തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ഓപ്പൺ സർവകലാശാല നിലവിൽ വരുക. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്‌കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുകയെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ഈ ഓപ്പൺ സർവകലാശാല നലവിൽ വരുക. കേരളത്തിലെ പ്രാചീന തുറമുഖനഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിലെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാൻ സൗകര്യമുണ്ടായിരിക്കും. കോഴ്സ് പൂർത്തിയാക്കാതെ ഇടക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും കഴിയും. ദേശീയ അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ഓപ്പൺ സർവകലാശാലയുടെ പ്രത്യേകതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ എയ്ഡഡ് കോളേജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയ്ക്കായി ഒരുക്കും. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും ഓപ്പൺ സർവകലാശാല നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Content Highlights:first open university in the name of sree narayana gurudeva declared by CM