-
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃ നിരയിലെ സൗമ്യ മുഖമായിരുന്ന പി.ശങ്കരനെ ഒരിക്കല്‍ മാധ്യമങ്ങള്‍ ഇങ്ങനെ വിശേഷിപ്പിച്ചു. രാജ്യസഭയിലും ലോക്സഭയിലും ഒരേ സമയം പ്രസംഗിച്ച പാര്‍ലമെന്റേറിയനെന്ന്. കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രണ്ടുസഭകളിലേക്കും ഓടിയോടി പ്രസംഗിച്ചുവെന്ന് വാര്‍ത്ത വന്നതോടെ പി.ശങ്കരന്‍ ട്രോളുകളും ആക്ഷേപ ഹാസ്യങ്ങളും രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കാതിരുന്ന കാലത്തും രാജ്യം മുഴുവന്‍ ചര്‍ച്ചയായി. ശങ്കരന്റെ ഇരുസഭകളിലേയും ഈ പ്രസംഗ വാര്‍ത്തയുടെ യാഥാര്‍ഥ്യം മറ്റൊന്നായിരുന്നുവെങ്കിലും കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ശങ്കരേട്ടന്‍ യാത്രയായ നിമിഷത്തില്‍ ഇതിനെ കുറിച്ച് ആദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ ഒരിക്കല്‍ കൂടി ഓര്‍ത്തെടുക്കുകയാണ്.
1998-ല്‍ ആയിരുന്നു സംഭവം. പി.ശങ്കരന്‍ ആരോഗ്യമന്ത്രിയാവുന്നതിനും എം.എല്‍.എ ആവുന്നതിനും മുമ്പുള്ള കാലം. രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് കോഴിക്കോടിന്റെ എം.പിയായ കാലം. ജനതാദള്‍ നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിനെതിരേ ആര് മത്സരിക്കുമെന്ന വലിയ ചര്‍ച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി നറുക്ക് വീണതായിരുന്നു പി.ശങ്കരന്. ലോക്സഭയിലേക്ക് മത്സരിക്കണോ എന്ന സംശയത്തില്‍ നിന്ന അദ്ദേഹത്തിന് മത്സരിക്കണമെന്നാവശ്യപ്പെട്ട് അങ്ങനെ ലീഡര്‍ കെ.കരുണാകരന്റെ വിളി വന്നു. ലീഡറോട് മറിച്ചൊരു വാക്കുപറയാത്ത വക്കീല്‍ അങ്ങനെ മത്സരിച്ച് വീരേന്ദ്രകുമാറിനെ തോല്‍പിച്ച് ലോക്സഭയിലേക്ക്. അവിടെ വെച്ചാണ് ആ രസകരമായ സംഭവമുണ്ടായത്.
കര്‍ഷക പ്രശ്നങ്ങള്‍ സജീവമായ കാലം. കേരളത്തിലെ കര്‍ഷകരുടെ പ്രധാന ജീവനോപാധിയായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞ കാലം. ഇതിനെ കുറിച്ച് സംസാരിക്കാന്‍ ശങ്കരന്‍ സഭയില്‍ അവസരം തേടി. നറുക്കെടുപ്പിലൂടെയായിരുന്നു അന്ന് സംസാരിക്കാനുള്ള അവസരം ലഭിക്കാറ്. ഇതിനിടെ കേന്ദ്രമന്ത്രി രാമകൃഷ്ണ ഹെഗ്ഡയെ കാണാനായി സഭയ്ക്ക് പുറത്തിറങ്ങിയതായിരുന്നു ശങ്കരനും, എം.സി ജോസും. അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നതിനിടെ പെട്ടെന്നാണ് സംസാരിക്കാന്‍ അവസരം ലഭിച്ചുകൊണ്ട് ശങ്കരന്റെ പേര് സഭയില്‍ വിളിച്ചത്. ഇതറിഞ്ഞ ശങ്കരന്‍ പെട്ടെന്ന് സഭയിലേക്ക് ഓടി. പക്ഷെ ആദ്യം എത്തിപ്പെട്ടത് രാജ്യസഭയില്‍. അക്കിടി പറ്റിയത് മനസ്സിലായി തിരിച്ച് ലോക്സഭയിലേക്ക് തന്നെ ഓടിയെത്തുമ്പോഴേക്കും സംസാരിക്കാനുള്ള അടുത്ത എം.പിയുടെ പേര് വിളിച്ചിരുന്നു. എങ്കിലും പ്രത്യേക ആവശ്യ പ്രകാരം സംസാരിക്കാന്‍ അവസരം ലഭിച്ചു.
നാളീകേരത്തിന്റെ വിലയിടിവിനെ കുറിച്ചും, അതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതിനെ കുറിച്ചും സംസാരിച്ചു. പക്ഷെ വാര്‍ത്ത വന്നത് ശങ്കരന്‍ കര്‍ഷക പ്രശ്നങ്ങളെ കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രസംഗിച്ചുവെന്നാണ്. സഭ മാറിക്കാറിയതില്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്തിനോട് ക്ഷമാപണമൊക്കെ നടത്തിയെങ്കിലും രണ്ട് സഭയിലും പ്രസംഗിച്ചൂവെന്ന വാര്‍ത്ത വന്നതോടെ മണ്ഡലത്തില്‍ തിരിച്ചെത്തിയ എം.പിക്ക് പ്രവര്‍ത്തകരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമൊക്കെ വലിയ സ്വീകരണമാണ് ലഭിച്ചത്. യഥാര്‍ഥ വസ്തുത അങ്ങനെയല്ലായിരുന്നൂവെങ്കിലും രാഷ്ട്രീയത്തേയും പ്രവര്‍ത്തകരേയും വിട്ട് ശങ്കരന്‍ മടങ്ങുമ്പോള്‍ ഓര്‍ത്ത് വെക്കുന്നുണ്ട് ഇന്നായിരുന്നുവെങ്കില്‍ ട്രോളുകളില്‍ നിറയുമായിരുന്ന പി.ശങ്കരന്റെ രസകരമായ ഈ പാര്‍ലമെന്റ് അനുഭവങ്ങളെ.
Content Highlights: He talked about the downfall of coconut price and the intervention of the central government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..