ഉറുമ്പ് അരിമണി കൂട്ടുന്നതുപോലെയായിരുന്നു സോമനും കുടുംബവും ആ വീട് പണിതത്. റബ്ബര്‍ വിറ്റുകിട്ടിയും ഭാര്യയുടെയും മകളുടെയും വരുമാനത്തില്‍നിന്ന് മിച്ചം പിടിക്കുന്ന തുക സൂക്ഷിച്ചുവെച്ച് ആ വീട് ഒരുക്കുകയായിരുന്നു. നാല് സെന്റ് സ്ഥലത്തെ നാലുമുറി വീട്ടില്‍ റൂഫിട്ടത് അടുത്തിടെയാണ്. ടൈലും പാകിയിരുന്നു. ഇങ്ങനെ കരുപ്പിടിപ്പിച്ച വീടിനൊപ്പം അവരും മണ്ണിനടിയില്‍ ഞെരിഞ്ഞമര്‍ന്നത് നാടിനെ മുഴുവന്‍ നൊമ്പരത്തിലാക്കി.


Content Highlights: Five killed in landslide at Thodupuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented