തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുക്കുന്നതിലൂടെ സ്വകാര്യ മേഖലയിലേക്കുള്ള ഏറ്റവും വലിയ കൈമാറ്റത്തിനു സംസ്ഥാനം സാക്ഷിയാകും. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

ധനസമാഹരണ പാക്കേജിന്റെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍.), ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്(എച്ച്.എല്‍.എല്‍.) എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.

സ്വകാര്യവഴിയേ ബി.ഇ.എം.എല്‍.

ആദ്യഘട്ടത്തില്‍ ബി.ഇ.എം.എല്‍. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുക. നിലവില്‍ 54 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍. ഇതില്‍ 26 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കം. 26 ശതമാനമാണെങ്കിലും ബി.ഇ.എം.എല്ലിന്റെ നിയന്ത്രണം പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ടാണ് ഓഹരിവില്‍പ്പനയെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ബെംഗളൂരു, മൈസൂരു, കോളാര്‍ഖനി, പാലക്കാട് യൂണിറ്റുകളാണ് ബി.ഇ.എം.എല്ലിനുള്ളത്. വിറ്റഴിക്കലിനായി താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ നാലെണ്ണം ഇന്ത്യന്‍ കമ്പനികളും രണ്ടെണ്ണം വിദേശ കമ്പനികളുമാണ്. റെയില്‍വേ കോച്ചുകള്‍, മെട്രോ കോച്ചുകള്‍, പ്രതിരോധവിഭാഗത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ നിര്‍മിക്കുന്നത്. കാര്യക്ഷമത കുറഞ്ഞതും ഈ മേഖലയില്‍ പരിചയമില്ലാത്തതുമായ കമ്പനികളാണ് ഇപ്പോള്‍ താത്പര്യം അറിയിച്ചുവന്നതെന്ന് ബി.ഇ.എം.എല്‍. എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ് പറഞ്ഞു.

എച്ച്.എല്‍.എല്ലും പട്ടികയില്‍

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, നിലവില്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ലെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള നൂറുശതമാനം ഓഹരികളും കൈമാറാനാണ് നീക്കം. 1440 ജീവനക്കാരാണ് എച്ച്.എല്‍.എല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

എച്ച്.എന്‍.എല്‍. അല്ല പേപ്പര്‍ േപ്രാഡക്ട്‌സ് ലിമിറ്റഡ്

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരള പേപ്പര്‍ േപ്രാഡക്ട്‌സ് ലിമിറ്റഡ് എന്നപേരിലാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക. ഇതിനായി സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചുകഴിഞ്ഞു. ആകെയുള്ള 700 ഏക്കറില്‍ മുന്നൂറ് ഏക്കറില്‍ കേരള പേപ്പര്‍ േപ്രാഡക്ട്‌സും 400 ഏക്കറില്‍ കിന്‍ഫ്രയുടെ റബ്ബര്‍പാര്‍ക്കുമാണ് ആരംഭിക്കുക.

Content Highlights: first airport in kerala- largest transfer to the private sector-thiruvananthapuram airport