ആത്മഹത്യ ചെയ്ത സജീവൻ, മകൾ
കൊച്ചി: ഒന്നര വര്‍ഷമായി നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. നോര്‍ത്ത് പറവൂര്‍ മാല്യങ്കര കോയിക്കല്‍ സജീവനാണ്(57) ആത്മഹത്യ ചെയ്തത്.
'ആര്‍ ഡി ഒ ഓഫീസില്‍ പോയിട്ട് വളരെ വിഷമിച്ചാണ് വന്നത്. പക്ഷേ എന്താണ് കാര്യമെന്ന് പറഞ്ഞില്ല. എത്രയും പെട്ടന്ന് ഫയലുകള്‍ നീക്കാനുള്ള തീരുമാനം അവര്‍ എടുക്കണം. ഞങ്ങളുടെ പണമാണ് അവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. ജനങ്ങളോട് നീതികാണിക്കണം. ഒരു സാധാരണക്കാരനും ഇനി ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുത്.' - ആത്മഹത്യ ചെയ്ത സജീവന്റെ മകള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സജീവന്റെ ബന്ധുക്കള്‍ പറഞ്ഞു.
സജീവന്‍ മരിക്കുമ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനില്‍, പഞ്ചായത്ത് അംഗം പി.എം. ആന്റണി എന്നിവര്‍ പറഞ്ഞു. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം. സ്വകാര്യ ചിട്ടി കമ്പനിയില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോള്‍ വായ്പയ്ക്ക് മറ്റൊരു ബാങ്കില്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു. കടം വാങ്ങി ചിട്ടി കമ്പനിയില്‍ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കില്‍ പണയത്തിനായി നല്‍കിയപ്പോഴാണ് ഡേറ്റാ ബാങ്കില്‍ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്. നിലം പുരയിടമാക്കി കിട്ടാന്‍ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതല്‍ പറവൂര്‍ താലൂക്ക് ഓഫീസും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ. ഓഫീസും പലകുറി കയറിയിറങ്ങി. ഒടുവില്‍ ആര്‍.ഡി.ഒ. ഓഫീസില്‍ പോയി മടങ്ങിവന്ന ശേഷമാണ് ജീവനൊടുക്കിയത്.
'കഴിഞ്ഞ ഒന്നര വര്‍ഷമായി ഭൂമി തരം മാറ്റി കിട്ടുന്നതിനായി സജീവന്‍ ശ്രമിക്കുകയാണ്. മുന്‍പ് ആര്‍ ഡി ഒ ഓഫീസില്‍ അദ്ദേഹത്തോടൊപ്പം പോയിരുന്നു. ഒരു മാസത്തിനുള്ളില്‍ ശരിയാകുമെന്നാണ് അന്ന് അവിടുത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പക്ഷേ ആ ഒരുമാസമൊക്കെ കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ കോഴ ചോദിച്ചതായി വേണം ആത്മഹത്യാകുറിപ്പില്‍ നിന്ന് മനസിലാക്കാന്‍'- പഞ്ചായത്തംഗം പ്രതികരിച്ചു.
പുലര്‍ച്ചെ ഭാര്യയാണ് ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയില്‍നിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്. കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുയാണ്.
ഭാര്യ: സതി. മക്കള്‍: നിഥിന്‍ദേവ്, അഷിതാദേവി. മരുമക്കള്‍: വര്‍ഷ, രാഹുല്‍.
Content Highlights: Fisherman commits suicide; Family with legal action against officers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..