കൊച്ചി: ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വൈകീട്ടോടെ പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്. 2018ല്‍ മഹാപ്രളയമുണ്ടായപ്പോള്‍ ആലുവയുടെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. അതടക്കം പരിഗണിച്ചാണ് കേരളത്തിന്റെ സ്വന്തം സൈന്യം സജ്ജമായി നില്‍ക്കുന്നത്. 

പുളിഞ്ചോട് മേഖലയില്‍ പത്ത് ബോട്ടുകള്‍ എത്തിച്ചാണ് മുന്നൊരുക്കങ്ങള്‍. എറണാകുളം ജില്ലയിലെ വിവിധ തീരദേശമേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷ്പ്രവര്‍ത്തനത്തിനായി എത്തിചേര്‍ന്നിട്ടുണ്ട്.2018ല്‍ കേരളത്തില്‍ മഹാപ്രളയമുണ്ടായപ്പോള്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് കേരളത്തിന്റെ സ്വന്തം സൈന്യമെന്നാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തേപ്പോലെ ഭയപ്പെടുത്തുന്ന സാഹചര്യമി്‌ല്ലെങ്കിലും മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ആലുവ മേഖലയില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഡാമുകള്‍ തുറന്നതിനൊപ്പം നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ജാഗ്രത. ആലുവയില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെത്തിയത്. കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും ഇവിടേക്ക് എത്തും. ഒരു അപകടാവസ്ഥയുണ്ടായാല്‍ ഏത് മേഖലയിലേക്ക് പോയി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സജ്ജരാണെന്ന് കേരളത്തിന്റെ സ്വന്തം സൈന്യം പറയുന്നു.

ചെല്ലാനം, വൈപ്പിന്‍, കാളമുക്ക്, കണ്ണമാലി തുടങ്ങിയ മേഖലകളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായി എത്തിയിട്ടുള്ളത്. ഇവരെ ഉപയോഗിക്കേണ്ട അവസ്ഥ നിലവിലില്ല. എന്നാല്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ പരമാവധി ആളുകളെ രക്ഷപ്പെടുത്തുക എന്നതാണ് മുന്നൊരുക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

Content Highlights: Fisherman ready for rescue operations if water level increases in periyar