തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ചിന് ഗുണനിലവാരമില്ലെന്ന് വിലയിരുത്തല്‍. തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയിലാണ് തൃപ്തികരമല്ല എന്ന വിലയിരുത്തല്‍ വന്നിരിക്കുന്നത്.
ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബിലുമായാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടന്നുകൊണ്ടിരിക്കുന്നത്.
എച്ച്.എല്‍.എല്‍. വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനാഫലങ്ങള്‍ കൃത്യമല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗുണനിലവാര പരിശോധന തൃപ്തികരമല്ലാത്തത് കൊണ്ട് തന്നെ ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
ആലപ്പുഴ എന്‍.ഐ.വി.യില്‍ നടക്കുന്ന പരിശോധനയില്‍ ഈ കിറ്റുകളുടെ ഗുണനിലവാര പരിശോധനാ ഫലം എങ്ങനെയായിരിക്കും എന്നതാണ് ഇനി നിര്‍ണായകമാവുക. എച്ച്.എല്‍.എല്ലിന്റെ കിറ്റിന് ഐ.സി.എം.ആര്. നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
പൂണെ എന്‍.ഐ.വി.യില്‍ അടക്കം നടന്ന പരിശോധനയില്‍ 80 ശതമാനത്തിലേറെ കൃത്യതയുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എച്ച്.എല്‍.എല്ലിന് പ്രതീക്ഷയ്ക്കുള്ള വക ഇനിയുമുണ്ട്.
എന്തായാലും രണ്ടാം ഘട്ട പരിശോധനാ ഫലം നിര്‍ണായകമാകും. എച്ച്.എല്‍.എല്ലില്‍ നിന്നും 300 രൂപാ നിരക്കില്‍ ഒരു ലക്ഷം കിറ്റുകള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. അതിനായുള്ള ടെന്‍ഡര്‍ നടപടികളുമായി കെ.എം.സി.എല്‍. മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.
ഇനി വരാനുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളിലും കൂടി പരാജയപ്പെടുകയാണെങ്കില്‍ ഈ ടെന്‍ഡറില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങും. അതിനുള്ള വ്യവസ്ഥയും ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഈ ടെന്‍ഡറില്‍ നിന്നും പിന്‍വാങ്ങുന്ന അവസ്ഥയാണ് ഉണ്ടാകുന്നതെങ്കില്‍ സമൂഹ വ്യാപനം അറിയാനുള്ള റാപ്പിഡ് പരിശോധനയ്ക്ക് സംസ്ഥാനം നേരിട്ടെടുത്ത മുന്‍കൈകള്‍ക്കാണ് തിരിച്ചടിയാകുക.
content highlight: first batch rapid test kits manufactured by hll are of poor quality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..