കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച ഒന്നാമത്തെയും മൂന്നാമത്തെയും പ്രതികള്‍ക്ക് തിരിച്ചടി. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

കേസിലെ രണ്ടാമത്തെ പ്രതി ഫാ. ജോസ് പുതൃക്കയിലിനെ തിരുവനന്തപുരത്തെ പ്രത്യേക സി ബി ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചുവെന്ന കേസിൽ ക്രൈം ബ്രാഞ്ച് മുന്‍ ഡി വൈ എസ് പി കെ ടി മൈക്കിളിനെ പ്രതിചേര്‍ത്ത നടപടിയും ഹൈക്കോടതി റദ്ദാക്കി.

ഫാ. ജോസ് പുതൃക്കയിലിനെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി നിരാകരിച്ചു. 

കേസില്‍നിന്ന് തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നേരത്തെ തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഫാ. തോമസ് എം കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ആവശ്യം തള്ളിയ കോടതി ഫാ. ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയെ സമീപിച്ചത്.