തിരുവനന്തപുരം: തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ ന്യൂനമര്‍ദ്ദമേഖല രൂപപ്പെട്ടതിനേത്തുടര്‍ന്ന് തിരുവനന്തുപരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

കന്യാകുമാരി മേഖലയിലേക്ക് അടുത്ത 36 മണിക്കൂര്‍ മത്സ്യ ബന്ധനത്തിനായി പോകരുതെന്നാണ് നിര്‍ദ്ദേശം. തമിഴ്‌നാടിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ക്രമേണ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുമെന്നാണ് നിഗമനം. കടലില്‍ അമ്പതു കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചൂട് കാലാവസ്ഥയായതിനാല്‍ ന്യൂനമര്‍ദം ശക്തിപ്പെടാനിടയുണ്ടെന്നും തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്.സുദേവന്‍ പറഞ്ഞു.

അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തരുതെന്ന് ജില്ലാ കളക്ടര്‍ കെ.വാസുകി അറിയിച്ചു.

തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുക 0471-2730045.