-
നിലമ്പൂര്‍: കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരന്തത്തില്‍ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കവളപ്പാറ നിവാസികള്‍.
തങ്ങളുടെ പ്രിയപ്പെട്ട 11 പേര്‍ ഇപ്പോഴും ഇറങ്ങുന്ന മണ്ണില്‍ നിര്‍മിച്ച സ്മൃതി മണ്ഡപത്തില്‍ കവളപ്പാറ നിവാസികള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ കരഞ്ഞുതളര്‍ന്ന പലരെയും താങ്ങിയെടുത്താണ് സ്മൃതി മണ്ഡപത്തിനടുത്തേക്ക് എത്തിച്ചത്.
ദുരന്തത്തില്‍ 59 ആളുകളാണ് മരിച്ചത്. ഏറെ നേരത്തെ തിരച്ചിലിലും ഉത്തരം ലഭിക്കാതെ വന്നതോടെ 11 പേരെ കണ്ടെത്താതെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. അവരിന്നും ആ മണ്ണിലുറങ്ങുന്നുണ്ട്.
2019 ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് കവളപ്പാറയിലെ മുത്തന്‍പ്പന്‍ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് പതിച്ചത്. നിലയ്ക്കാതെ പെയ്ത മഴയ്‌ക്കൊടുവില്‍ രാത്രി എട്ടുമണിയോടെയുണ്ടായ അപകടം പക്ഷേ പുറം ലോകം അറിഞ്ഞപ്പോഴേക്കും 59 ആളുകളും 45 ഓളം വീടുകളും മണ്ണിനടിയിലേക്ക് അമര്‍ന്നിരുന്നു.

രക്ഷാപ്രവര്‍ത്തകരെ കടത്തിവിടാതെ ചാലിയാര്‍ കരകവിഞ്ഞൊഴുകി. ആദ്യം നാട്ടുകാര്‍ ഏറ്റെടുത്ത രക്ഷാപ്രവര്‍ത്തനം പിന്നീട് ദേശീയ ദുരന്തനിവാരണ സേന ഏറ്റെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഞെട്ടിക്കുളത്തെ മസ്ജിദുല്‍ മുജാഹിദീന്‍ പളളിയില്‍ വെച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അന്നത്തെ വെള്ളിയാഴ്ച വിശ്വാസികള്‍ ബസ്റ്റാന്റില്‍ മുസല്ല വിരിച്ച് പ്രാര്‍ത്ഥിച്ചു. അങ്ങനെ ദുരന്തത്തില്‍ നാടൊന്നിച്ച കാഴ്ചയ്ക്കും കവളപ്പാറ സാക്ഷ്യം വഹിച്ചു.
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും സഹായഹസ്തങ്ങള്‍ നിലമ്പൂരിലേക്ക് ഒഴുകിയെത്തി. ഉരുള്‍പൊട്ടലിന് പുറമെ ചാലിയാര്‍ കരകവിഞ്ഞൊഴുകി പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
Content Highlight: first anniversary of kavalappara landslide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..