സി.പി.എമ്മിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി മാറിയിരിക്കുകയാണ് എന്‍.പി. കുഞ്ഞുമോള്‍. വയനാട് ബത്തേരി ഏരിയാകമ്മിറ്റി വിഭജിച്ച് രൂപവത്കരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി കുഞ്ഞുമോളെ ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുത്തത്. നാലുവര്‍ഷംമുമ്പ് ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയില്‍ ജി. രാജമ്മ ഉണ്ടായിരുന്നെങ്കിലും സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോള്‍. 

അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശിയാണ് എന്‍.പി. കുഞ്ഞുമോള്‍. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാസെക്രട്ടറിയും നിലവിലെ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. വയനാട് ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വംനല്‍കി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റുമാണ് എന്‍.പി. കുഞ്ഞുമോള്‍. മറ്റത്തില്‍ പൈലിക്കുഞ്ഞാണ് ഭര്‍ത്താവ്. എസ്.എഫ്.ഐ. മുന്‍ ജില്ലാപ്രസിഡന്റ് സജോണും സൈവജയുമാണ് മക്കള്‍.

മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എന്‍.പി. കുഞ്ഞുമോള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

സി.പി.എമ്മിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ഏരിയാ സെക്രട്ടറി

പാര്‍ട്ടി സ്ത്രീകള്‍ക്ക് നല്‍കുന്ന ഉന്നതമായ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഈ തീരുമാനം. ഏരിയാ തലത്തിലേക്ക് പൊതുവേ സ്ത്രീകള്‍ ഇതുവരെ കടന്നുവന്നിട്ടില്ല. ഏരിയാ കമ്മറ്റികളില്‍ പ്രാതിനിധ്യം ഉണ്ടെങ്കില്‍ പോലും സെക്രട്ടറി പദം ഇതുവരെ സ്ത്രീകള്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. കൂടുതല്‍ സ്ത്രീകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാഹചര്യം നമുക്ക് ഇതിലൂടെ ഉണ്ടാകുകയാണ്. അതുവഴി കൂടുതല്‍ സ്ത്രീകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും അവരുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുമുള്ള ഇടപെടലുകള്‍ നടത്താനും നമുക്ക് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

സംഘടനാ പ്രവര്‍ത്തനത്തിലേക്കുള്ള വഴി

ഡിവൈഎഫ്‌ഐയിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്നത്. 2001-ലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വരുന്നത്. ഭര്‍ത്താവ് പൈലിക്കുഞ്ഞ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അതേ വര്‍ഷം തന്നെ മഹിളാ രംഗത്തും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു സംഘടനയിലെയും പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനായി.  ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മറ്റി അംഗമായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മഹിളാ അസോസിയേഷന്റെ യൂണിറ്റ് സെക്രട്ടറി തലം മുതല്‍ സ്റ്റേറ്റ് കമ്മറ്റി വരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍

ഒരു ഏരിയാ കമ്മറ്റി എന്ന് പറയുന്നത് രണ്ട് പഞ്ചായത്തുകളാണ്. അതില്‍ അഞ്ച് ലോക്കല്‍ കമ്മറ്റികള്‍ കൂടുന്നതാണ് ഒരു ഏരിയ കമ്മറ്റി. അവിടെ താഴേത്തട്ടിലുള്ള സഖാക്കളെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, ഈ ഏരിയയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായിട്ട് സിപിഎമ്മിനെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം ഉള്‍പ്പടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്ത്രീകളെ സമൂഹത്തിനെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശവുമുണ്ട്.  നിരവധി ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് സിപിഎം. അത്തരത്തില്‍ ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. 

സമരവഴികള്‍

മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് ഇശമാനിക്കുന്ന് കോളനിയില്‍ മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം ഉണ്ടായത്. പ്രസ്ഥാനത്തിനോടൊപ്പം നിന്ന് പോരാടി, ആ പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെയും കൂട്ടുനിന്നയാളെയും അറസ്റ്റ് ചെയ്യിപ്പിക്കാനും ശിക്ഷ വാങ്ങി കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. ആ കുട്ടികള്‍ക്ക് നീതി വാങ്ങികൊടുക്കാനുള്ള ഇടപെടല്‍ നടത്താന്‍ സാധിച്ചു. അത് ഒരിക്കലും മറന്നുപോകാത്ത വിഷയമാണ്. 

വയനാടിന്റെ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വളരെ ആവേശകരമായി നടത്തിയിട്ടുള്ള സമരങ്ങളുണ്ട്. ആ സമരങ്ങളുടെ ഭാഗമായി ജയിലില്‍ പോകേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. വയനാടിനെ മറ്റുള്ള ജില്ലകളുടെ വികസനത്തിനൊത്ത് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആവശ്യങ്ങളുന്നയിച്ചാണ് അന്ന് വയനാട് രക്ഷാമാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ല കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു അത്. അതിലൊക്കെ പങ്കാളിയാകാന്‍ സാധിച്ചത് വലിയൊരു കാര്യമായാണ് കാണുന്നത്.  ഇന്നും മറന്നുപോകാതെ മനസ്സിലുള്ള ആവേശോജ്ജ്വലമായ സമരങ്ങളാണത്. 

വെല്ലുവിളികള്‍

സ്ത്രീ എന്ന നിലയില്‍ സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും പലപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വരുമ്പോഴും പൊതുസമൂഹത്തില്‍ നിന്നും വെല്ലുവിളികളുണ്ടാകാറുണ്ട്. അപ്പോഴൊക്കെ കരുത്തായി നിന്നത് എന്റെ പ്രസ്ഥാനമാണ്. ഇനിയും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് ഓരോ വെല്ലുവിളികളും.

Content highlights: first elected women area secretary of cpm in kerala np kunjumol speaks