തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍നിന്ന് മത്സ്യത്തൊഴിലാളികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ടു. തിരുവനന്തപുരം വലിയതോപ്പിലെ സെയ്ന്റ് റോച്സ് കോണ്‍വെന്റ് സ്‌കൂളില്‍ താമസിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ഡിസംബര്‍ മൂന്നിനായിരുന്നു ഇവരെ സ്‌കൂളില്‍ നിന്ന് ബലംപ്രയോഗിച്ച് ഇറക്കിവിട്ടത്. 2017-ല്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പാതിരാത്രിയില്‍ ഇറക്കിവിട്ടത്. 

കിടപ്പുരോഗിയും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന 16 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കണം, കുട്ടികള്‍ക്ക് പഠിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇവരെ പാതിരാത്രിയില്‍ പെരുവഴിയിലാക്കിയത്. സ്‌കൂളില്‍നിന്ന് മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോകാന്‍ മറ്റിടമില്ലാതിരുന്നതിനാല്‍ ഇവര്‍ മാറാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ഇത്തരമൊരു അതിക്രമം നടന്നത്.

ഇവരുടെ സമ്മതമില്ലാതെ സാധനങ്ങളെല്ലാം തൊട്ടടുത്ത ലോഡ്ജിലേക്ക് മാറ്റി. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒടുവില്‍ ഇവര്‍ വലിയതുറയിലെ കേരള മറൈന്‍ ബോര്‍ഡിന്റെ കെട്ടിടത്തിന് മുന്നില്‍ എത്തിപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ ദിവസങ്ങളായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. 

ഇത്രയും ദിവസങ്ങളായിട്ടും തങ്ങള്‍ ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിക്കാന്‍ പോലും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഇവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രായമായ പെണ്‍മക്കള്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും സുരക്ഷയില്ല. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കിയില്ല. സംരക്ഷണം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപോലും കാറ്റില്‍പറത്തിയാണ് പാതിരാത്രിയില്‍ തങ്ങളെ പെരുവഴിയിലാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ താമസിക്കാന്‍ ചെറിയ ക്യാബിനെങ്കിലും കെട്ടി തന്നിരുന്നെങ്കില്‍ മതിയായിരുന്നുവെന്നും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആകാതെ നരകിക്കുകയാണെന്നും കണ്ണീരോടെ ഇവര്‍ പറയുന്നു. ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയത് തന്നെ സന്മനസുള്ളവരുടെ സഹായം കൊണ്ടാണ്. ഭക്ഷണം പോലും  മര്യാദയ്ക്ക് കഴിക്കാന്‍ തുടങ്ങിയത് ഇപ്പോഴാണ്.

തങ്ങളുടെ കുട്ടികള്‍ കൂടി പഠിക്കുന്ന സ്‌കൂളില്‍ നിന്നാണ് ഇങ്ങനെ ഇറക്കിവിട്ടത്. സ്‌കൂള്‍ തുറന്ന് ക്ലാസ് ആരംഭിക്കണമെന്നാണ് അധികൃതര്‍ കാരണം പറയുന്നത്. എന്നാല്‍ 2017 മുതല്‍ അഭയാര്‍ഥികളെ പോലെ താമസിക്കുന്നവരാണ് ഇവരില്‍ അധികവും. അന്നില്ലാതിരുന്ന എന്ത് അത്യാവശ്യമാണ് ഇപ്പോഴുള്ളതെന്നും ഇവര്‍ ചോദിക്കുന്നു.

content highlights: fishermen families thrown out of distress relief camp at midnight in thiruvananthapuram